- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോക്യോയിൽ ഇന്ത്യയുടെ അഭിമാന സിന്ധു; ബാഡ്മിന്റണിൽ ചൈനിസ് താരത്തെ കീഴടക്കി പി വി സിന്ധുവിന് വെങ്കല മെഡൽ; ജയം നേരിട്ടുള്ള ഗെയിമുകൾക്ക്; രണ്ട് ഒളിംപിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം; ഗുസ്തി താരം സുശീൽ കുമാറിന് ശേഷം ചരിത്ര നേട്ടത്തിൽ
ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. ആവേശകരമായ വെങ്കല മെഡൽ പോരാട്ടത്തിൽ ചൈനയുടെ ഹി ബിങ് ജിയാവോയേയാണ് സിന്ധു തോൽപ്പിച്ചത്. ചൈനീസ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോർ: 21-13, 21-15.
റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡലിനോളം പോന്ന നേട്ടവുമായാണ് ടോക്യോയിലെ ഈ വെങ്കലമെഡൽ നേട്ടവും. ഏറെ മോഹിച്ച സുവർണനേട്ടത്തിലേക്ക് കൈ എത്തിപ്പിടിക്കാൻ ആയില്ലെങ്കിലും ഒരു മെഡൽ നേട്ടം എന്ന ഇന്ത്യയുടെ മോഹം കൈവിടാതെ സൂക്ഷിക്കാൻ സിന്ധുവിനായി. ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ തുടർച്ചയായ രണ്ടാം ഒളിംപിക്‌സിലും സിന്ധു മെഡൽ പട്ടികയിൽ ഇടംപിടിച്ചു.
തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന ചരിത്ര നേട്ടത്തിലേക്കാണ് സിന്ധു മുന്നേറിയത്. റിയോയിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. ഗുസ്തി താരം സുശീൽ കുമാർ മാത്രമേ ഇന്ത്യയിൽ നിന്ന് രണ്ട് ഒളിംപിക്സ് മെഡലുകൾ നേടിയിട്ടുള്ളൂ.
ടൂർണമെന്റിലെ എട്ടാം സീഡായ ജിയാവോയ്ക്കേതിരേ ആറാം സീഡായ സിന്ധുവിന് ആദ്യ ഗെയിമിൽ മികച്ച തുടക്കമാണ് ലഭിച്ചത്. 4-0 എന്ന സ്‌കോറിന് ആദ്യം തന്നെ ഇന്ത്യൻ താരം ലീഡെടുത്തു. എന്നാൽ പതിയേ ജിയാവോ മത്സരത്തിലേക്ക് തിരിച്ചുവന്നു. സ്‌കോർ 5-5 എന്ന നിലയിലേക്ക് എത്തിച്ചു.
സിന്ധു അവസരത്തിനൊത്തുയർന്നതോടെ ചൈനീസ് താരത്തിന് പിഴവുകൾ സംഭവിച്ചു. ഡ്രിങ്ക്സ് ബ്രേക്കിന് പിരിഞ്ഞ സമയത്ത് സിന്ധു 11-8 എന്ന സ്‌കോറിന് ലീഡെടുത്തു. ആ ലീഡ് 14-8 ആക്കി ഉയർത്താനും ഇന്ത്യൻ താരത്തിന് കഴിഞ്ഞു. പിന്നീട് സിന്ധുവിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ആദ്യ ഗെയിം താരം അനായാസം 21-13 എന്ന സ്‌കോറിന് സ്വന്തമാക്കി.
രണ്ടാം ഗെയിമിലും സ്ഥിതി മറിച്ചായിരുന്നില്ല. ആദ്യം തന്നെ സിന്ധു 5-2 എന്ന സ്‌കോറിന് ലീഡെടുത്തു. ജിയാവോ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും വ്യക്തമായ ലീഡ് നിലനിർത്താൻ സിന്ധു പരിശ്രമിച്ചു. രണ്ടാം ഗെയിമിലും 11-8 എന്ന സ്‌കോറിന്റെ ലീഡായിരുന്നു ഡ്രിങ്ക്സ് ബ്രേക്കിന് പിരിയുമ്പോൾ സിന്ധു സ്വന്തമാക്കിയത്.
