കോഴിക്കോട്: നവകേരള നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തുടങ്ങുന്നതിനു മുമ്പേതന്നെ ആ പണി പിവി അൻവർ തുടങ്ങിക്കഴിഞ്ഞു. പക്ഷേ അത് തെളിവ് നശിപ്പിക്കാനാണെന്ന് മാത്രം.

ഉരുൾപ്പൊട്ടലിന്റെ അടയാളങ്ങൾ ഇല്ലാതാക്കുവാൻ പി വി അൻവർ എം എൽ എയുടെ കക്കാടംപൊയിലിലെ വാട്ടർതീം പാർക്കിൽ തിരക്കിട്ട പണികൾ. സ്റ്റോപ് മെമോ പോലും മറികടന്നാണ് നിർമ്മാണം നടക്കുന്നത്. നിലവിൽ നിർമ്മാണം പൂർത്തിയാകുന്നതോടെ ഉരുൾപൊട്ടലിന്റെ എല്ലാ അടയാളങ്ങളും പാർക്കിൽ നിന്ന് ഇല്ലാതാകും. ജൂൺ 15നാണ് പാർക്കിന് ഉള്ളിൽ ഉരുൾപ്പൊട്ടിയത്. വലിയ നാശമാണ് ഉരുൾപ്പൊട്ടലിൽ ഉണ്ടായത്. ഇതെല്ലാം മറച്ചുവെക്കാനും പാർക്ക് സുരക്ഷിതമാണെന്ന് ഹൈക്കോടതിയെ അറിയിക്കാനുമാണ് അനധികൃത നീക്കം.

കനത്ത മഴയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ പരമ്പരയുണ്ടായ പാർക്കിൽ ഒരുവിധ നിർമ്മാണ പ്രവർത്തനവും നടത്തരുതെന്ന നിർദ്ദേശമാണ് രാഷ്ട്രീയ സ്വാധീനത്താൽ എം എൽ എ മറികടക്കുന്നത്. പാർക്കിലെ ഉരുൾപൊട്ടൽ പരിസ്ഥിതി പ്രവർത്തകരുൾപ്പെടെ ഹൈക്കോടതിയിൽ ഉന്നയിക്കുമെന്ന് മനസ്സിലാക്കിയാണ് തെളിവുകൾ നശിപ്പിക്കുന്നത്. ഉരുൾ പൊട്ടലിൽ വ്യാപകമായി മണ്ണൊലിച്ചുപോയ ഭാഗങ്ങളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നിറച്ചും പുല്ലുകൾ വെച്ചുപിടിപ്പിച്ചും മൺ റോഡുകൾ വെട്ടിയുമാണ് തെളിവ് നശിപ്പിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ ജനറേറ്റർ കെട്ടിടത്തിന് താഴ്ഭാഗത്തും പ്രധാന കുളത്തിനു താഴെയുള്ള ഭാഗത്തും കോൺക്രീറ്റ് സംരക്ഷണഭിത്തി കെട്ടുന്നുണ്ട്.

ജൂൺ 13, 14 തിയതികളിലുണ്ടായ കനത്ത മഴയിൽ പാർക്കിലെ രണ്ടിടങ്ങളിൽ ഉരുൾപൊട്ടലിനെത്തുടർന്ന് ജൂൺ 18നാണ് കോഴിക്കോട് കലക്ടർ യു വി ജോസ് ദുരന്തനിവാരണ നിയമപ്രകാരം പാർക്ക് താത്കാലികമായി അടച്ചുപൂട്ടിയത്. ഒരാഴ്ചക്കകം വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ആൻഡ് മാനേജ്‌മെന്റ് ഡയറക്ടർ, ജില്ലാ ജിയോളജിസ്റ്റ് എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ രണ്ടു മാസമായിട്ടും പാർക്ക് സന്ദർശിച്ച് ഉരുൾപൊട്ടൽ സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇതിനു പിന്നാലെ ആഗസ്റ്റിലുണ്ടായ കനത്ത മഴയിൽ പാർക്കിൽ എട്ടിടത്താണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. പ്രധാന നീന്തൽകുളത്തിനു താഴെ, കുട്ടികളുടെ പാർക്കിനു താഴെ, ജനറേറ്റർ മുറിയുടെ സമീപം തുടങ്ങി പലയിടങ്ങളിലായാണ് വ്യാപകമായി മണ്ണിടിഞ്ഞിട്ടുള്ളത്. പാർക്കിലെ താത്കാലിക റോഡും മണ്ണിടിച്ചിലിൽ തകർന്നിരുന്നു.

പാർക്കിലെ കുളങ്ങളിലെ വെള്ളം നീക്കം ചെയ്തുവെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ പി വി അൻവർ നീന്തൽകുളങ്ങളിലെ വെള്ളം ഒഴിവാക്കാതെ കബളിപ്പിക്കുകയായിരുന്നു. പാർക്കിലെ നീന്തൽകുളത്തിനും കെട്ടിടത്തിനും ബലക്ഷയം അടക്കമുള്ള കാര്യങ്ങളിൽ ജില്ലാ കലക്ടർ അധ്യക്ഷനായ ജില്ലാ ദുരന്തനിവാരണ വിഭാഗം ഒരുവിധ പരിശോധനയും നടത്തിയില്ല. പാർക്കിലെ പ്രധാന നീന്തൽക്കുളത്തിനു താഴ്ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ വൻ പാറക്കഷ്ണങ്ങളും മരങ്ങളും കടപുഴകിവീണ് വെള്ളവും ചെളിയും കുത്തിയൊലിച്ച് മലമുകളിൽ നിന്നും 200 മീറ്റർ താഴ്ചയിൽ പാർക്കിലെ വെള്ളം പമ്പുചെയ്യുന്ന കുളത്തിൽ പതിച്ചിരുന്നു.

കുളത്തിന്റെ പകുതിയോളം ചെളിയും പാറയുമിടിഞ്ഞ് മൂടി. പാർക്കിലേക്ക് വെള്ളം പമ്പുചെയ്തിരുന്ന മോട്ടോറുകളും പൈപ്പുകളുമെല്ലാം തകർന്നു. ജനറേറ്റർ സ്ഥാപിച്ച കെട്ടിടത്തിന് സമീപത്തു നിന്നും വ്യാപകമായി മണ്ണിടിഞ്ഞ് താഴെയുണ്ടായിരുന്ന റോഡും പിളർന്നാണ് 80 മീറ്റർ താഴ്ചയിലേക്കു പതിച്ചത്. ഇവയെല്ലാം കണക്കിലെടുത്താൽ പാർക്ക് ഒരുകാരണവശാലും തുറക്കാൻ അനുവദിക്കില്ലെന്ന് എം എൽ എ ഭയക്കുന്നു. 11 ഏക്കറിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്.