മലപ്പുറം: പി.വി അൻവർ എംഎ‍ൽഎ പ്രവാസിയുടെ 50ലക്ഷം രൂപ തട്ടിയ കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവ്. കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയ കേസിൽ പി.വി അൻവർ എംഎ‍ൽഎയുടെ അറസ്റ്റ് ഒഴിവാക്കാൻ കേസ് സിവിൽ സ്വഭാവമാണെന്നു കാണിച്ച്് ക്രൈം ബ്രാഞ്ച് സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ട് തള്ളിയ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

തട്ടിപ്പിനിരയായ മലപ്പുറം സ്വദേശി നടുത്തൊടി സലീമിനെ വഞ്ചിക്കാൻ പി.വി അൻവറിന് ഉദ്ദേശ്യമില്ലായിരുന്നെന്ന് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ ശരിയല്ലെന്നു വ്യക്തമാക്കിയാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ടേറ്റ് എസ്. രശ്മി അന്വേഷണ റിപ്പോർട്ട് തള്ളിയത്. ക്രഷറിന്റെ ഉടമസ്ഥാവകാശം പി.വി അൻവറിനാണെന്ന് തെളിയിക്കുന്നതടക്കമുള്ള ഒരു രേഖകളും ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞില്ലെന്നും കോടതി വിലയിരുത്തി.

മംഗലാപുരം ബൽത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കർഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി.വി അൻവർ പ്രവാസി എൻജിനീയർ നടുത്തൊടി സലീമിൽ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തത്. പി.വി അൻവർ എംഎ‍ൽഎ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി നേരത്തെ കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി പി. വിക്രമനാണ് ഒടുവിൽ കേസ് സിവിൽ സ്വഭാവമുള്ളതെന്ന് മലക്കംമറിഞ്ഞ് അന്തിമറിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ എംഎ‍ൽഎയെ ചോദ്യം ചെയ്യാൻപോലും തയ്യാറാകാതെ സമർപ്പിച്ച ഈ റിപ്പോർട്ടാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ടേറ്റ് തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന സർക്കാരിനും പി.വി അൻവർ എംഎ‍ൽഎക്കും കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.

വഞ്ചനാകുറ്റത്തിന് ഐ.പി.സി 420 പ്രകാരം ജാമ്യമില്ലാവകുപ്പിൽ ഏഴു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് അൻവറിനെതിരെ ചുമത്തിയിരുന്നത്. കേസിൽ എംഎ‍ൽഎയെ അറസ്റ്റു ചെയ്യേണ്ടിവരുമെന്ന ഘട്ടത്തിലാണ് ക്രൈം ബ്രാഞ്ച് കേസ് സിവിൽ സ്വഭാവമെന്ന് റിപ്പോർട്ട് നൽകിയത്.
സലീമിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 50,000 രൂപയുടെ ചെക്ക് ഡെൽമ കമ്പനിയുടെ പേരിൽ നൽകിയത് കരാറിലെ ലാഭ വിഹിതമാണെന്ന വാദവും കോടതി തള്ളി. ഇതല്ലാതെ ഒരു തുകയും പരാതിക്കാരന് നൽകിയതായുള്ള ഒരു രേഖയും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ഇത് ലാഭവിഹിതമായി കണക്കാക്കാനാവില്ലെന്നും കോടതി വിലയിരുത്തി. പരാതിക്കാരനുവേണ്ടി അഡ്വ. അബ്ദുൽ റാഖിബ് ഹാജരായി.

ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച 11 പേജുള്ള റിപ്പോർട്ടിൽ എംഎ‍ൽഎയെ ചോദ്യം ചെയ്തതായോ മൊഴി രേഖപ്പെടുത്തിയതായോ പറഞ്ഞിരുന്നില്ല. പരാതിക്കാരനായ നടുത്തൊടി സലീമിൽ നിന്നും ക്രഷർ ബിസിനസിൽ പങ്കാളിത്തത്തിനായി 50 ലക്ഷം വാങ്ങിയെന്ന് പി.വി അൻവർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കേസന്വേഷണ സമയത്ത് പൊലീസിനോട് സമ്മതിച്ചുവെന്നുമാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലുള്ളത്.

