രവൂരിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് ഓം ഹിന്ദുക്രാന്തി ആർഎസ്എസ് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട്. നേരത്തെ പരവൂരിൽ വെടിക്കെട്ട് ദുരന്തമുണ്ടായ സമയത്ത് ഇത് സ്ഫോടനമാണെന്നും, ഇതിനു പിന്നിൽ സിപിഐഎമ്മും, മുസ്ലിം തീവ്രവാദികളാണെന്നുമുള്ള രീതിയിൽ ഈ അക്കൗണ്ട് വഴി വ്യാജപ്രചരണം നടന്നിരുന്നു സംഭവം വിവാദമാവുകയും വർഗീയ മുതലെടുപ്പിനു ശ്രമം നടക്കുന്നുവെന്നും ആരോപണമുയർന്നിരുന്നു.

തുടർന്ന് ട്വിറ്ററിൽ നിന്നും ഈ പേരിലുള്ള അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു. ഇപ്പോൾ Shankhanaad ?@Jaikrishnashree എന്ന പേരിലാണ് ഈ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കൊല്ലം ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റിൽ പശ്ചാത്താപമുണ്ടെന്നും, വെബിൽ നിന്നും ലഭിച്ച തെറ്റായ വിവരങ്ങൾ അശ്രദ്ധമായ രീതിയിൽ ട്വീറ്റ് ചെയ്യുകയായിരുന്നെന്നുമാണ് വിശദീകരണം. കൊല്ലം ദുരന്തവുമായി ബന്ധപ്പെട്ട ട്വീറ്റിൽ ക്ഷമ ചോദിക്കുന്നു, അതിന്റെ പ്രാധാന്യം മനസിലാക്കാത്തത് എന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ്, അത് തീർത്തും തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു, ഒരു പാർട്ടിക്കും മതത്തിനും എതിരെ ലക്ഷ്യമിട്ടായിരുന്നില്ല എന്റെ ട്വീറ്റ്, നെറ്റ് കണക്ഷൻ നഷ്ടപ്പെട്ടതിനാൽ എനിക്ക് തെറ്റ് തിരുത്താൻ കഴിഞ്ഞില്ല, ആദരണീയരായ മുസ്ലിം സമൂഹത്തോട് ഞാൻ ക്ഷമ ചോദിക്കുന്നു എന്നിങ്ങനെ മാപ്പുചോദിച്ചുകൊണ്ടുള്ള അനവധി ട്വീറ്റുകളാണ് പുതിയ അക്കൗണ്ടിൽ നിരത്തിയിരിക്കുന്നത്.

ആർഎസ്എസിനെയും ബിജെപിയെയും മോശമായി ചിത്രീകരിക്കാൻ ചില മാദ്ധ്യമങ്ങൾ മനഃപൂർവ്വം ശ്രമിക്കുന്നുവെന്നും അവർ സൃഷ്ടിച്ചതാണ് ഈ അക്കൗണ്ടെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ 2013 മുതൽ ട്വിറ്ററിലുള്ള ഈ അക്കൗണ്ടിനെ ബിജെപിയിലെ പല പ്രമുഖരും ട്വീറ്റുകളിൽ ടാഗ് ചെയ്തിരുന്നതായി കണ്ടെത്തിയതോടെ ആ വാദം പൊളിയുകയായിരുന്നു.