- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്രഷർ വാങ്ങാൻ വാങ്ങിയത് 50 ലക്ഷം; ഒടുവിൽ ലാഭവിഹിതവുമില്ല പണവുമില്ല; കോടിയേരിക്ക് പരാതി കൊടുത്തിട്ട് കാര്യമില്ലാതെ വന്നപ്പോൾ കോടതിയിൽ എത്തി; ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്; നേതാവ് വിദേശത്തായതിനാൽ ചോദ്യം ചെയ്യാനായില്ലെന്ന വിചിത്ര റിപ്പോർട്ട് സമർപ്പിച്ച് ക്രൈംബ്രാഞ്ച്; സാമ്പത്തിക തട്ടിപ്പു കേസിൽ ലീഗ് എംഎൽഎയെ അറസ്റ്റ് ചെയ്തവർക്ക് അൻവറിനെ വിലങ്ങണിയിക്കാൻ പേടി; ഇടതു സർക്കാരിന്റെ ഇരട്ട നീതിയുടെ നിലമ്പൂർ വഞ്ചനാ കഥ
മലപ്പുറം: സമാനമായ സാമ്പത്തിക തട്ടിപ്പുകേസിൽ മുസ്ലിംലീഗ് എംഎൽഎയെ അറസ്റ്റ് ചെയ്തപ്പോൾ സ.പി.എം സ്വതന്ത്ര എംഎൽഎയയായ പി.വി.അൻവറിനെ സംരക്ഷിക്കുന്നതായി പണംനഷ്ടപ്പെട്ട ഇരയുടെ പരാതി. ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപതട്ടിപ്പിൽ ലീഗ് എംഎൽഎ എം.സി കമറുദ്ദീൻ എം.എൽ.യെ അറസ്റ്റു ചെയ്തപ്പോൾ കർണാടകയിൽ പാറമട ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് 50 ലക്ഷം തട്ടിയ കേസിലെ പ്രതിയായ സിപിഎം സ്വതന്ത്ര എംഎൽഎ പി.വി അൻവറിനെ മൂന്നു വർഷമായിട്ടും അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നതായി പരാതിക്കാരൻ മലപ്പുറം പട്ടർകടവ് നടുത്തൊടി സലീം ആരോപിച്ചു.
പി.വി അൻവർ എംഎൽഎ വിദേശത്തായതിനാൽ ചോദ്യം ചെയ്യാനായില്ലെന്ന വിചിത്ര റിപ്പോർട്ടാണ് കേസ് അന്വേഷിക്കുന്ന മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി കഴിഞ്ഞ വർഷം ഡിസംബർ 24ന് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് സമർപ്പിച്ചതെന്നും സലീം പറഞ്ഞു. മംഗലാപുരം ബൽത്തങ്ങാടി തണ്ണീരുപന്ത പഞ്ചായത്തിൽ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്റ്റോൺ ക്രഷർ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നൽകിയാൽ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നൽകാമെന്നും പറഞ്ഞാണ് അൻവർ നടുത്തൊടി സലീമിൽ നിന്നും 50 ലക്ഷം തട്ടിയെടുത്തത്. മറ്റൊരാൾ നടത്തിയിരുന്ന ക്രഷറും 26ഏക്കർ സ്ഥലവും തന്റേതാണെന്ന് വിശ്വസിപ്പിച്ചാണ് അൻവർ തട്ടിപ്പു നടത്തിയതെന്നുമാണ് കേസ്.
സിപിഎം അനുഭാവിയായി സലീം അൻവറിന്റെ സാമ്പത്തിക തട്ടിപ്പു സംബന്ധിച്ച് 2017 ഫെബ്രുവരി 17ന് എ.കെ.ജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ആദ്യം പരാതി നൽകിയത്. പ്രശ്നം പരിഹരിക്കാൻ കോടിയേരി സിപിഎം കേന്ദ്ര കമ്മിറ്റി് അംഗവും നിലവിലെ എൽ.ഡി.എഫ് കൺവീനറുമായ എ.വിജയരാഘവനേയും മലപ്പുറം ജില്ലാ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. പലതവണ ബന്ധപ്പെട്ടിട്ടും നേതാക്കളും കൈമലർത്തുകയായിരുന്നെന്ന് സലീം പറയുന്നു. പൊലീസിൽ രേഖാമൂലം പരാതി നൽകിയെങ്കിലും എംഎൽഎക്കെതിരെ കേസെടുക്കാൻ തയ്യാറായില്ല.
