റിയോ ഡി ജനെയ്‌റോ: ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിന് തൊട്ടുപുറകേ സിന്ധുവിനും സാക്ഷിക്കും മറ്റൊരു സന്തോഷവാർത്ത. ഇരുവർക്കും ഖേൽരത്‌ന പുരസ്‌കാരം നൽകാൻ കായിക മന്ത്രാലയത്തിന്റെ തീരുമാനം.ഒളിമ്പിക്‌സ് മെഡൽ നേടുന്നവർക്ക് ഖേൽരത്‌ന നൽകാറുണ്ടെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര കായികമന്ത്രാലയത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചായിരിക്കും സിന്ധുവിനേയും സാക്ഷിയേയും ഖേൽരത്‌നയ്ക്ക് ശുപാർശ ചെയ്യുക. ചട്ടങ്ങളെ തിരുത്തി എഴുതിയാണ് നടപടി. സാധാരണ ഒളിമ്പിക്‌സ് നടക്കുന്നതിനിടയിൽ ഖേൽ രത്‌ന, അർജുന അവാർഡ് ശുപാർശകൾക്ക് ഉള്ള സമിതി ചേരുന്നത് ഔചിത്യപൂർണ്ണമല്ല. സമിതിയുടെ മുന്നിലേക്ക് വന്ന ഖേൽരത്‌ന ശുപാർശക്കാരിൽ ടിന്റു ലൂക്കയും വിരാട് കോലിയുമാണ് ഉണ്ടായിരുന്നത്. എന്നാൽ കായികമന്ത്രാലയത്തിന്റെ ഇടപടെലിലൂടെ അത് ദീപാ കർമാക്കർ എന്ന ജിംനാസ്റ്റിക് അൽഭുതത്തിനും കിട്ടി. അതിന് ശേഷമാണ് സാക്ഷി മാലിക്കും പിവി സിന്ധുവും ഒളിമ്പിക് മെഡൽ നേടിയത്.

അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യക്കായി വ്യക്തഗത ഇനത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ താരവുമാകാൻ സിന്ധുവിന് ഒരു ജയം കൂടെ മതി. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ കരോളിന മാരിനെയാണ് സിന്ധു നേരിടുക. വെള്ളിയാഴ്ച വൈകിട്ട് 7.30 മുതലാണ് മത്സരം. ഖേൽ രത്‌ന നൽകാനുള്ള തീരുമാനം ഫൈനലിൽ സിന്ധുവിന് കൂടുതൽ ആത്മവിശ്വാസം നൽകും. നേട്ടങ്ങൾക്ക് അംഗീകാരം ഉടൻ തന്നെ നൽകുമെന്ന സന്ദേശമാണ് കായിക ലോകത്തിനും കേന്ദ്ര സർക്കാർ നൽകുന്നത്. 130 കോടി ജനതയും സിന്ധുവിന്റെ മെഡൽ നേട്ടത്തിനുള്ള പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ്. സെമിയിലെ അൽഭുത പ്രകടനത്തിന് എവിടെ നിന്നും സിന്ധുവിന് ഉയർന്ന് കേൾക്കുന്നത് കൈയടി മാത്രമാണ്. റിയോയിൽ വെങ്കലത്തിലൂടെ ഗുസ്തിയിൽ ചരിത്രമായ സാക്ഷിയും രാജ്യത്തിന്റെ അഭിമാനം ഉയർത്തി.

ഈ പ്രത്യേക സാഹചര്യത്തിലാണ് ശുപാർശകൾക്ക് അപ്പുറത്തേക്കുള്ള തീരുമാനം കേന്ദ്ര സർക്കാർ എടുക്കുന്നത്. സിന്ധുവിനും സാക്ഷിക്കും ഖേൽ രത്‌ന നൽകുന്നു. 2015ലെ പുരസ്‌കാരങ്ങളാണ് നിലവിൽ പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ സാക്ഷിക്കും സിന്ധുവിനും അടുത്ത വർഷത്തെ ഖേൽരത്‌ന നൽകാവുന്നതേ ഉള്ളൂ. എന്നാൽ കായികതാരങ്ങളുടെ നേട്ടത്തിന് ഉടൻ അംഗീകാരം നൽകാൻ പ്രധാനമന്ത്രി മോദി നിർദ്ദേശിക്കുകയായിരുന്നു. അതുകൊണ്ടാണ് ചട്ടങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ച് ഖേൽരത്‌ന നൽകുന്നത്. ഇതോടെ ദീപാ കർമ്മാക്കർ, ജിത്തു റോയി, സിന്ധു, സാക്ഷി ഇങ്ങനെ നാലു പേർക്ക് ഖേൽരത്‌നയുടെ മികവ് എത്തുന്നു. സാധാരണ രണ്ട് പേരിൽ കൂടുതൽ പേർക്ക് ഇത് നൽകാറില്ല. പുതിയ ചർച്ചകൾക്ക് തന്നെയാകും കേന്ദ്ര സർക്കാർ നീക്കം വഴിവയ്ക്കുക. എന്നാൽ അർഹതപ്പെട്ടവർക്ക് അംഗീകാരം ഉടൻ നൽകുന്നത് ഔചിത്യത്തോടെയുള്ള തീരുമാനമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

