കൊച്ചി: പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിന് ഉത്തരവാദികൾ ക്ഷേത്ര ഭാരവാഹികൾ തന്നെയെന്നു ഹൈക്കോടതി. പൊലീസിന്റെയും ഭരണകൂടത്തിന്റെയും തലയിൽ ഉത്തരവാദിത്വം കെട്ടിവയ്ക്കണ്ടെന്നും കോടതി വിമർശിച്ചു.

ക്ഷേത്ര ഭാരവാഹികൾക്ക് ജാമ്യം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ദുരന്തത്തിന്റെ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും പൊലീസിനും ആണെന്ന വാദമാണ് ക്ഷേത്രഭാരവാഹികൾ കോടതിയിൽ ഉന്നയിച്ചത്.

വെടിക്കെട്ടിന് അനുമതിയില്ലെന്ന കാര്യം ജില്ലാഭരണകൂടം പൊലീസിനെ അറിയിച്ചില്ലെന്നും വെടിക്കെട്ട് നടന്ന സ്ഥലത്ത് പൊലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നുമുള്ള ക്ഷേത്ര ഭാരവാഹികളുടെ വാദം കോടതി തള്ളി. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനാൽ ക്ഷേത്ര ഭാരവാഹികൾക്ക് ഇപ്പോൾ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കരാറുകാരന് ലൈസൻസ് ഉണ്ടായിരുന്നെന്നും നടന്നത് മത്സരക്കമ്പം അല്ലെന്നുമുള്ള വാദവും കോടതി അംഗീകരിച്ചില്ല. അതിനിടെ, ക്ഷേത്രഭാരവാഹികളായ രണ്ടു പേർകൂടി ഇന്ന് അറസ്റ്റിലായി.