സിപിഎം സഹയാത്രികനായ സലീം എംഎ‍ൽഎയുടെ തട്ടിപ്പ് സംബന്ധിച്ച് ആദ്യം പരാതി നൽകിയത് 2017 ഫെബ്രുവരി 17ന് എ.കെ.ജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. പാർട്ടി നേതൃത്വം ഇടപെട്ട് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലടക്കം ചർച്ച നടത്തിയിട്ടും പണം കിട്ടാഞ്ഞതോടെ മഞ്ചേരി പൊലീസിൽ പരാതി നൽകി. എംഎ‍ൽഎക്കെതിരെ പരാതിയിൽ പൊലീസ് അനങ്ങിയില്ല. ഇതോടെ തെളിവുകൾ സഹിതം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയാണ് കേസ് എടുത്ത് അന്വേഷണം നടത്താൻ മഞ്ചേരി പൊലീസിനോട് ഉത്തരവിട്ടത്. എംഎ‍ൽഎയെ രക്ഷിക്കാൻ കേസ് സിവിൽ സ്വഭാവമുള്ളതെന്നാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനെതിരെ സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മഞ്ചേരി പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഹൈക്കോടതി എംഎ‍ൽഎ പ്രതിയായ ഗുരുതരമായ സ്വാമ്പത്തിക തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ ഉത്തരവിട്ടത്.

തന്റെ വാദം കേൾക്കാതെയാണ് ഉത്തരവെന്നു കാണിച്ച് പി.വി അൻവർ എംഎ‍ൽഎ സമർപ്പിച്ച പുനപരിശോധനാഹർജി തള്ളി ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാൻ ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം അന്വേഷണം ആരംഭിച്ച ക്രൈം ബ്രാഞ്ച് പി.വി അൻവർ വിദേശത്തായതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം നാട്ടിലെത്തുന്ന മുറക്ക് ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചതും നേരത്തെ വിവാദമായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നുവെന്ന പരാതിയിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പിയുടെ റിപ്പോർട്ട്. എംഎ‍ൽഎ നിയമസഭാ സമ്മേളനത്തിലും പൊതുപരിപാടികളും പങ്കെടുക്കുന്ന സമയത്തായിരുന്നു വിദേശത്തായിരുന്നുവെന്ന റിപ്പോർട്ട് നൽകിയത്.

ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അൻവർ എംഎ‍ൽഎയെ അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയായിരുന്നു. ഇതോടെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ സലീം സമർപ്പിച്ച ഹരജിയിലാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ മേൽനോട്ടത്തിലാക്കുകയായിരുന്നു.

ക്രഷറും ഇത് സ്ഥിതിചെയ്യുന്ന 26 ഏക്കർഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി.വി അൻവർ പണം വാങ്ങി വഞ്ചിച്ചത്. എന്നാൽ ക്രഷർ സർക്കാരിൽ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിന് കൈമാറിയതെന്നുമാണ് ക്രഷറിന്റെ മുൻ ഉടമസ്ഥനായിരുന്ന ഇബ്രാഹിമിന്റെ മൊഴി. പി.വി അൻവർ കരാറിൽ സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടിയതുമാണ് ക്രഷർ എന്ന് പറയുന്നതും ക്രഷർ പാട്ടഭൂമിയിലുള്ളതാണെന്നു വ്യക്തമാക്കാത്തതും പ്രഥമ ദൃഷ്ട്യാ വഞ്ചനയാണെന്നാണ് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി സെപ്റ്റംബർ 30ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