സാക്ഷി മാലിക്കാണ് 2016 റിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത്. റപ്പഷാഗെ റൗണ്ടിലൂടെയാണ് സാക്ഷി വെങ്കല മെഡൽ നേടിയത്. ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ഇതോടെ സാക്ഷി. ബാഡ്മിന്റൺ സെമിഫൈനലിൽ ജപ്പാന്റെ ഒക്കുഹാരയെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ച സിന്ധുവും മെഡൽ ഉറപ്പിച്ചു കഴിഞ്ഞു. ഒളിമ്പിക്‌സ് ബാഡ്മിന്റൺ ചരിത്രത്തിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ താരമായി ഇതോടെ സിന്ധു. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ കരോലിന മാരിനെ തോൽപ്പിക്കാനായാൽ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വർണം നേടുന്ന താരമാകും സിന്ധു.

സിന്ധുവിനായി പ്രാർത്ഥനയും അഭിനന്ദനങ്ങളും

അതിനിടെ ഇന്ത്യയുടെ ബാഡ്മിന്റൺ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്തിയ പി. വി. സിന്ധുവിന് ലോകത്തിന്റെ നാനാദിക്കിൽ നിന്നും അഭിനന്ദന പ്രവാഹം. രാഷ്ട്രീയ സാംസ്‌കാരിക കലാരംഗത്ത് നിന്നുള്ള പ്രമുഖർ സിന്ധുവിന് ആശംസകളുമായി രംഗത്ത് വന്നു. ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ച സിന്ധുവിന് എല്ലാ ആശംസകളും നേരുന്നു' എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. 'മികച്ച പ്രകടനം പുറത്തെടുത്ത സിന്ധുവിന് എല്ലാ ആശംസകളും നേരുന്നു' എന്നാണ് ബാറ്റിങ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ട്വീറ്റ്.

റിയോയിലെ ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യയുടെ മെഡൽപ്പട്ടികയ്ക്ക് പൊൻതിളക്കമേകാൻ സിന്ധു പൊരുതുമ്പോൾ ഇവിടെ ഹൈദരാബാദ് ഗച്ചിബൗളിയിലെ ഗോപീചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ ആവേശത്തിലായിരുന്നു. കുറഞ്ഞത് വെള്ളിമെഡൽ ഉറപ്പിച്ച് ഫൈനലിലിലേക്ക് സ്വർണ്ണത്തിനായുള്ള സ്മാഷുകൾ ഉയരുമ്പോൾ പ്രാർത്ഥനകളും ശക്തമാകുന്നു. ഇവിടത്തെ കോർട്ടിലാണ് പി.വി. സിന്ധു കളിച്ചുവളർന്നത്. സെമിയിൽ ലോക രണ്ടാം നമ്പർ റാങ്കുകാരിയായ ജപ്പാന്റെ വാങ് യിഹാനെതിരെ സിന്ധുപായിച്ച ഓരോ സ്മാഷുകൾക്കും വിദഗ്ധമായ ഡ്രോപ്പുകൾക്കും റിട്ടേണുകൾക്കും റിയോയിലെ ഗ്യാലറിയേക്കാൾ ആരവമായിരുന്നു ഇവിടെ.

പ്രത്യേകം സജ്ജമാക്കിയ വലിയ സ്‌ക്രീനിലാണ് അക്കാദമിയിലെ താരങ്ങൾ കളികണ്ടത്. തൊട്ടടുത്തുകൊക്കപേട്ടിലെ വീട്ടിൽനിന്ന് സിന്ധുവിന്റെ അച്ഛൻ പി.വി. രമണയും അമ്മ പി. വിജയയും സഹോദരിയും കളികാണാൻ അക്കാദമിയിലെത്തി. രാവിലെ മുതൽ വൈകിട്ടുവരെ ആ വോളി താരദമ്പതിമാർ പ്രാർത്ഥനയിലായിരുന്നു. ക്വാർട്ടറിൽ രണ്ടാം നമ്പർ തരമായ വാങ് യിഹാനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച മകൾ മെഡൽ സ്വന്തമാക്കുമെന്ന ഉറച്ചവിശ്വാസത്തിലാണവർ മത്സരം കാണാനെത്തിയത്. 7.30ന് തുടങ്ങുമെന്ന് പറഞ്ഞിരുന്ന മത്സരം തുടങ്ങാൻ വൈകിയപ്പോൾ ഒളിമ്പ്യന്റെ മാതാപിതാക്കളെ മാദ്ധ്യമക്കാർ വളഞ്ഞു. പിന്നീട് പ്രാർത്ഥനയുടെ നിമിഷങ്ങൾ. എട്ടരയോടെ നെഞ്ചിൽ ത്രിവർണപതാക പതിച്ച് മഞ്ഞ ജേഴ്‌സിയണിഞ്ഞെത്തിയ സിന്ധുവിനെ വലിയ സ്‌ക്രീനിൽ കണ്ടപ്പോൾ ആവേശം അലതല്ലി.

