- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയോ ഒളിമ്പിക്സിൽ വെള്ളി; ടോക്യോ ഒളിമ്പിക്സിൽ വെങ്കലം; കോമൺവെൽത്ത് ഗെയിംസിൽ പൊന്നണിഞ്ഞ് പി വി സിന്ധു; വനിതാ ബാഡ്മിന്റണിൽ സിംഗിൾസ് ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെ കീഴടക്കിയത് നേരിട്ടുള്ള ഗെയിമുകൾക്ക്
ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിലെ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വർണം. ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് സിന്ധു സ്വർണം ചൂടിയത്. മിഷേൽ ലീയ്ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി സിന്ധു. കോമൺവെൽത്ത് ഗെയിംസ് സിംഗിൾസിൽ സിന്ധുവിന്റെ കന്നി സ്വർണമാണിത്.
ആദ്യ ഗെയിം 21-15 എന്ന സ്‌കോറിനാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്. 11-8 എന്ന രീതിയിൽ ഒപ്പത്തിനൊപ്പം പോരാടിയ ശേഷമാണ് ആദ്യ ഗെയിം സിന്ധു നേടിയത്. മത്സരം കൈവിട്ട ലി നിരവധി പിഴവുകൾ വരുത്തുന്നതാണ് രണ്ടാം ഗെയിമിൽ കണ്ടത്. ഇതോടെ സിന്ധു അനായാസം മുന്നേറി. 12-7 എന്ന നിലയിൽനിന്ന് 13-10 എന്ന നിലയിലേക്കു കളി മാറ്റാൻ ലീയ്ക്കു സാധിച്ചു. എന്നാൽ പിഴവുകൾ രണ്ടാം ഗെയിമിലും ആവർത്തിച്ചതോടെ രണ്ടു സെറ്റുകളും ലോക ഒന്നാം നമ്പർ താരം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ: 21-15, 21-13.
ഈ കോമൺവെൽത്തിൽ ബാഡ്മിന്റണിൽ ഇന്ത്യയുടെ ആദ്യ സ്വർണം കൂടിയാണിത്. ഈ ഗെയിംസിൽ ഇന്ത്യയുടെ 56-ാം മെഡലാണ് സിന്ധുവിലൂടെ അക്കൗണ്ടിലെത്തിയത്. 19 സ്വർണവും 15 വെള്ളിയും 22 വെങ്കലവുമായി നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.
കോമൺവെൽത്ത് ഗെയിംസിൽ 2014 ൽ വെള്ളിയും 2018 ൽ വെങ്കലവും താരം സ്വന്തമാക്കിയിട്ടുണ്ട്. ലോകചാംപ്യൻഷിപ്പിൽ അഞ്ചു തവണയും (1 സ്വർണം, 2 വെള്ളി, 2 വെങ്കലം) ഒളിംപിക്‌സിൽ രണ്ടു വട്ടവും സിന്ധു മെഡലുകൾ (വെള്ളി, വെങ്കലം) നേടി.
കോമൺവെൽത്ത് ഗെയിംസ് സെമിയിൽ സിംഗപ്പൂരിന്റെ ജിയാ മിൻ യെവോയെ ആണ് സിന്ധു വീഴ്‌ത്തിയത്. കോമൺവെൽത്ത് ഗെയിംസിലെ തന്റെ ആദ്യ സ്വർണമാണ് സിന്ധു ബിർമിങ്ഹാമിൽ ലക്ഷ്യമിട്ടത്. 2018ൽ ഗോൾഡ് കോസ്റ്റിൽ നേടിയ വെള്ളി ബിർമിങ്ഹാമിൽ സ്വർണത്തിലേക്ക് എത്തിക്കാൻ സിന്ധുവിന് കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകകർ. കോമൺവെൽത്ത് ഗെയിംസിൽ മൂന്നാം തവണയാണ് സിന്ധു ഫൈനലിൽ കടക്കുന്നത്. ഇത്തവണ സ്വർണ നേട്ടത്തോടെ അത് ആഘോഷിക്കാൻ സിന്ധുവിന് സാധിച്ചു.
ലോക 14-ാം നമ്പർ താരമാണ് കാനഡയുടെ മിഷേൽ ലി. ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ ഇന്നു ഫൈനൽ പോരാട്ടത്തിനിറങ്ങും. പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി, സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി എന്നിവരും സ്വർണ മെഡലിനായി ഇറങ്ങുന്നു.