ഈ റിപ്പോർട്ടിന് കടകവിരുദ്ധമായാണ് കേസ് സിവിൽ സ്വഭാവമാണെന്ന അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ക്രഷർ സ്ഥിതി ചെയ്യുന്ന കർണാടക സർക്കാർ ഭൂമിയിൽ എംഎ‍ൽഎക്ക് പട്ടയ അവകാശമുണ്ടെന്ന വിചിത്രവാദവും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത് തെളിയിക്കുന്ന ഒരു രേഖയും റിപ്പോർട്ടിൽ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി തന്നെ വിലയിരുത്തി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽപോലും കർണാടകയിലെ ഭൂമിയിൽ തനിക്ക് പാട്ടാവകാശം മാത്രമാണെന്നാണ് എംഎ‍ൽഎപോലും അവകാശപ്പെട്ടത്. എംഎ‍ൽഎ ഉന്നയിക്കാത്ത വാദം പോലും ഉയർത്തിയാണ് ക്രൈം ബ്രാഞ്ച് അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിച്ചത്. കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടതോടെ പൊളിയുന്നത് എംഎ‍ൽഎ അറസ്റ്റിൽ നിന്നും രക്ഷിക്കാനുള്ള നീക്കമാണ്.

മേൽ കേസിന്റെ നാൾ വഴികൾ പരാതിക്കാരനിലൂടെ

30-11-2011 , 17-02-2012 തീയതികളിലായി 50 ലക്ഷം രൂപ പി. വി അൻവർ കൈപറ്റി. കെ ഈ സ്റ്റോൺ ക്രഷർ എന്ന സ്ഥാപനവും അതിനോടനുബബന്ധിച്ചുള്ള 26 എക്കർ ഭൂമിയും ക്രയവിക്രയാവകാശം ഉണ്ടെന്നും അതിന്റെ പത്തു ശതമാനം ഓഹരിക്കായുള്ള കരാർ ഒപ്പിട്ടാണ് പണം ഈടാക്കിയത്. മാസം തോറും ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ളതാണ് കരാർ. സ്ഥാപനത്തിന്റെ രേഖകൾ സംബന്ധിച്ചും ഉടമസ്താവകാശം സംബന്ധിച്ചും സംശയം തോന്നി അന്വേഷിച്ചപ്പോൾ വഞ്ചിച്ചു പണം തട്ടിയതാണെന്നു ബോധ്യമായി . 2016 വരെ പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരിച്ചുതന്നു പ്രശ്നം പരിഹരിക്കാൻ തയ്യാറായില്ല. 2016 തെരഞ്ഞെടുപ്പ് കഴിഞ്ഞു തിരിച്ചു തരാമെന്നു വാക്കാൽ പറഞ്ഞു.

2017 ഫെബ്രുവരി 17നു സിപിഎം ജനറൽ സെക്രട്ടറിയെ നേരിൽ കണ്ടു സഹായം തേടിയിട്ടും ഫലമുണ്ടായില്ല.

മഞ്ചേരി സിജെഎം കോടതിയിൽ പരാതി നൽകിയ പ്രകാരം 20-12-17-നു കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്താൻ ഉത്തരവുണ്ടായി.

21-12-2017-നു മഞ്ചേരി പൊലീസ് 588/17 നമ്പറിൽ 420 വകുപ്പ് പ്രകാരം എഫ്.ഐ.ആർ ഇട്ടു അന്വേഷണം ആരംഭിച്ചു. സി ഐ ഷൈജു അന്വേഷിച്ച കേസ്
05-11-2018-നു സിജെഎം കോടതിയിൽ സിവിൽ സ്വഭാവത്തിൽ ഉള്ളതെന്ന് റിപ്പോർട്ട് ചെയ്തു.

