കോഴിക്കോട്: നിലമ്പൂർ എംഎ‍ൽഎ. പി.വി.അൻവറിന്റെ ഭൂമി ഇടപാടുകളുടെ കൂടുതൽ രേഖകൾ പുറത്തായി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ കാണിച്ചിട്ടുള്ള ഭൂമിയിൽ മിക്കതിനും അദ്ദേഹം നികുതി ഒടുക്കുന്നില്ലെന്ന് തൃക്കലങ്ങോട് വില്ലേജ് ഓഫീസിൽ നിന്ന ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

തന്നേയുമല്ല തന്റെ കൈവശമെന്ന് ഇദ്ദേഹം സത്യവാങ്മൂലത്തിൽ പറഞ്ഞ പല ഭൂമിയും മറ്റ് വ്യക്തികളുടെ കൈവശമാണെന്നും വിവരാവകാശ രേഖയിൽ പറയുന്നു. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ പ്രവർത്തകനായ പെരിന്തൽമണ്ണയിലെ ലോഹിതാക്ഷന് തൃക്കലങ്ങോട് വില്ലേജ് ഓഫീസിൽ നിന്നു ലഭിച്ച രേഖയിലാണ് എംഎ‍ൽഎ. യുടെ കൂടുതൽ നിയമ ലംഘനങ്ങൾ വ്യക്തമാവുന്നത്.

2011, 2014, 2016 വർഷങ്ങളിൽ സമർപ്പിച്ച മൂന്ന് സത്യവാങ്മൂലങ്ങളിലും, തൃക്കലങ്ങോട് വില്ലേജിലെ 62/241 സർവ്വേ നമ്പറിൽ 199.782 ഏക്കർ ഭൂമി തന്റെ പേരിലുള്ളതായി ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വില്ലേജ് ഓഫീസിൽ നിന്ന ലോഹിതാക്ഷന് ലഭിച്ച വിവരാവകാശ രേഖയിൽ, ഈ സർവ്വേ നമ്പറിൽ 45.56 ഏക്കർ (18.4200 ഹെക്ടർ) ഭൂമി മാത്രമേയുള്ളൂ എന്നും, 2017ഫ18 സാമ്പത്തിക വർഷത്തിൽ അദ്ദേഹം 6.49 ഏക്കർ ഭൂമിക്കു മാത്രമേ നികുതി ഒടുക്കിയിട്ടുള്ളൂ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

തന്നേയുമല്ല, 377 നമ്പർ തണ്ടപ്പേരിലുള്ള ഈ ഭൂമിയിൽ ബാക്കി വരുന്നവ, ചൂണ്ടയിൽ ജോൺ ഫ്രാൻസിസ്, കമലാ ചന്ദ്രൻ, എൽസി സ്ഫടികം, തെമീന കൃപ റാവു, എബി ഫ്രാൻസിസ് എന്നിവരുടെ ഉടമസ്ഥതയിലാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. എംഎ‍ൽഎ. സത്യവാങ്മൂലത്തിൽ ഈ ഭൂമിയിലെ ഒരുഭാഗം കാർഷിക ഭൂമിയായാണ് കാണിച്ചിട്ടുള്ളത്. എന്നാൽ വിവരാവകാശ രേഖയിൽ ഇത് കാർഷികേതരഭൂമിയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വില്ലേജ് ഓഫീസിലെ നികുതി ഒടുക്കു രജിസ്റ്റർ പ്രകാരം 201718 സാമ്പത്തിക വർഷത്തിലെ ഭൂനികുതി ഒടുക്കിയത് 27.04.17നാണെന്നും, അതുപ്രകാരം എംഎ‍ൽഎ. യുടെ പേരിൽ മൂന്നു ഭാഗങ്ങളായി 0.2894, 0.3307, 2.0114 ഹെക്ടർ വീതം ഭൂമിയുണ്ടെന്നുമാണ് പറയുന്നത്. എന്നാൽ, വിവരാവകാശ മറുപടിയിൽ 2.0114 അളവിൽ നികുതി ഒടുക്കിയ ഭൂമിയുടെ അളവ് 0.0114 എന്ന് കുറച്ചാണ് കാണിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ ഭൂമിയിടപാടുകൾ ദുരൂഹമാണെന്നാണ് ഇവ വ്യക്തമാക്കുന്നത്.

മൂന്നു തവണ സമർപ്പിച്ച സത്യവാങ്മൂലങ്ങളും, രേഖകൾ ഒത്തുനോക്കി 62/241 എന്ന സർവ്വേ നമ്പറിൽ 199.782 ഏക്കർ ഭൂമി ഇദ്ദേഹത്തിന്റെ പേരിലുണ്ടെന്ന് നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. അങ്ങിനെയെങ്കിൽ, നോട്ടറിയെ കാണിച്ച് സാക്ഷ്യപ്പെടുത്തിയത് കൃത്രിമ രേഖയാണെന്ന് അനുമാനിക്കേണ്ടി വരും. ഇത് ഗുരുതരമായ ക്രമിനൽ കുറ്റമാണ്.സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയ നോട്ടറി പബ്ലിക്കും എംഎ‍ൽഎ.യും ഇക്കാര്യത്തിൽ ക്രിമിനൽ നടപടി നേരിടേണ്ടിവരും.

എംഎ‍ൽഎ. ക്കു വേണ്ടി നടക്കുന്ന പ്രചാരണങ്ങളിൽ, തൃക്കലങ്ങോട് വില്ലേജിൽ 62/243 സർവ്വേ നമ്പറിൽ 2009ൽ വാങ്ങിയ 20.18 സെന്റ് ഭൂമി മാധ്യമങ്ങൾ 201 ഏക്കറായി തെറ്റായി വ്യാഖ്യാനിക്കുന്നു എന്ന ആരോപണമാണ് പ്രധാനമായും ഉന്നയിക്കുന്നത്. ഈ ന്യായീകരണത്തിനും സാധുതയില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ട്. 2009ൽ ഈ സർവ്വേ നമ്പറിലെ ഭൂമി അദ്ദഹം വാങ്ങിയിട്ടുണ്ടെങ്കിൽ 2011, 2014, 2016 വർഷങ്ങളിൽ എംഎ‍ൽഎ. സമർപ്പിച്ച സത്യവാങ്മൂലങ്ങളിലൊന്നും ഈ സർവ്വേ നമ്പറിൽ ഭൂമിയുള്ളതായി വ്യക്തമാക്കിയിട്ടേയില്ല. അങ്ങിനെയെങ്കിൽ, ഈ ഭൂമിയുടെ വിവരവും സത്യവാങ്മൂലങ്ങളിൽ നിന്നു മറച്ചുവെച്ചു എന്ന് അനുമാനിക്കേണ്ടി വരും.

തുഛമായ അഡ്വാൻസ് നൽകി, പിന്നീട് ഭൂ ഉടമകളെ ഭീഷണിപ്പെടുത്തിയാണ് എംഎ‍ൽഎ. ഇത്രയും ഭൂമി സ്വന്തമാക്കിയിട്ടുള്ളത് എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഈ ആരോപണം ശരിവെക്കുന്നതാണ് പുതുതായി ലഭ്യമായ വിവരാവകശ രേഖകൾ വ്യക്തമാക്കുന്നത്. ഇത്രയും ഗുരതരമായ ആരോണങ്ങൾ ഉയർന്നിട്ടും എംഎ‍ൽഎ. സ്വന്തം നിലയ്ക്ക് ഒരു വിശദീകരണവും നൽകുന്നില്ല എന്നതും ദുരൂഹമാണ്.