- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഫ്രിക്കയിൽ ഖനനത്തിന് പോയപ്പോൾ എവിടെ അൻവർ എന്ന ചോദ്യം; മടങ്ങി എത്തിയപ്പോൾ അതിലും പൊള്ളിക്കുന്ന ചോദ്യം സിപിഎമ്മിനോട് ; പി.വി അൻവറിന്റെ അധികഭൂമി കണ്ടുകെട്ടാനുള്ള ഭൂസമരം കൊടുമ്പിരി കൊള്ളുന്നു; കൈവശം വച്ചിരിക്കുന്നത് 207 ഏക്കറിൽ അധികം ഭൂമി
മലപ്പുറം: ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ സ്വർണഖനനത്തിന് പോയ പി.വി അൻവർ എംഎൽഎ നിയമസഭയിൽ തിരിച്ചെത്തിയപ്പോൾ സിപിഎം നേതൃത്വത്തിന് പുതിയ തലവേദനയായി ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് അൻവർ കൈവശം വെക്കുന്ന അധികഭൂമി തിരിച്ചുപിടിക്കാനുള്ള ഭൂസമരം. നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന ആദിവാസികളുടെയും ഭൂരഹിതരുടെയും ഭൂസമരമാണ് ഇടതുപക്ഷ നേതൃത്വത്തെ പൊള്ളിക്കുന്നത്.
നിയമസഭാ സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ ആഫ്രിക്കയിൽ സ്വർണഖനനത്തിനു പോയ അൻവറിനെ ന്യായീകരിച്ച സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനും ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചതിൽ അൻവറിനെ പിന്തുണക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
അൻവറും കുടുംബവും കൈവശം വെച്ചിട്ടുള്ള അധിക ഭൂമി ആറുമാസത്തിനകം കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യതയുള്ള സർക്കാരിന് അൻവറിനെ സംരക്ഷിക്കാനും കഴിയില്ല.
പ്രകടനപത്രികയിൽ പ്രഖ്യാപിച്ച ഭൂരഹിത കേരളം നടപ്പാക്കാൻ ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് കൈവശം വെക്കുന്ന അധികഭൂമി പിടിച്ചെടുക്കുമെന്ന് സർക്കാർ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതിനായി 807 കോടി രൂപയുടെ ഡിജിറ്റൽ റീസർവെക്കാണ് റവന്യൂ വകുപ്പ് തുടക്കമിട്ടിരിക്കുന്നത്. ഇവയെല്ലാം അൻവറിന് വേണ്ടി അട്ടിമറിക്കാൻ ഇടതുപക്ഷത്തിന് കഴിയില്ല.
കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയായ ഇ.എം.എസ് നമ്പൂതിപ്പാട് മുഖ്യമന്ത്രിയായ സർക്കാരിൽ റവന്യൂ മന്ത്രിയായ കെ.ആർ ഗൗരിയമ്മയാണ് വിപ്ലവകരമായ ഭൂപരിഷ്‌ക്കരണ നിയമത്തിന് തുടക്കമിട്ടത്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അതിന്റെ ചരിത്രനേട്ടമായി കരുതുന്നതാണ് ഭൂപരിഷ്‌ക്കരണ നിയമം. ഈ നിയമം ഇടതുപക്ഷത്തെ ഒരു എംഎൽഎ തന്നെ പരസ്യമായി ലംഘിക്കുന്നതും എംഎൽഎയുടെ അധികഭൂമി കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിട്ടതുമാണ് ഇടതുസർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്.
ലോക്്്‌സഭയിലേക്കും നിയമസഭയിലേക്കും മൽസരിച്ച വേളകളിൽ അൻവർ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ താനും കുടുംബവും 207 ഏക്കറിൽ അധികം ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. സാധാരണ പൗരനും കുടുംബത്തിനും കൈവശം വെക്കാവുന്ന ഭൂമി 15 ഏക്കർ മാത്രമായി പരിമിതപ്പെടുത്തുന്ന നിയമം, ഒരു നിയമസഭാ സാമാജികന് ബാധകമല്ല എന്നുവരുന്നത് വലിയ ഭരണഘടനാ ലംഘനവുമാണ്.
