- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.വി അൻവർ എംഎൽഎയും കുടുംബവും കൈവശംവെക്കുന്ന മിച്ചഭൂമി ആറു മാസത്തിനകം കണ്ടുകെട്ടണമെന്ന് ഹൈക്കോടതി; ജസ്റ്റിസ് രാജ വിജയരാഘവന്റെ സുപ്രധാന വിധി മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി ഷാജിയുടെ ഹർജിയിൽ; നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് തിരിച്ചടി
കൊച്ചി: ഭൂപരിഷ്ക്കരണം നിയമം ലംഘിച്ച് പി.വി അൻവർ എംഎൽഎയും കുടുംബവും കൈവശം വെക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി ആറു മാസത്തിനകം സർക്കാർ കണ്ടുകെട്ടണമെന്ന് ഹൈക്കോടതി ഉത്തരവ്. പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് പി.വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കണമെന്ന ലാന്റ് ബോർഡ് ഉത്തരവ് മൂന്ന് വർഷമായിട്ടും നടപ്പാക്കാത്തത് ചൂണ്ടികാട്ടി ഭൂരഹിതനായ മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി ഷാജിയുടെ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ സുപ്രധാന വിധി.
നടപടി ക്രമങ്ങൾ അതിവേഗം പൂർത്തിയാക്കി ആറു മാസത്തിനകം താമരശേരി ലാന്റ് ബോർഡ് ചെയർമാൻ, താമരശേരി അഡീഷണൽ തഹസിൽദാർ എന്നിവർ മിച്ച ഭൂമി കണ്ടുകെട്ടൽ നടപടി പൂർത്തീകരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചു. നിയമസഭാംഗമായ പി.വി അൻവറിന്റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം കാരണമാണ് ഭൂമി കണ്ടുകെട്ടൽ നടപടി അനന്തമായി വൈകുന്നതെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പി.വി അൻവർ എംഎൽഎ ഭൂപരിഷ്ക്കരണനിയമം ലംഘിച്ച് അധികമായി കൈവശംവെക്കുന്ന ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, ഗവർണർ, നിയമസഭാ സ്പീക്കർ, റവന്യൂ മന്ത്രി എന്നിവർക്ക് നൽകിയ പരാതികളിൽ നടപടി ഇല്ലാത്തതിനെ തുടർന്നാണ് കെ.വി ഷാജി കോടതിയെ സമീപിച്ചത്. മലപ്പുറം, കോഴിക്കോട് കളക്ടർമാർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ പി.വി അൻവറും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള ഭൂപരിഷ്ക്കരണ നിയമം 1963 87 (1) പ്രകാരം അൻവറിനതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോർഡ്, താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാന് ഉത്തരവും നൽകി. എന്നാൽ ഉത്തരവിറങ്ങി മൂന്ന് വർഷം കഴിഞ്ഞിട്ടും എംഎൽഎക്കെതിരെ കേസെടുത്തില്ല.
നിയമസഭ പാസാക്കിയ ഭൂപരിഷ്ക്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ പരമാവധി കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. എന്നാൽ 207.84 ഏക്കർ ഭൂമി കൈവശം വെക്കുന്നതായി അൻവർ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഏറനാട്, നിലമ്പൂർ നിയോജകമണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലും മത്സരിക്കുമ്പോൾ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ ചേർത്ത ഭൂമിയുടെ അളവ് അനുസരിച്ചാണ് ഇത് സ്ഥിരീകരിച്ചത്. ഇതു സംബന്ധിച്ച രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. സർക്കാരിനു വേണ്ടി സ്റ്റേറ്റ് അറ്റോർണി കെ.വി സോഹൻ ഹാജരായി.