ബിർമിങ്ഹാമിൽ തോൽവി അറിയാതെയായിരുന്നു സിന്ധുവിന്റെ കുതിപ്പ്. മിക്സഡ് ടീം വിഭാഗത്തിലും സിന്ധു ജയം പിടിച്ചിരുന്നു. മിക്സഡിൽ 1-3ന് മലേഷ്യയോട് ഇന്ത്യ തോറ്റപ്പോൾ സിന്ധുവാണ് ഒരേയൊരു ജയം നേടിയത്. മിക്സഡ് ടീം ഇനത്തിൽ ഇന്ത്യ വെള്ളി നേടിയിരുന്നു.
2016 ലെ റിയോ ഒളിമ്പിക്സിൽ വെള്ളിയും, 2020ലെ ടോക്യോ ഒളിമ്പിക്സിൽ വെങ്കലവും സിന്ധു നേടിയിട്ടുണ്ട്. തുടർച്ചയായി രണ്ട് ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 2018 ലെ കോമൺ വെൽത്ത് ഗെയിംസിൽ മിക്സഡ് വിഭാഗത്തിൽ സ്വർണ്ണവും സിംഗിൾസ് വിഭാഗത്തിൽ വെള്ളിയും സ്വന്തമാക്കി. 2014ലെ കോമൺ വെൽത്ത് ഗെയിംസിൽ വെങ്കലവും, അതോടൊപ്പം 2018 ലെ ഏഷ്യൻ ഗെയിംസിൽ വെള്ളിയും 2014 ൽ വെങ്കലവും നേടിയിട്ടുണ്ട്.
കോമൺവെൽത്ത്‌ഗെയിംസിൽ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വെങ്കലം നേടിയിരുന്നു. സിംഗപ്പൂരിന്റെ ജിയ ഹെങ് തെഹിനെ 21-15, 21-18 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് പോഡിയം ഫിനിഷ് ഉറപ്പിച്ചത്. സിംഗപ്പൂരിന്റെ ജേസൺ ടെഹ് ജിയ ഹെങ്ങിനെയാണ് കിഡംബി പരാജയപ്പെടുത്തിയത്.
സിംഗിൾസിൽ കിഡംബിയുടെ രണ്ടാം മെഡൽ നേട്ടമാണിത്. ആകെ നാല് മെഡലുകളാണ് കിഡംബി ശ്രീകാന്ത് നേടിയിട്ടുള്ളത്. കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ മിക്‌സഡ് മത്സരത്തിൽ കിഡംബി വെള്ളി മെഡൽ നേടിയിരുന്നു.
ഇന്നത്തെ മറ്റ് ഫൈനലുകൾ
പുരുഷ സിംഗിൾസ് ഫൈനലിൽ ലക്ഷ്യ സെൻ മലേഷ്യയുടെ സേ യോംഗ് ഇംഗിനെ നേരിടുമ്പോൾ പുരുഷ ഡബിൾസ് ഫൈനലിൽ ചിരാഗ് ഷെട്ടി, സാത്വിക് സായ്‌രാജ് സഖ്യവും സ്വർണപ്രതീക്ഷയുമായി ഇറങ്ങും. ഇംഗ്ലണ്ട് താരങ്ങളാണ് എതിരാളികൾ. മൂന്നരയ്ക്ക് ടേബിൾ ടെന്നിസ് സിംഗിൾസിൽ സത്യൻ ജ്ഞാനശേഖരന് വെങ്കലമെഡൽ പോരാട്ടവും നാലിന് അജന്ത ശരത് കമലിന് സ്വർണമെഡൽ പോരാട്ടവും നടക്കും. വൈകിട്ട് അഞ്ചിനാണ് ഇന്ത്യയുടെ അവസാന മത്സരം. മലയാളിതാരം പി ആർ ശ്രീജേഷ് ഉൾപ്പെട്ട ഹോക്കി ടീം ഫൈനലിൽ ഓസ്‌ട്രേലിയയെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് സമാപന ചടങ്ങുകൾക്ക് തുടക്കമാവും.
സ്പോർട്സ് ഡെസ്ക്