നിലവിലുള്ള നിയമങ്ങൾ കണിശമായി പാലിച്ച് മാതൃകയാകേണ്ട നിയമസഭാ അംഗമാണ് പി.വി. അൻവർ. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന നിലമ്പൂർ നിയോജകമണ്ഡലത്തിൽ മാത്രം മൂവായിരത്തോളം ആദിവാസികൾ ഭൂമിക്കായി മുറവിളികൂട്ടുമ്പോഴാണ് എംഎൽഎയും കുടുംബവും 207 ഏക്കറിൽ അധികം ഭൂമി കൈവശം വെച്ച് അനുഭവിച്ചുവരുന്നത്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരും സമന്മാരുമാണെന്ന ഭരണഘടനാ തത്വത്തേയും കരിപൂശുകയാണ് ഇടതുപക്ഷ എംഎൽഎ.
പി.വി.അൻവർ എംഎൽഎ. നിയമ വിരുദ്ധമായി കൈവശം വെച്ചിട്ടുള്ള ഭൂമി സർക്കാറിലേക്ക് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ വിവരാവകാശ കൂട്ടായ്മ തിരഞ്ഞെടുപ്പ് കമ്മിഷൻ, ഗവർണർ, നിയമസഭാ സ്പീക്കർ, റവന്യൂ മന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. നിയമങ്ങളിലെ പഴുതുകളുപയോഗിച്ചും, രാഷ്ട്രീയ-സാമ്പത്തിക അധികാരം ഉപയോഗിച്ചും എംഎൽഎ.യും സർക്കാറും ഈ പരാതികളിൽ തുടർപ്രവർത്തനം തടസപ്പെടുത്തുകയായിരുന്നു.
കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ എംഎൽഎ. പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ഇദ്ദേഹത്തിനെതിരെ സ്വമേധയാ കേസ് എടുക്കണമെന്ന് 19.07.2017-ന് സംസ്ഥാന ലാന്റ് ബോർഡ് ചെയർമാൻ താമരശ്ശേരി ലാന്റ് ബോർഡിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. നാല് വർഷമാവാറായിട്ടും ഈ നിർദ്ദേശം നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഈ ഘട്ടത്തിലാണ് വിവരാവകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി ഷാജി കേരള ഹൈക്കോടതിയെ സമീപിക്കുകയും ആറു മാസത്തിനകം അൻവറിന്റെയും കുടുംബത്തിന്റെയും അധികഭൂമി കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തത്.
എട്ടുമാസമായിട്ടും ഹൈക്കോടതി ഉത്തരവും പോലും നടപ്പാക്കാതെ നിയമവാഴ്ചയെപോലും വെല്ലുവിളിച്ച് ജനാധിപത്യ - ഭരണഘടനാ മൂല്യങ്ങളെ വകഞ്ഞുമാറ്റി തങ്ങളുടെ പക്ഷക്കാരനായ എംഎൽഎ. യെ നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടുത്തി എടുക്കാനാണ് സർക്കാറിന്റെ ശ്രമം. ഇടതുപക്ഷമൂല്യങ്ങൾ ബലികഴിക്കുന്ന ഈ നീക്കത്തിനെതിരെ പൊതുജാഗ്രതയും പ്രതിഷേധവും ഉയർത്താനാണ് വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ നവംബർ 10ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഭൂസമരം സംഘടിപ്പിക്കുകയാണ്.
കേരളത്തിന്റെ വിവധ മേഖലകളിൽ ഭൂസമരം നടത്തുന്ന ഭൂരഹിതരുടെയും സംഘടനകളുടെയും നേതാക്കളും പ്രതിനിധികളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഡോ. ആസാദ്, കെ.എം ഷാജഹാൻ, അഡ്വ.പി.എ പൗരൻ( പി.യു.സി.എൽ സംസ്ഥാന ജനറൽ സെക്രട്ടറി), കെ.എസ് ഹരിഹരൻ, ഗോമതി (പെമ്പിളൈ ഒരുമൈ), മാഗ്ലിൻ ഫിലോമിന (തീരഭൂസംരക്ഷണ സമിതി), ചിത്ര നിലമ്പൂർ (പ്രസിഡന്റ് കേരള ആദിവാസി ഐക്യവേദി), ബിനു പുത്തൻപുരയ്ക്കൽ, കെ.വി ഷാജി (വിവരാവകാശ കൂട്ടായ്മ) തുടങ്ങിയവർ സംസാരിക്കും. ഡോ.എം.എൻ കാരശേരി, സി.ആർ നീലകണ്ഡൻ എന്നിവർ ഓൺലൈനായി സമരത്തിന് ഐദ്യദാർഢ്യം പ്രഖ്യാപിക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്