സ്വിസ് ഓപ്പൺ ബാഡ്മിന്റൻ വനിതാ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യയുടെ പിവി സിന്ധു. ഫൈനലിൽ തായ്ലൻഡ് താരം ബുസാനൻ ഒങ്ബാംറുങ്ഫാനെ വീഴ്‌ത്തിയാണ് സിന്ധുവിന്റെ കിരീട നേട്ടം. സ്‌കോർ: 21-16, 21-8.

ലോക ഏഴാം നമ്പർ താരമായ സിന്ധു അനായാസ വിജയമാണ് കലാശപ്പോരിൽ സ്വന്തമാക്കിയത്. രണ്ട് ഗെയിമുകൾ മാത്രം നീണ്ട പോരിൽ എതിരാളിക്ക് ഒരു പഴുതും അനുവദിക്കാതെയായിരുന്നു താരത്തിന്റെ മുന്നേറ്റം. 

സെമിഫൈനലിൽ തായ്ലൻഡിന്റെ സുപാനിക കാറ്റതോങ്ങിനെ തോൽപ്പിച്ചാണ് സിന്ധു ഫെനലിൽ എത്തിയത്. രണ്ടു തവണ ഒളിംപിക് മെഡൽ നേടിയിട്ടുള്ള സിന്ധു, വെറും 49 മിനിറ്റിനുള്ളിലാണ് ബുസാനനെതിരായ കലാശപ്പോരാട്ടത്തിൽ ജയിച്ചു കയറിയത്. 

സിന്ധുവിന്റെ ആദ്യ സ്വിസ് ഓപ്പൺ കിരീടവും സീസണിലെ രണ്ടാം കിരീടവുമാണിത്. കഴിഞ്ഞ വർഷവും സ്വിസ് ഓപ്പൺ ഫൈനലിലെത്തിയിരുന്നു. എന്നാൽ ഒളിമ്പിക് ജേത്രി കരോലിന മാരിനോട് പരാജയപ്പെടുകയായിരുന്നു.

ഇത്തവണ നാലാം സീഡായ തായ് ലൻഡ് താരത്തിന് ഒരു അവസരവും നൽകാതെയാണ് സിന്ധുവിന്റെ വിജയം. 2019-ൽ ലോക ചാമ്പ്യൻഷിപ്പിൽ സിന്ധു സ്വർണം കഴുത്തിലണിഞ്ഞതും ഇതേ വേദിയിലായിരുന്നു.

 ബുസാനനുമായി 17 തവണ ഏറ്റുമുട്ടിയതിൽ 16 തവണയും സിന്ധുവിനായിരുന്നു വിജയം. 2019ലെ ഹോങ്കോങ് ഓപ്പണിൽ മാത്രമാണ് ബുസാനനോട് പരാജയപ്പെട്ടത്. സെമിഫൈനലിൽ തായ്ലൻഡിന്റെ സുപാനിക കാറ്റതോങ്ങിനെ തോൽപ്പിച്ചാണ് സിന്ധു ഫെനലിൽ എത്തിയത്.

അതേസമയം പുരുഷന്മാരുടെ സിംഗിൾസിൽ ഇന്ത്യൻ താരം എച്ച്.എസ് പ്രണോയ് പരാജയപ്പെട്ടു. ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തുള്ള ഇൻഡൊനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയാണ് പ്രണോയിയെ തോൽപ്പിച്ചത്.

24-ാം റാങ്കുകാരനായ പ്രണോയിക്ക് ഒരു ഘട്ടത്തിൽപോലും തിരിച്ചടിക്കാനായില്ല. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജൊനാഥന്റെ വിജയം. സ്‌കോർ: 12-21,18-21.