തിരുവനന്തപുരം: 'പയ്യന്നൂർ കേരളത്തിൽ അല്ലേ. പയ്യന്നൂർ എന്നാൽ പിവൈ അല്ലേ. കേരള നികുതി എന്താ പയ്യന്നൂരിൽ ബാധകമല്ലേ?'

സംഭവം സുരേഷ് ഗോപിയുടെ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള ചർച്ചയാണ്. ഏറെ ചർച്ചകൾക്കൊടുവിലാണ് ഒരു വിരുതൻ പിവൈ എന്നതു പയ്യന്നൂരാണെന്നു കണ്ടെത്തിയത്

'PY '- പയ്യന്നൂർ എന്താ കേരളത്തിൽ അല്ലേ ? കേരള Tax പയ്യന്നൂരിൽ ബാധകമല്ലേ ? കമ്മികൾക്ക് ഉത്തരം മുട്ടും , തീർച്ച. ഞങ്ങളുടെ ആരാധ്യനായ നേതാവ് ബഹു MP സുരേഷേട്ടന്റെ ദേശസ്‌നേഹം ചോദ്യം ചെയ്തവർക്ക് ചുട്ട മറുപടിയാണിത്.' എന്നാണു ഒരു ചിത്രവും പോസ്റ്റ് ചെയ്തു ധർമജൻ പൊക്കാളി എന്ന പേരിലുള്ള ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്ന് ഒരാൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോണ്ടിച്ചേരിയെ പയ്യന്നