ബാങ്കോക്ക്: ലോക ഒന്നാം നമ്പർ താരം അകാനെ യമാഗുച്ചിയെ തകർത്ത് ഇന്ത്യയുടെ പി.വി സിന്ധു തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമിയിൽ. മൂന്ന് ഗെയിമുകൾ നീണ്ടുനിന്ന മത്സരത്തിനൊടുവിൽ യമാഗുച്ചിയെ 21-15, 20-22, 21-13 എന്ന സ്‌കോറിനാണ് സിന്ധു മറികടന്നത്. 51 മിനിറ്റുകൾക്കുള്ളിൽ സിന്ധു ജയിച്ചുകയറി.

ശനിയാഴ്ച നടക്കുന്ന സെമിയിൽ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ചൈനയുടെ ചെൻ യുഫെയ് ആണ് സിന്ധുവിന്റെ എതിരാളി.

ഇതോടെ ഈ വർഷമാദ്യം ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ യമാഗുച്ചിയോടേറ്റ തോൽവിക്ക് പകരംവീട്ടാനും സിന്ധുവിനായി. ഫൈനലിൽ സമീപകാലത്ത് മികച്ച ഫോമിലുള്ള ചൈനീസ് താരത്തിനെതിരേ മികച്ച റെക്കോഡാണ് സിന്ധുവിനുള്ളത്.