ഇതോടെയാണ് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യൽ കോടതിയെ സമീപിച്ചത്. കോടതി കേസെടുക്കാൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് 2017 ഡിസംബർ 21നാണ് മഞ്ചേരി പൊലീസ് പി.വി അൻവർ എംഎൽഎയെ പ്രതിയാക്കി വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാവകുപ്പു പ്രകാരം ക്രൈം നമ്പർ 588/2017 ആയി കേസെടുത്തത്. ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പിൽ വഞ്ചനാക്കുറ്റമാണ് പി.വി അൻവറിനുമേൽ പൊലീസ് ചുമത്തിയത്. കേസെടുത്തപ്പോൾ സലീമിനെ അറിയുകപോലുമില്ലെന്നായിരുന്നു പി.വി അൻവർ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. 10ലക്ഷം രൂപ സലീമിന്റെ ചെക്കുവഴി അൻവർ ബാങ്കിലൂടെ മാറ്റിയെടുത്തതിന്റയും 2011 ഡിസംബർ 30തിന് മഞ്ചേരി പീവീആർ ഓഫീസിൽവച്ച് 30 ലക്ഷവും കരാറൊപ്പിട്ടപ്പോൾ ബാക്കി 10 ലക്ഷവും കൈമാറിയതിന്റെ അടക്കം തെളിവുകളും സലീം പൊലീസിനുകൈമാറിയിരുന്നു.
എന്നാൽ തട്ടിപ്പുകേസ് സിവിൽകേസാക്കി മാറ്റാനും പൊലീസ് ശ്രമം നടത്തി. ഇതോടെ പൊലീസ് കേസ് അട്ടിമറിക്കുകയാണെന്നു കാണിച്ച് സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എംഎൽഎ പ്രതിയായ കേസ് പൊലീസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഗൗരവത്തിലെടുത്ത ഹൈക്കോടതി 2018 നവംബർ 13 -നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി 2018 നവംബർ 14 -നു അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി യെ ചുമതലപ്പെടുത്തുകയും മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.വി അൻവർ എംഎൽഎ ഹൈക്കോടതിയിൽ റിവ്യൂ ഹരജി സമർപ്പിച്ചെങ്കിലും റിവ്യൂ ഹർജി തള്ളിക്കൊണ്ട് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാൻ വീണ്ടും ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ഹൈക്കോടതി ഉത്തരവു വന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും അൻവറിന്റെ മൊഴി രേഖപ്പെടുത്താനോ അറസ്റ്റു ചെയ്യാനോ ക്രൈം ബ്രാഞ്ച് തയ്യറായിട്ടില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം. പരാതിക്കാരനായ സലീമും കുടുംബവും ആറു തവണയാണ് പൊലീസ് അന്വേഷണത്തിന്റെയും മൊഴിനൽകലിന്റെയും ഭാഗമായി വിദേശത്തുനിന്നും നാട്ടിലെത്തിയത്.
സാമ്പത്തിക തട്ടിപ്പുകേസിൽ ലീഗ് എംഎൽഎയെ അറസ്റ്റ് ചെയ്തപ്പോഴും സിപിഎം എംഎൽഎയെ മൂന്നു വർഷമായി സംരക്ഷിക്കുന്നതാണ് വിവാദമാകുന്നത്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട വസ്തുതാവിരുദ്ധമായ റിപ്പോർട്ടാണ് ഡി.ജി.പിക്കും എ.ഡി.ജി.പിക്കും കൈമാറിയതെന്നും സലീം ആരോപിക്കുന്നു. കർണാടകയിലെ സർക്കാർ ഭൂമി തന്നെ കാണിച്ചാണ് സ്വന്തംഭൂമിയാണെന്ന് അവകാശപ്പെട്ട അൻവർ പണം തട്ടിയെടുത്തതെന്നും പിന്നീട് പ്രദേശത്തെ തഹസിൽദാറെനേരിൽ കണ്ട് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് തനിക്കും യാഥാർഥ്യം ബോധ്യപ്പെട്ടതെന്നും സലീം പറഞ്ഞു.
സംഭവം യാഥർഥ്യം പുറത്തുകൊണ്ടുവരാൻ ഡി.ജി.പിയും എ.ഡി.ജി.പിയും കേസ് നേരിട്ടന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്കു കത്തുനൽകിയിട്ടുണ്ടെന്നും നടുത്തൊടി സലീം പറഞ്ഞു.