- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക്സ് ബാഡ്മിന്റൺ: രണ്ടാം ജയത്തോടെ ഗ്രൂപ്പ് ഘട്ടം കടന്ന് പി വി സിന്ധു നോക്കൗട്ട് റൗണ്ടിൽ; ഹോങ്കോങ്ങിന്റെ നാൻ യി ചെയൂങ്ങിനെ കീഴടക്കിയത് നേരിട്ടുള്ള ഗെയിമുകൾക്ക്; പ്രീ ക്വാർട്ടറിൽ ഡാനിഷ് താരത്തെ നേരിടും; വനിതാ ഹോക്കിയിൽ മൂന്നാം തോൽവി
ടോക്യോ: ടോക്യോയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി.വി സിന്ധു വനിതാ സിംഗിൾസ് ബാഡ്മിന്റണിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് സ്റ്റേജിൽ ടൂർണമെന്റിലെ ആറാം സീഡായ സിന്ധു ഹോങ്കോങ്ങിന്റെ നാൻ യി ചെയൂങ്ങിനെ കീഴടക്കി. നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോർ: 21-9, 21-16
നിലവിലെ വെള്ളി മെഡൽ ജേതാവു കൂടിയായ പി വി സിന്ധു പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിന്റെ മിയ ബ്ലിച്ച്ഫെൽറ്റിനെയാണ് നേരിടുക. ഈ വിജയത്തോടെ ഗ്രൂപ്പ് ജേതാവായാണ് സിന്ധു നോക്കൗട്ടിലേക്ക് കടന്നത്. ഗ്രൂപ്പ് ജെ യിലാണ് സിന്ധു മത്സരിച്ചത്. ചെയൂങ് മത്സരത്തിൽ ഇന്ത്യൻ താരത്തിന് കാര്യമായ വെല്ലുവിളി ഉയർത്തിയില്ല.
ആദ്യ ഗെയിം എതിരാളിക്ക് ഒരവസരവും കൊടുക്കാതെയാണ് സിന്ധു നേടിയത്. രണ്ടാം ഗെയിമിൽ മാത്രമാണ് ങാൻ അൽപമെങ്കിലും വെല്ലുവിളി ഉയർത്തിയത്. ഒരുവേള അവർ മുന്നിലെത്തുകയും ചെയ്തു. എന്നാൽ ആദ്യ പത്ത് പോയിന്റിന് ശേഷം തിരിച്ചടിച്ച സിന്ധു ഗെയിം സ്വന്തമാക്കി.
ഗ്രൂപ്പിൽ രണ്ട് മത്സരവും ജയിച്ചാണ് സിന്ധു നോക്കൗട്ടിന് യോഗ്യത നേടിയത്. ആദ്യ മത്സരത്തിൽ ഇസ്രയേലിന്റെ സെനിയ പൊളികർപോവയെ നേരിട്ടുള്ള ഗെയിമുകളാണ് സിന്ധു തോൽപ്പിച്ചത്.
അതേസമയം, വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം തുടർച്ചയായ മൂന്നാം തോൽവി വഴങ്ങി. ഇന്നു നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രിട്ടനോടാണ് ഇന്ത്യൻ വനിതകൾ തോറ്റത്. ബ്രിട്ടനു വേണ്ടി ഹന്ന മാർട്ടിൻ ഇരട്ടഗോൾ നേടി. 2, 19 മിനിറ്റുകളിലായിരുന്നു ഹന്നയുടെ ഗോളുകൾ.
ലില്ലി ഓസ്ലി (41), ഗ്രെയ്‌സ് ബാൾസ്ഡൻ (57) എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ. ഇന്ത്യയുടെ ആശ്വാസഗോൾ 23ാം മിനിറ്റിൽ ഷർമിളാ ദേവി നേടി. ആദ്യ മത്സരത്തിൽ ലോക ഒന്നാം നമ്പർ ടീമായ നെതർലൻഡ്‌സിനോട് ഇന്ത്യ 51ന് തോറ്റിരുന്നു. രണ്ടാം മത്സരത്തിൽ ജർമനിയോട് 20നും തോറ്റു.
അതേസമയം, അമ്പെയ്ത്തിൽ വീണ്ടും നിരാശ സമ്മാനിച്ച് ഇന്ത്യയുടെ തരുൺദീപ് റായ് പുരുഷ വിഭാഗം വ്യക്തിഗത ഇനത്തിൽ എലിമിനേഷൻ റൗണ്ടിൽ പുറത്തായി. ഷൂട്ട് ഓഫിൽ ഇറ്റലിയുടെ ഷാന്നിയോട് 6 - 5ന് തോറ്റാണ് മടക്കം.
സ്പോർട്സ് ഡെസ്ക്