മലപ്പുറം: ആഫ്രിക്കയിൽ സ്വർണഖനനത്തിന് പോയ പി.വി അൻവർ എംഎ‍ൽഎയുടെ സഹായി കക്കാടംപൊയിലിലെ മീനാട്ടുകുന്നേൽ ഷാജി (56) ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ മരണപ്പെട്ടു. കഴിഞ്ഞ മാസം 18നാണ് ഷാജി സിയറ ലിയോണിൽ പി.വി അൻവർ എംഎ‍ൽഎയുടെ അടുത്തേക്ക് പോയത്. ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടുവെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം.

ഷാജിയുടെ മകൻ ജെറോം അവിടെയുണ്ട്. മൃതദേഹം അഞ്ചിന് നാട്ടിലെത്തിക്കുമെന്നാണ് വിവരം. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനു ശേഷമാണ് അൻവർ ആഫ്രിക്കയിലേക്ക് വീണ്ടും പോയത്. ആഫ്രിക്കയിലുണ്ടായിരുന്ന അൻവറിന്റെ മകനെ നാട്ടിലേക്കയച്ചാണ് ഷാജിയെ അവിടേക്ക് കൊണ്ടുപോയത്. ഷാജിയുടെ ഭാര്യ: ലൗലി. മക്കൾ: അമല, അഭയ, ജെറോം. മരുമക്കൾ: ലാലു, തോമസ്‌കുട്ടി.

തനിക്കേറ്റ സാമ്പത്തിക പ്രതിസന്ധി മാറികടക്കാനാണെന്ന് പറഞ്ഞാണ് അൻവർ എംഎ‍ൽഎ ആഫ്രിക്കയിലേക്ക് പോയത്. നേരത്തെ പാർട്ടി തനിക്ക് മൂന്ന് മാസം ലീവ് അനുവദിച്ചിട്ടുണ്ടെന്നും അൻവർ വിശദീകരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇപ്പോൾ ആഫ്രിക്കയിലെ സിയറ ലിയോണിൽ സ്വർണഖനനത്തിലാണ്. നാട്ടിൽ അത്യാവശ്യം കച്ചവടവുമായി ജീവിച്ച് പോയിരുന്ന ഒരാളാണ് ഞാൻ. നിരന്തരം കള്ള വാർത്തകൾ നൽകി മാധ്യമങ്ങൾ അത് പൂട്ടിച്ചു. അതുകൊണ്ടാണ് എനിക്ക് അവിടെ നിന്ന് ആഫ്രിക്കയിൽ വരേണ്ടി വന്നത്. മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

കല്യാണങ്ങൾക്ക് പോകലും വയറുകാണലും നിശ്ചയത്തിന് പോയി ബിരിയാണികഴിക്കലും അല്ല എംഎൽഎയുടെ പണി. വോട്ട് നേടാൻ വേണ്ടി ഒരു കല്യാണത്തിനും ഞാൻ പോയിട്ടില്ല. പോവുകയുമില്ല. എന്റെ തൊട്ടടുത്ത എംഎൽഎയുടെ പേര് കല്യാണരാമൻ എന്നാണ് അറിയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.ഞായറാഴ്ച പോലും പ്രർത്തിക്കുന്ന എംഎൽഎ ഓഫീസാണ് എന്റേത്. ഒരു മാസത്തിന് ശേഷമെ മടങ്ങി വരുകയുള്ളു പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിലും മണ്ഡലവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ സഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു എംഎൽഎ ആയാൽ ആർക്കും കുതിര കയറാമെന്ന് ധാരണയുള്ള പത്രക്കാർ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.