- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിവി അൻവർഎംഎൽഎ പ്രതിയായ 50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസന്വേഷണത്തിന്റെ മേൽനോട്ടം മഞ്ചേരി സിജെഎം കോടതി ഏറ്റെടുത്തു; ക്രൈം ബ്രാഞ്ച് റിപ്പോർട്ട് തള്ളിയത് സർക്കാരിന് തിരിച്ചടി; എല്ലാ രണ്ടാഴ്ചയും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം
മലപ്പുറം: കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറുടെ 50 ലക്ഷം രൂപ പി.വി അൻവർ എംഎൽഎ തട്ടിയെടുത്തെന്ന കേസിലെ ക്രൈം ബ്രാഞ്ച് അന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ മേൽനോട്ടത്തിലാക്കി സി.ജെ.എം എസ്. രശ്മി ഉത്തരവിട്ടു.
ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അൻവർ എംഎൽഎയെ അറസ്റ്റു ചെയ്യുകയോ ക്രഷർ സംബന്ധമായ രേഖകൾ കണ്ടെടുക്കുകയോ ചെയ്യാതെ വ്യാജരേഖകൾ ചമച്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരൻ മലപ്പുറം നടുത്തൊടി സ്വദേശി സലീം സമർപ്പിച്ച ഹരജിയിലാണ് നടപടി.
കേസിൽ ഇതുവരെ നടത്തിയ അന്വേഷണ റിപ്പോർട്ട് 26ന് കോടതിയിൽ സമർപ്പിക്കാനും തുടർന്ന് എല്ലാ രണ്ടാഴ്ചയും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തോട് കോടതി നിർദ്ദേശിച്ചു. 2018ന് ശേഷം ക്രഷർ യൂണിറ്റും പരിസരത്തെ സ്ഥലവും പി.വി അൻവറിന്റെ പേരിൽ ഉള്ളതായി തെളിവു ലഭിച്ചിട്ടുണ്ടെന്നും സലീം അൻവറിന് പണം കൈമാറിയ സമയത്ത് അൻവറിന്റെ പേരിൽ വസ്തുക്കൾ ഉണ്ടായിരുന്നോ എന്നതിൽ തെളിവ് ലഭിച്ചില്ലെന്നും അന്വേഷണം പൂർത്തീകരിക്കാൻ ഇനിയും കൂടുതൽ സമയം തേടിയുള്ള വിചിത്ര റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്പി പി. വിക്രമൻ കോടതിയിൽ സമർപ്പിച്ചത്.
പണം വാങ്ങുന്ന സമയത്ത് ക്രഷറും സ്ഥലവും അൻവറിന്റെ ഉടമസ്ഥതയിലല്ലെന്ന് രേഖകൾ സഹിതം സലീം കോടതിയെ ബോധിപ്പിച്ചു. അന്വേഷണം പുരോഗമിക്കുന്നില്ലെന്നും പ്രതിയായ എംഎൽഎയെ ചോദ്യം ചെയ്യാനോ അറസ്റ്റു ചെയ്യാനോ തയ്യാറാകാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും അറിയിച്ചു. ഇതോടെ ഡിവൈ.എസ്പിയുടെ റിപ്പോർട്ട് തള്ളിയാണ് കേസന്വേഷണത്തിന്റെ മേൽനോട്ടം കോടതി ഏറ്റെടുത്തത്.
കർണാടയിലെ ബൽത്തങ്ങാടി താലൂക്കിൽ തണ്ണീർപന്തൽ പഞ്ചായത്തിലെ മാലോടത്ത് കരായ എന്ന സ്ഥലത്ത് കെ.ഇ സ്റ്റോൺസ് ആൻഡ് ക്രഷർ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നൽകിയാൽ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നൽകാമെന്നും പറഞ്ഞാണ് അൻവർ സലീമിൽ നിന്നും 50 ലക്ഷം തട്ടിയെടുത്തത്. തട്ടിപ്പു സംബന്ധിച്ച് സലീം അന്നത്തെ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നൽകിയിരുന്നു.
നടപടിയില്ലാതായതോടെ മഞ്ചേരി പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് എംഎൽഎക്കെതിരെ കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് 2017ൽ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജീസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിനെ തുടർന്ന് ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പിൽ വഞ്ചനാക്കുറ്റമാണ് പി.വി അൻവറിനുമേൽ മഞ്ചേരി പൊലീസ് ചുമത്തിയത്. എന്നാൽ തട്ടിപ്പുകേസ് സിവിൽകേസാക്കി മാറ്റാനും പൊലീസ് ശ്രമം നടത്തി.
ഇതോടെ പൊലീസ് കേസ് അട്ടിമറിക്കുകയാണെന്നു കാണിച്ച് സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എംഎൽഎ പ്രതിയായ കേസ് പൊലീസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഗൗരവത്തിലെടുത്ത ഹൈക്കോടതി 2018 നവംബർ 13 -നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് എഡിജിപി യെ ചുമതലപ്പെടുത്തുകയും മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.വി അൻവർ എംഎൽഎ റിവ്യൂ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും റിവ്യൂ ഹർജി തള്ളിക്കൊണ്ട് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാൻ 2018 ഡിസംബർ അഞ്ചിന് വീണ്ടും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവു വന്ന് രണ്ടര വർഷം കഴിഞ്ഞിട്ടും അൻവറിനെം അറസ്റ്റു ചെയ്യാനോ ക്രഷർ സംബന്ധിച്ച രേഖകൾ കസ്റ്റഡിയിലെടുക്കാനോ ക്രൈം ബ്രാഞ്ച് തയ്യാറായില്ല. ദുബായിൽ പെട്രോളിയം എൻജിനീയറായ സലീം ആറു തവണയാണ് നാട്ടിലെത്തി അന്വേഷണസംഘത്തിന് മൊഴി നൽകുകയും തെളിവുകൾ സമർപ്പിക്കുകയും ചെയ്തത്.
പ്രതിയായ പി.വി അൻവർ വിദേശത്തായതിനാൽ മൊഴിയെടുക്കാൻ സാധിച്ചില്ലെന്ന് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്പി റിപ്പോർട്ട് നൽകിയും നേരത്തെ വിവാദമായിരുന്നു. പി.വി അൻവർ എംഎൽഎക്കെതിരായ സാമ്പത്തിക തട്ടിപ്പു കേസിന്റെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാക്കിയത് സർക്കാരിനും തിരിച്ചടിയാവുകയാണ്.
സാമ്പത്തിക തട്ടിപ്പുകേസിൽ കഴിഞ്ഞ പിണറായി സർക്കാർ അന്നത്തെ എംഎൽഎയായിരുന്ന എം.സി കമറുദ്ദീനെ അറസ്റ്റു ചെയ്തപ്പോൾ തട്ടിപ്പുകേസിൽ പ്രതിയായ പി.വി അൻവറിനെ സംരക്ഷിക്കുകയായിരുന്നെന്ന ആരോപണവും ഉയർന്നിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്