ജിയാവോ ശക്തമായി തിരിച്ചടിക്കാൻ തുടങ്ങിയതോടെ രണ്ടാം ഗെയിമിൽ സ്‌കോർ 11-11 എന്ന നിലയിലെത്തി. ആവേശം മുറുകയതോടെ സിന്ധു ഉണർന്നുകളിക്കാൻ ആരംഭിച്ചു. 15-11 എന്ന സ്‌കോറിന് ഇന്ത്യൻ താരം ലീഡെടുക്കുകയും ചെയ്തു. വൈകാതെ രണ്ടാം ഗെയിം 21-15 എന്ന സ്‌കോറിന് സ്വന്തമാക്കി സിന്ധു ഇന്ത്യയ്ക്ക് വെങ്കലമെഡൽ സമ്മാനിച്ചു.
ടൂർണമെന്റിലുടനീളം വിജയിച്ച മത്സരങ്ങളിലെല്ലാം സിന്ധു ഒറ്റ സെറ്റുപോലും വിട്ടുനൽകിയിട്ടില്ല എന്ന പ്രത്യേകതയുണ്ട്. അത് വെങ്കലമെഡലിനായുള്ള മത്സരത്തിലും കാത്തുസൂക്ഷിക്കാൻ ഇന്ത്യൻ താരത്തിന് സാധിച്ചു.
2016 ???? & 2020 ???? ????
- Sachin Tendulkar (@sachin_rt) August 1, 2021
What an achievement to win 2️⃣ Olympic medals for ????????, @Pvsindhu1!
You have made the whole nation very very proud.#Badminton #Olympics #Tokyo2020 pic.twitter.com/9qsaqwcQsh
ഇതോടെ ടോക്യോയിൽ ഇന്ത്യൻ മെഡൽ നേട്ടം മൂന്നായി. മൂന്നു മെഡലുകളും വനിതാ താരങ്ങളുടെ വകയാണെന്ന പ്രത്യേകതയുമുണ്ട്. ഭാരോദ്വഹനത്തിൽ മീരാബായ് ചാനു നേടിയ വെള്ളി മെഡലോടെയാണ് ഇന്ത്യ ടോക്കിയോയിൽ അക്കൗണ്ട് തുറന്നത്. പിന്നാലെ ബോക്‌സിങ്ങിൽ ലവ്ലിന ബോർഗോഹെയ്ൻ സെമിയിൽ കടന്ന് മെഡൽ ഉറപ്പാക്കി. ലവ്ലിനയ്ക്ക് ഇപ്പോഴും സ്വർണ മെഡൽ നേടാൻ അവസരമുണ്ട്. ഇപ്പോൾ പി.വി. സിന്ധുവിന്റെ വെങ്കലം കൂടിയായതോടെ ഇന്ത്യൻ മെഡൽ നേട്ടം മൂന്ന്.
ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനക്കാരിയായ സിന്ധു അനായാസമാണ് ഒൻപതാം റാങ്കുകാരിയായ ചൈനീസ് താരത്തെ മറികടന്നത്. ഇതിനു മുൻപ് 2019 വേൾഡ് ടൂർസ് ഫൈനലിൽ ഇരുവരും അവസാനമായി ഏറ്റുമുട്ടിയപ്പോഴും ജയം സിന്ധുവിനായിരുന്നു. ഇരുവരും നേർക്കുനേരെത്തിയ 16 മത്സരങ്ങളിൽ സിന്ധുവിന്റെ പേരിൽ ഏഴു വിജയങ്ങളായി. ഒൻപത് തവണ ജിയാവോയും വിജയിച്ചു.
സെമിഫൈനൽ തോൽവിയുടെ വേദന മറന്ന് തൊട്ടടുത്ത ദിവസമാണ് സിന്ധു ടോക്യോയിൽ വെങ്കല മെഡൽ നേട്ടം. ഇന്നലെ സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്‌പേയുടെ തായ് സു യിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്കാണു സിന്ധു പരാജയപ്പെട്ടത് (21 -18, 21 - 12).
ലൂസേഴ്‌സ് ഫൈനലിലെ വിജയത്തോടെ തുടർച്ചയായി 2 ഒളിംപിക്‌സുകളിൽ മെഡൽ എന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്. 2016 റിയോ ഒളിംപിക്‌സിൽ സിന്ധു വെള്ളി നേടിയിരുന്നു. സൈനാ നേവാളിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ബാഡ്മിന്റണിൽ വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു.
സ്പോർട്സ് ഡെസ്ക്