റിയോ ഗ്യാലറിയിലെ ഇന്ത്യാ ഇന്ത്യാ... എന്ന ആർപ്പുവിളികൾക്കൊപ്പം ഗ്യാലറിയും ചേർന്നു. സ്‌ക്രീനിൽ പ്രിയ കോച്ച് പി. ഗോപീചന്ദിന്റെ രൂപം തെളിഞ്ഞപ്പോൾ ആർപ്പുവിളിയായി. സിന്ധുനേടിയ ഓരോ പോയന്റുകൾക്കും കരഘോഷങ്ങൾ അകമ്പടിയേകി.

സിന്ധുവിനെ കാത്തിരിക്കുന്നത് ഒളിമ്പിക്‌സ് വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന പേര്

ഒളിമ്പിക്‌സിൽ ആദ്യമായി ഒരു ഇന്ത്യൻ പെൺകുട്ടി വെങ്കലത്തേക്കാൾ തിളക്കമുള്ള ഒരു ഒളിമ്പിക്‌സ് മെഡൽ കഴുത്തിലണിയാൻ പോവുന്നു. പുസാരല വെങ്കിട്ടരമണ സിന്ധുവിന് ഇപ്പോൾ ഒരു വെള്ളിമെഡൽ ഉറപ്പാണ്. ഫൈനലിൽ ജയിച്ചാൽ ദൈവമേ, ഒരു സ്വർണമെഡലും.

സെമിയിൽ ആദ്യ സെറ്റിന്റെ തുടക്കത്തിലേ സിന്ധു മുന്നേറിയപ്പോൾ ജപ്പാൻകാരി ശരിക്കും പകച്ചുപോയിരുന്നു. മുമ്പ് നാലു തവണ താൻ തോൽപ്പിച്ച സിന്ധുവിൽനിന്ന് ഇത്രയ്ക്ക് ഉജ്ജ്വലമായ പ്രകടനം അവൾ പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം സെറ്റിലെ ഒരവസരത്തിലൊഴിച്ച് സിന്ധു ജപ്പാൻകാരിക്ക് ലീഡ് വിട്ടു നൽകിയതേയില്ല. പൊരുതി നേടിയ ഈ വിജയം തികച്ചും ആധികാരികമായിരുന്നു. ഈ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് അഭിമാനമായത് പെൺകരുത്ത് തന്നെയാണ്. സിന്ധു, സാക്ഷി മാലിക്, ദീപ കർമാർക്കർ ഈ മൂന്നു പെൺകുട്ടികളാണ് പുതിയ ഇന്ത്യയുടെ പ്രതീകങ്ങൾ. ഇന്ത്യൻ പെൺകുട്ടികൾക്ക് സാധിക്കാത്തതായി ഒന്നുമില്ലെന്ന് അവർ തെളിയിച്ചുകൊണ്ടിരിക്കുന്നു.

ജിംനാസ്റ്റിക്കിൽ അഭിമാനമായി നാലാം സ്ഥാനത്ത് ദീപയെത്തി. സ്വർണ്ണത്തോളം പോന്ന പ്രകടനമായി ഇന്ത്യ വിലയിരുത്തി ഈ നേട്ടത്തിന്. തൊട്ട് പിന്നാലെ സാക്ഷിയും സിന്ധുവും. വനിതാ ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ വെങ്കലം നേടി സാക്ഷി ഇന്ത്യക്ക് പുതുജീവൻ നൽകിയപ്പോൾ സിന്ധുവും സ്വർണമെഡലും തമ്മിൽ ഒരു ജയത്തിന്റെ അകലം മാത്രമാണുള്ളത്. പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ പിടിച്ചു നിൽക്കാൻ സത്രീകൾക്ക് പ്രത്യേക കഴിവാണെന്ന ധാരണയ്ക്ക് അടിവരയിടുന്ന പ്രകടനമാണ് സിന്ധുവും സാക്ഷിയും റിയോയിൽ പുറത്തെടുത്തത്. ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിൽ ലോക രണ്ടാം നമ്പർ റാങ്കുകാരിയായ വാങ് യിഹാനെതിരെ സിന്ധുവിന്റെ കളി കണ്ടവർക്ക് അത് മനസ്സിലാകും.

2000 സിഡ്‌നി ഒളിമ്പിക്‌സിൽ കർണം മല്ലേശ്വരിയിലൂടെ ഭാരോദ്വഹനത്തിൽ വെങ്കലം, 12 വർഷങ്ങൾക്ക് ശേഷം ലണ്ടൻ ഒളിമ്പിക്‌സിൽ സൈന നേവാളും മേരികോമും ഇന്ത്യയുടെ പെൺപുലികളായി. സൈന ബാഡ്മിന്റണിലും മേരികോം ബോക്‌സിങ്ങിലും വെങ്കലം നേടി. ഇപ്പോൾ സാക്ഷിയും അതേ വെങ്കലത്തിന്റെ തിളക്കം ഇന്ത്യയിലെത്തിച്ചിരിക്കുന്നു.