റിയോ ഡി ജനെയ്‌റോ: അട്ടിമറി വിജയത്തോടെ ഇന്ത്യൻ താരം പി.വി സിന്ധു റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റൺ വനിതാ സിംഗിൾസിന്റെ സെമിഫൈനലിൽ കടന്നു. ചൈനയുടെ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള വാങ് യിഹാനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് പത്താം റാങ്കുകാരിയായ സിന്ധു അവസാന നാലിൽ ഇടം പിടിച്ചത്. സ്‌കോർ: 22-20, 21-19. ഇതോടെ സിന്ധു മെഡലിന് ഒരു ജയം മാത്രം അകലെയായി. സെമിയിൽ ജയിച്ചാൽ വെള്ളി മെഡൽ ഉറപ്പിക്കാം. തോറ്റാൽ മൂന്നാം സ്ഥാനത്തിനായുള്ള മത്സരവും ഉണ്ട്. അതിലൂടെ വെങ്കല സാധ്യതയും

സൈന നേവാളിന് ശേഷം ഒളിമ്പിക്‌സിന്റെ സെമിഫൈനലിലെത്തുന്ന ഇന്ത്യൻ താരമാണ് പി.വി സിന്ധു. തന്റെ ആദ്യ ഒളിമ്പിക്‌സിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഹൈദരാബാദുകാരിക്ക് സാധിച്ചു. ലണ്ടൻ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവായ വാങ് യിഹാനെ നേരത്തെ രണ്ട് തവണ സിന്ധു തോൽപ്പിച്ചിട്ടുണ്ട്. ആദ്യ ഗെയിമിൽ പിന്നിലായിരുന്ന സിന്ധു പിന്നീട് മത്സരത്തിലേക്ക് തിരിച്ചു വരികയായിരുന്നു. 7-5ന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് 13-13ന് ഒപ്പമെത്തി. പിന്നീട് വാങ് യിഹാന് ലീഡ് നൽകാതെ ഗെയിം 22-20ന് സിന്ധു സ്വന്തമാക്കി.

രണ്ടാം ഗെയിമിൽ 18-16ന് മുന്നിലായിരുന്ന സിന്ധു ഒരു ഘട്ടത്തിൽ പിന്നോട്ട് പോയി. തുടർച്ചയായ രണ്ട്് പോയിന്റുകൾ നേടി വാങ് യിഹാൻ മത്സരം 1818ലെത്തിച്ചു. എന്നാൽ തളരാതെ പോരാടിയ സിന്ധു മൂന്ന് പോയിന്റുകൾ കൂടി ഗെയിമും മത്സരവും സ്വന്തം പേരിലാക്കി. അങ്ങനെ മൂന്നാം സെറ്റിലേക്ക് മത്സരമെത്തിക്കാതെ ജയിച്ചു കയറി. ഓഗസ്റ്റ് പതിനെട്ടിന് വൈകുന്നേരം 5.50നാണ് മത്സരം. ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സൈന നേവാൾ പ്രീ ക്വാർട്ടർ കാണാതെ പുറത്തായിരുന്നു. പുരുഷ സിംഗിൾസിൽ കെ.ശ്രീകാന്തിന്റെ ക്വാർട്ടറിലെത്തിയിട്ടുണ്ട്.