- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൻവറിന് രണ്ടു ഭാര്യമാരും രണ്ടു കുടുംബവും ഉള്ളതിനാൽ 20ഏക്കർ ഭൂമി കൈവശം വയ്ക്കാം; അവകാശവാദവുമായി ഭാര്യമാരും മക്കളും; എംഎൽഎയുടെ മൂന്നാം ഭാര്യയുടെ സ്വത്ത് വിവരങ്ങളും ഉൾപ്പെടുത്തണമെന്ന് പരാതിക്കാരൻ താമരശേരി ലാന്റ് ബോർഡിൽ
മലപ്പുറം: പി.വി അൻവർ എംഎൽഎക്ക് രണ്ടു ഭാര്യമാരും രണ്ടു കുടുംബവും ഉള്ളതിനാൽ 20ഏക്കർ ഭൂമി കൈവശം വെക്കാൻ അവകാശമുണ്ടെന്ന വാദവുമായി അൻവറിന്റെ ഭാര്യമാരും മക്കളും താമരശേരി ലാന്റ് ബോർഡിൽ എതിർസത്യവാങ്മൂലം സമർപ്പിച്ചു. മൂന്നാം തവണയും വിചാരണക്ക് ഹാജരാകാത്ത പി.വി അൻവറിന് ഹാജരാകാൻ രണ്ടാഴ്ചത്തെ സാവകാശവും തേടി. അതേസമയം അൻവറിന്റെ മൂന്നാം ഭാര്യയുടെ സ്വത്ത് വിവരങ്ങളും ഉൾപ്പെടുത്തണമെന്ന് പരാതിക്കാരനും ആവശ്യപ്പെട്ടു.
പി.വി അൻവർ എംഎൽഎയുടെ ഭാര്യമാരായ ഷീജ, ഹഫ്‌സത്ത് എന്നവരും മക്കളായ പർവീൺ, റിസ്വാൻ എന്നിവരുമാണ് അഭിഭാഷകൻ മുഖേന സത്യവാങ്മൂലം സമർപ്പിച്ചത്. പി.വി അൻവർ വിദേശത്തായതിനാൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയമാവശ്യപ്പെട്ട് എംഎൽഎയുടെ ആദ്യഭാര്യ ഷീജ അപേക്ഷയും നൽകി.
ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പി.വി അൻവറും കുടുംബവും 22.80 ഏക്കർ കൈവശം വെക്കുന്നതായി കണ്ടെത്തിയാണ് പരമാവധി കൈവശം വെക്കാവുന്ന 12 ഏക്കറിന് പുറമെ അധികമായി കൈവശപ്പെടുത്തിയ10.82 ഏക്കർ തിരിച്ചുപിടിക്കാൻ താമരശേരി താലൂക്ക് ലാന്റ് ബോർഡ് നടപടി ആരംഭിച്ചത്. ലാന്റ് ബോർഡ് കണ്ടെത്തിയതിന് പുറമെ പി.വി അൻവറും കുടുംബവും കൈവശംവെക്കുന്ന 12.813 ഏക്കർ ഭൂമിയുടെ രേഖകൾ ലാന്റ് ബോർഡിന് പരാതിക്കാരൻ കെ.വി ഷാജി കൈമാറി.
പി.വി അൻവർ എംഎൽഎ മൂന്നാമതും വിവാഹം കഴിച്ചതായും ഇവർക്ക് മമ്പാട് പഞ്ചായത്തിൽവസ്തുവും പുരയിടവുമുണ്ടെന്നും ഇവരെ അൻവറിന്റെ കുടുംബാംഗമായി കണ്ട് ഇവരുടെ വസ്തുവകകളും പട്ടികയിൽ ഉൾപ്പെടുത്തണമെന്നും രേഖാമൂലം ആവശ്യപ്പെട്ടു.
റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന അൻവറിന് സംസ്ഥാനത്തെ പലജില്ലകളിലും ഭൂമിയുണ്ടെന്നും രജിസ്‌ട്രേഷൻ വകുപ്പിൽ നിന്നും ഭൂമി സംബന്ധിച്ച വിവരം തേടണമെന്നുമുള്ള ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന പത്രികയും സമർപ്പിച്ചു.
