മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മകൾ കാതറീന തിഖ്‌നോവയെ വിവാഹമോചനം ചെയ്ത റഷ്യൻ കോടീശ്വരൻ കിറിൽ ഷാമലോവിന് ഒരു മാസം കൊണ്ട് നഷ്ടമായത് പകുതിയിലേറെ സ്വത്ത്. കാതറീനയുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ കിറിലിന്റെ ബിസിനസ് ബന്ധങ്ങൾക്ക് പുടിൻ കടിഞ്ഞാണിട്ടതോടെയാണ് ഈ അവസ്ഥ വന്നത്. വിവാഹ മോചനം നടന്നത് 35 ദിവസത്തിനിടെ 3180 കോടി രൂപയാണ് ഷാമലോവിന് ഒറ്റയടിക്ക് നഷ്ടമായത്.

വിവാഹ മോചനത്തോടെ റഷ്യയിലെ പ്രധാന എണ്ണക്കമ്പനികളിലൊന്നായ സൈബുറിലുണ്ടായിരുന്ന ഉന്നതപദവിയും ഷാമലോവിനു നഷ്ടമായി. 130 കോടി അമേരിക്കൻ ഡോളർ (8268 കോടി രൂപ) സ്വത്ത് ഉണ്ടായിരുന്ന കിറിലിന്റെ സ്വത്ത് 80 കോടി ഡോളറായി കുറഞ്ഞു.

2013ൽ ആണു കാതറീനയെ ഷാമലോവ് സെന്റ് പീറ്റേഴ്‌സ് ബർഗിൽ നടന്ന പകിട്ടേറിയ ചടങ്ങിൽ വിവാഹം ചെയ്തത്. പുടിന്റെ വലംകയ്യായിരുന്ന നിഖോലായ് ഷാമലോവിന്റെ മകനാണു കിറിൽ. റഷ്യയുടെ ഭാവി രാജ്ഞി പുടിന്റെ ആദ്യഭാര്യയായ ല്യൂഡ്മില പുടിനിൽ ജനിച്ച കാതറീന റഷ്യയിലെ അറിയപ്പെടുന്ന അക്രോബാറ്റിക്‌സ് നർത്തകിയാണ്. പുട്ടിന്റെ ഡാൻസിങ് ഡോട്ടർ എന്നാണ് കാതറീന അറിയപ്പെട്ടത്.

പുടിൻ തന്റെ പിൻതുടർച്ചാവകാശിയായി വളർത്തിക്കൊണ്ടു വരുന്നതു സംരംഭകയായ ഈ മുപ്പത്തിയൊന്നുകാരിയെയാണെന്നു കരുതപ്പെടുന്നു. പുട്ടിന്റെ പൊന്നുമോളെ ഉപേക്ഷിക്കാനുള്ള തീരുമാനം കിറിൽ കൈക്കൊണ്ട ഏറ്റവും കടുത്ത തീരുമാനം ആകുമെന്നത് ഉറപ്പാണ്. കാതറീനയുമായുള്ള വിവാഹശേഷമാണ് ഷാമലോവ് റഷ്യയിലെ പ്രമുഖ വ്യവസായിയായി വളർന്നത്. ഇതിന് പിന്നിൽ പുടിന്റെ ഇടപെടലാണെന്ന ആരോപണങ്ങളും വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു.

ബ്രിട്ടനിൽ സ്ഥിരവാസമുറപ്പിച്ച ഴാന വാൽക്കോവ എന്ന മോഡലുമായി ഷാമലോവിന് ഉടലെടുത്ത ബന്ധമാണു വിവാഹമോചനത്തിനു കാരണമായതെന്നു സംശയിക്കപ്പെടുന്നു. സമ്മിശ്രപ്രതികരണമാണു വിവാഹമോചനത്തിനു റഷ്യയിൽ ലഭിക്കുന്നത്. ഷാമലോവിനു ഇരുമ്പിന്റെ ചങ്കാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. ഇപ്പോഴും ജീവിച്ചിരിക്കുന്നതിന് എല്ലാ ദൈവങ്ങളോടും നന്ദി പറയണമെന്നു മറ്റൊരു പ്രതികരണം.