തിരുവനന്തപുരം: പൊതുമരാമത്ത് പ്രവൃത്തികൾ ഒറ്റക്ലിക്കിൽ തൊട്ടറിയാനായി 'തൊട്ടറിയാം@ PWD' ആപ്പ് പ്രവർത്തനമാരംഭിക്കുന്നു.ഏപ്രിൽ 20 മുതലാണ് ആപ്പ് പ്രവർത്തിച്ച് തുടങ്ങുകയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളിൽ ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന് ചുമതലയേറ്റപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി ടെക്നോളജിയുടെ സഹായത്തോടെ നൂതന ആശയങ്ങൾ പിഡബ്ല്യൂഡി നടപ്പിലാക്കി വരികയാണ്.

2021 നവംബറിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ വച്ചാണ് പൊതുമരാമത്ത് വകുപ്പ് പ്രൊജക്ട് മാനേജ്മെന്റ് സിസ്റ്റം ആരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. 2022 ൽ തന്നെ ഈ സംവിധാനം ആരംഭിക്കുമെന്നും അന്ന് പറഞ്ഞിരുന്നു.

'തൊട്ടറിയാം@PWD' എന്ന പേരിൽ ഈ സംവിധാനം നിലവിൽ വരുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ ഇനിമുതൽ എല്ലാവർക്കും ഒറ്റക്ലിക്കിൽ തൊട്ടറിയാം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

പൊതുമരാമത്ത് വകുപ്പിൽ ഒരു പദ്ധതി ആരംഭിച്ചാൽ അത് പൂർത്തിയാക്കുന്നതു വരെ പദ്ധതിയുടെ ഓരോ ഘട്ടത്തിലുമുള്ള പുരോഗതിയും അറിയാനാകുന്ന സംവിധാനമാണ് ഇത്. 'തൊട്ടറിയാം PWD' വഴി എപ്പോൾ പ്രവൃത്തി തുടങ്ങും, എപ്പോൾ അവസാനിക്കണം, എത്ര ശതമാനം പ്രവൃത്തി പുരോഗമിച്ചു എന്നിങ്ങനെ എല്ലാ വിവരങ്ങളും ലഭ്യമാകും. ഓരോ ഘട്ടത്തിനും കൃത്യമായ ടൈം ലൈൻ ഉണ്ടാകും.

കരാറുകാർക്ക് അവരുടേതായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാം, ജനപ്രതിനിധികൾക്ക് അവരുടെ മണ്ഡലത്തിലെ പ്രവൃത്തിയുടെ പുരോഗമി മനസിലാക്കാം, ജനങ്ങൾക്ക് അവരുടെ നാട്ടിലെ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താം, അവരുടെ പരാതികൾ രേഖപ്പെടുത്താം എന്നിങ്ങനെയുള്ള സവിശേഷതകളും ഈ സംവിധാനത്തിൽ ഉണ്ട്.

പ്രവർത്തനം ആരംഭിക്കും.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. പൊതുമരാമത്ത് പ്രവൃത്തികളിൽ സുതാര്യത, വേഗത എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതിയെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.