ന്യൂഡൽഹി: ഒളിംപിക്‌സിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ, വനിതാ ബാഡ്മിന്റൻ സിംഗിൾസ് ഫൈനലിൽ തോറ്റെങ്കിലും സിന്ധു വെള്ളി നേട്ടത്തോടെ ചരിത്രമെഴുതുകയായിരുന്നു. ലോക ഒന്നാം നമ്പർ താരം സ്‌പെയിനിന്റെ കരോലിന മരിനോടു പരാജയപ്പെട്ട സിന്ധു, ഒളിംപിക്‌സിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. ബാഡ്മിന്റണിലെ കറുത്ത കുതിരയായി സിന്ധുമാറി. അതിശക്തരോട് പൊരുതിയായിരുന്നു ഫൈനലിലേക്കുള്ള കുതിപ്പ്. ഇതിന് രാജ്യത്തിന്റെ മുഴുവൻ ആദരമെത്തുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രണ്ട് കോടിയാണ് സിന്ധുവിന് സമ്മാനം പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ അഞ്ച് കോടിയെങ്കിലും നൽകും. കെജ്രിവാളിന് പ്രധാനമന്ത്രി മോദിയോടുള്ള ഭിന്നത പ്രസക്തമാണ്. അതുകൊണ്ട് തന്നെ സിന്ധുവിന് രണ്ട് കോടിയിൽ അധികം സമ്മാനം നൽകാൻ പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്.

എതായാലും ഒളിമ്പിക്‌സിൽ വെള്ളിപ്പതക്കവുമായി ഇന്ത്യയുടെ അഭിമാനമായ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന് സമ്മാനപ്പെരുമഴയാണ്. തെലങ്കാന സർക്കാർ അഞ്ചു കോടി രൂപയും ആന്ധ്രപ്രദേശ് സർക്കാർ മൂന്നു കോടിയും പാരിതോഷികം പ്രഖ്യാപിച്ചു. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാരിന്റെ സമ്മാനം ഇതിലും ഇരട്ടിയാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കുറഞ്ഞത് അഞ്ച് കോടി ഉറപ്പായി എന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം മറ്റ് സംസ്ഥാന സർക്കാരുകൾ വരും ദിനങ്ങളിൽ സിന്ധുവിന് സമ്മാനങ്ങൾ പ്രഖ്യാപിക്കും. പരിശീലകനായ ഗോപീചന്ദിനും കേന്ദ്ര സർക്കാർ പ്രത്യേക പുരസ്‌കാരം നൽകുമെന്ന് സൂചനയുണ്ട്.

തെലങ്കാന, ആന്ധ്ര സർക്കാറുകൾ സിന്ധു ഇഷ്ടപ്പെടുന്നയിടത്ത് വീടുവെക്കാൻ 1000 ചതുരശ്രവാര വീതം സ്ഥലം നൽകുമെന്നും വാഗ്ദാനം നൽകിയിട്ടുണ്ട്. സിന്ധുവിന് ഗ്രൂപ് വൺ ഓഫിസർ പദവിയും നൽകുമെന്നും പരിശീലകൻ പി. ഗോപിചന്ദിന് 50 ലക്ഷം രൂപ നലകുമെന്നും ആന്ധ്ര പ്രഖ്യാപിച്ചിട്ടുണ്ട്. സിന്ധുവിന് രണ്ടു കോടി രൂപ പാരിതോഷികമാണ് ഡൽഹി സർക്കാർ പ്രഖ്യാപിച്ചത്. വെങ്കലം നേടിയ ഗുസ്തിക്കാരി സാക്ഷി മാലിക്കിന് ഒരു കോടിയും നൽകുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചിട്ടുണ്ട്. ഹരിയാന റോത്തക്കിലത്തെി സാക്ഷിയുടെ മാതാപിതാക്കളെ സന്ദർശിച്ച സിസോദിയ ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷനിൽ കണ്ടക്ടറായ പിതാവ് സുഖ്ബീർ മാലിക്കിന് പ്രമോഷൻ വാഗ്ദാനം ചെയ്യുകയും ചെയ്തു. സിന്ധുവിനും സാക്ഷിക്കും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അഞ്ചു ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വർണ്ണത്തേക്കാൾ വിലയുള്ള വെള്ളി എന്നാണ് സിന്ധുവിന്റെ നേട്ടത്തെ ഇന്ത്യൻ കായിക ലോകം വിശേഷിപ്പിക്കുന്നത്. ബാഡ്മിന്റൻ അസോസിയേഷന്റെ വക 50 ലക്ഷം, മധ്യപ്രദേശ് ഗവൺമെന്റിന്റെ വക 50 ലക്ഷം എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് സിന്ധുവിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹൈദരാബാദ് ജില്ലാ ബാഡ്മിന്റൻ അസോസിയേഷൻ പ്രസിഡന്റ് വി, ചാമുണ്ഡേശ്വരനാഥ് ബിഎംഡബ്ല്യു കാറാണ് സിന്ധുവിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ തെലുങ്കാനയിൽ നിന്നോ, ആന്ധ്രയിൽ നിന്നോ മെഡൽ നേടുന്ന താരങ്ങൾക്ക് ചാമുണ്ഡേശ്വരനാഥ് ബിഎംഡബ്ല്യു വാഗ്ദാനം ചെയ്തിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ സാന്നിധ്യം സിന്ധുവിന് കാർ സമ്മാനിക്കുമ്പോൾ അഭ്യർത്ഥിച്ചിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സിന്ധുവിന് പുത്തൻ ഥാർ സമ്മാനമായി നൽകും എന്ന് രാജ്യത്തെ ഏറ്റവും വലിയ യുട്ടിലിറ്റി വെഹിക്കിൾ നിർമ്മാതാക്കളായ മഹീന്ദ്ര ആൻ മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