അതിനകം ബഹു : ഹൈക്കോടതിയിൽ അന്വേഷണത്തിലെ ക്രമക്കേടുകൾ കാണിച്ചുകൊണ്ട് പരാതിക്കാരൻ റിട്ട ഫയൽ ചെയ്തു. അത് അനുവദിച്ചു കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി 13-11-2018-നു ഉത്തരവുണ്ടായി . സംസ്ഥാന പൊലീസ് മേധാവി 14-11-2018-നു മലപ്പുറം ക്രൈം ബ്രാഞ്ചിന് അന്വേഷണ ചുമതല നൽകി.
പീ വീ അൻവർ നൽകിയ റിവ്യൂ പെറ്റീഷൻ 05-12-2018-നു ഹൈക്കോടതി തള്ളി .

11-12-2018-നു മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി ജസ്റ്റിൻ എബ്രഹാം അന്വേഷണത്തിന് നിയോഗിക്കപ്പെട്ടു.

അന്വേഷണത്തിലെ ക്രമക്കേടുകൾ ഉന്നത പൊലീസ് മേധാവികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും വാസ്തവ വിരുദ്ധമായ റിപോർട്ടുകൾ പ്രതിയെ രക്ഷിക്കാനായി അന്വേഷണ സംഘം സമർപ്പിച്ചുകൊണ്ടിരുന്നു. കര്ണകയിലുള്ള കേസുമായി ബന്ധപ്പെട്ട സ്ഥാപനത്തെ സംബന്ധിച്ച് അധികൃതരിൽനിന്നു ലഭിച്ചതെന്ന് അവകാശപ്പെട്ടു അവാസ്തവമായ കാര്യങ്ങൾ ബഹു: മുഖ്യമന്ത്രിക്കും സമര്പിക്കുകയുണ്ടായി. അന്വേഷണം അകാരണമായി വൈകിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു.

മഞ്ചേരി സിജെഎം കോടതിയിൽ ഇത് സംബന്ധിച്ച് നൽകിയ പരാതിയെ തുടർന്ന് അന്വേഷണ സംഘത്തോട് കോടതി റിപ്പോർട്ട് തേടി. 11-08-2021-നു അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കാൻ ഉത്തരവുണ്ടായി. ഓരോ 15 ദിവസം കൂടുമ്പോഴും പുരോഗതി കോടതിയെ അറിയിക്കാൻ നിർദ്ദേശം നൽകി. കോടതിയുടെ മുമ്പിലും അടിസ്ഥാന വിരുദ്ധമായ കാര്യങ്ങളാണ് അന്വേഷണ സംഘം നൽകിക്കൊണ്ടിരുന്നതു.

കേസിനാസ്പദമായ സ്ഥാപനത്തിന്റെ ഉടമയിൽനിന്നു മൊഴിയെടുത്ത ശേഷം 30-09-2021-നു അന്വേഷണ സംഘം കോടതിയിൽ പി.വി അൻവർ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയിട്ടുള്ളതായി റിപ്പോർട്ട് ചെയ്തു.

കേസ് ഡയറി ഹാജരാക്കാൻ കോടതി ആവശ്യപ്പെടുകയും നവംബർ 30-നു അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.

കോടതിയിൽ അന്വേഷണ സംഘം ഡിസംബർ 31-നു ഫൈനൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അറിയിച്ചു.
ആ റിപ്പോർട്ടിൽ കേസ് സിവിൽ സ്വഭാവമുള്ളതാണെന്നു അന്വേഷണ സംഘം റിപ്പോർട്ട് നൽകി.

ഒരു തെളിവും രേഖയുമില്ലാതെ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നൽകിയ റിപ്പോർട്ടിന് പരാതിക്കാരൻ 20-01-2022-നു ഒബ്ജക്ഷൻ ഫയൽ ചെയ്തു. കേസിൽ പ്രതിക്ക് വഞ്ചന നടത്താൻ ഉദ്ദേശമില്ലായിരുന്നു എന്ന അന്വേഷണ സംഘത്തിന്റെ പരാമർശം കോടതി തള്ളുകയും റിപ്പോർട്ട് തിരിച്ചു നൽകി പുനരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തു .