വില്ലേജ് ഓഫീസർമാരുടെ റിപ്പോർട്ടിൽ ഭൂമികൾ മറച്ചുവെച്ചതായും തൃക്കലങ്ങോട്, പെരകമണ്ണ വില്ലേജുകളിലെ ഭൂമി സംബന്ധിച്ച രേഖകൾ സഹിതം വ്യക്തമാക്കിയിട്ടുണ്ട്. പി.വി അൻവർ 1993ൽ ഷീജയെ വിവാഹം കഴിച്ചെന്നും ഈ ബന്ധത്തിൽ ഷിറിൻ, പർവീൺ, റിസ്വാൻ, ഫാത്തിമ എന്നീ മക്കളുണ്ടെന്നും ഈ കുടുംബം സ്്റ്റാറ്റിയൂട്ടറി കുടുംബമായതിനാൽ പരമാവധി 12 ഏക്കർ കൈവശം വെക്കാമെന്നാണ് അൻവറിന്റെ ഭാര്യമാരുടെയും മക്കളുടെയും വാദം.
അൻവർ 2009തിൽ ഹഫ്‌സത്തിനെ വിവാഹം ചെയ്ത് ഈ ബന്ധത്തിൽ മിഷാബ് എന്ന മകനുമുണ്ട്. ഇത് അൻവറിന്റെ രണ്ടാം കുടുംബമാണെന്നും ഇവർക്ക് 10 ഏക്കർ കൈവശം വെക്കാമെന്നും വ്യക്തമാക്കുന്നു. കൂടരഞ്ഞി വില്ലേജിൽ കക്കാടംപൊയിൽ വാട്ടർതീം പാർക്ക് സ്ഥിതി ചെയ്യുന്ന 11 ഏക്കർ സ്ഥലം അൻവറിന്റെയും രണ്ടാം ഭാര്യ ഹഫ്‌സത്തിന്റെയും പേരിലുള്ള പീവീആർ എന്റർടെയിന്മെന്റ് പാർടണർഷിപ്പിന്റെ പേരിലായതിനാൽ ഈ ഭൂമിയെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശത്തിലില്ലെന്നുമാണ് ഇവരുടെ എതിർസത്യവാങ്മൂലത്തിൽ പറയുന്നത്.
പി.വി അൻവർ എംഎൽഎക്ക് വിശദീകരണം നൽകാൻ ലാന്റ് ബോർഡ് 10 ദിവസത്തെ സാവകാശംകൂടി അനുവദിച്ചിട്ടുണ്ട്. നേരത്തെ രണ്ടു തവണ നടന്ന വിചാരണകളിലും അൻവർ ഹാജരായിരുന്നില്ല. ജനുവരി ഒന്നുമുതൽ അഞ്ചുമാസത്തിനകം അൻവറും കുടുംബവും കൈവശം വെക്കുന്ന അധികഭൂമി പിടിച്ചെടുക്കാനാണ് മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി ഷാജി നൽകിയ കോടതി അലക്ഷ്യഹർജിയിൽ ഹൈക്കോടതി ജനുവരി 13ന് ഉത്തരവിട്ടത്.
താമരശേരി താലൂക്ക് ലാന്റ് ബോർഡ് ഡിസംബർ 30ന് നടത്തിയ വിചാരണയിൽ അൻവർ പങ്കെടുക്കാതിരുന്നത് നടപടിക്രമങ്ങൾ നീട്ടിവെക്കാനുള്ള നീക്കമാണെന്നും ഇതനുവദിക്കാതെ അഞ്ചുമാസത്തിനകം തന്നെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഭൂമി തിരിച്ചുപിടിക്കണമെന്നുമാണ് ജസ്റ്റിസ് രാജ വിജയരാഘവൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. പരാതിക്കാരനായ കെ.വി ഷാജിയെ നടപടിക്രമങ്ങളിൽ പങ്കാളിയാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നേരത്തെ ആറുമാസത്തിനകം അധികഭൂമി കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും അത് നടപ്പാക്കാത്തതിനെ തുടർന്നാണ് ഷാജി കോടതി അലക്ഷ്യഹർജി നൽകിയത്.