അതിനിടെ ലക്ഷങ്ങളുടെ സമ്മാന പ്രഖ്യാപനവുമായി പ്രവാസിമലയാളിയുമെത്തി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി മുക്കാട്ട് സെബാസ്റ്റ്യനാണ് പി.വി. സിന്ധുവിന് അരക്കോടി രൂപയും വെങ്കലമെഡൽ നേടിയ സാക്ഷി മാലിക്കിന് 25 ലക്ഷം രൂപയും പ്രഖ്യാപിച്ചത്. ഒളിമ്പിക്‌സിൽ രണ്ടാഴ്ചപിന്നിട്ടിട്ടും മെഡലൊന്നും കിട്ടാതെപോയതിൽ ഏറെ സങ്കടത്തിലായിരുന്നു ഇതുവരെ സെബാസ്റ്റ്യൻ. റിയോയിൽ നൂറ്റിമുപ്പത് കോടി ഇന്ത്യക്കാരുടെ അഭിമാനമായിമാറിയ മെഡൽജേതാക്കൾക്ക് അങ്ങനെ മലയാളി പ്രവാസിയുടെ ആദരവുമെത്തുന്നു. ഇത് തന്റെമാത്രം ദുഃഖമല്ലെന്നും ഇവിടെ കണ്ടുമുട്ടിയ എല്ലാ ഇന്ത്യക്കാരുടെയും സങ്കടമായിരുന്നുവെന്നും പറഞ്ഞ സെബാസ്റ്റ്യൻ വ്യാഴാഴ്ചത്തെ സിന്ധുവിന്റെ നേട്ടമാണ് ഈ അവാർഡ് പ്രഖ്യാപനത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും വ്യക്തമാക്കുന്നു.

1973ൽ തൊഴിൽതേടി ദുബായിലെത്തിയ സെബാസ്റ്റ്യൻ ഇന്ന് ഇവിടെയുള്ള പ്രമുഖബിസിനസ്സുകാരിൽ ഒരാളാണ്. സ്‌പോർട്‌സിനോട് അതിരുകടന്ന ആവേശമോ ലഹരിയോ ഇല്ല. അതേസമയം ഇന്ത്യൻതാരങ്ങൾ പരാജയപ്പെടുന്നതിൽ വലിയ നിരാശയുംസങ്കടവും ഉണ്ടായിരുന്നുതാനും. അതിനൊരു അറുതിവരുത്തിയത് സാക്ഷിയും സിന്ധുവുമാണ്. ഈ സമ്മാനം താരങ്ങൾക്ക് പ്രചോദനമാവട്ടെ എന്ന പ്രതീക്ഷയിലാണ് ഈ സമ്മാനമെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോബാൻ കാർ റെന്റൽ കമ്പനി ഉൾപ്പെടെ യു.എ.ഇ. യിൽ നിരവധി ബിസിനസ്സുകളുള്ള സെബാസ്റ്റ്യൻ കേരളത്തിൽ മുക്കാടൻ പ്ലാന്റേഷൻസിന്റെ ഉടമ കൂടിയാണ്.

സോഷ്യൽ മീഡിയയിലും സിന്ധുവിന് അഭിനന്ദന പ്രവഹമാണ്. രാഷ്ട്രപതി പ്രണാബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്‌നാഥ് സിങ്, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, അഭിനവ് ബിന്ദ്ര, മേരി കോം, അമിതാബ് ബച്ചൻ, രജനികാന്ത്, സൽമാൻ ഖാൻ, അക്ഷയ്കുമാർ, ധനുഷ്, എ.ആർ. റഹ്മാൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി പേർ സിന്ധുവിനെ പ്രശംസകൊണ്ട് മൂടി. സോഷ്യൽ മീഡിയകളിലും സിന്ധുവിന് അഭിനന്ദന പ്രവാഹമാണ്. നിശ്ചയ ദാർഢ്യത്തോടു കൂടിയ കളി. ഭാരതത്തിന് വെള്ളിമെഡൽ സമ്മാനിച്ച് ചരിത്രം കുറിച്ച സിന്ധുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. സിന്ധുവിന്റെ അതുല്യ നേട്ടത്തിന് അഭിനന്ദനങ്ങൾ.വെള്ളിയാണ് നേടിയതെങ്കിലും സുവർണ്ണ പ്രകടനമായിരുന്നു അവരുടേത് എന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ ട്വീറ്റ്. ഭാരതത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിഗത മെഡൽ ജേതാവ് സിന്ധു ഭംഗിയായി കളിച്ചു. മഹത്തായ പ്രകടനം കൊണ്ട് നിങ്ങൾ ഞങ്ങളുടെ ഹൃദയം കീഴടക്കി, മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

ഹാറ്റ്‌സ് ഒഫ് സിന്ധു. ഞാൻ നിങ്ങളുടെ വലിയൊരു ആരാധകനായിക്കഴിഞ്ഞു. അഭിനന്ദനങ്ങൾ, സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ ട്വീറ്റ്. നിങ്ങൾ ചെയ്തതെന്താണെന്ന് കണ്ണോടിക്കൂ. 125 കോടി ജനങ്ങളിൽ നിങ്ങൾ ചിരപ്രതിഷ്ഠ നേടി. നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു.അമിതാബ് ബച്ചൻ. ഒരാഴ്ചയ്ക്ക് മുമ്പുള്ളതിനേക്കാൾ ഹൃദയഭേദകമാണ് എന്റെ അവസ്ഥ എന്നിപ്പോൾ തോന്നുന്നു. നിങ്ങൾ എനിക്ക് പ്രചോദനമാകുന്നു എന്നാണ് ഇന്ത്യയുടെ ഒരേയൊരു വ്യക്തിഗത ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര കുറിച്ചത്. വെള്ളി നേട്ടത്തിന് വലിയൊരു അഭിനന്ദനമെന്നാണ് മേരികോമിന്റെ ട്വീറ്റ് തുടങ്ങുന്നത്. നീ നമ്മുടെ രാജ്യത്തിന്റെ യശസ്സുയർത്തി. കഠിനാധ്വാനത്തിന് പ്രതിഫലവും കിട്ടിയെന്ന് കൂട്ടിച്ചേർക്കുന്നു മേരികോം. ഗംഭീരമായൊരു സല്യൂട്ടാണ് സിന്ധുവിന് കപിൽദേവിന്റെ സമ്മാനം. പർവ്വതത്തെപ്പോലും ചലിപ്പിക്കുന്ന സ്മാഷുകളെന്ന് കളിയെ വിശേഷിപ്പിക്കാനും അദ്ദേഹം മറന്നില്ല. സാക്ഷി മാലിക്കിന്റെ അഭിനന്ദന ട്വീറ്റുമുണ്ട് സിന്ധുവിന്.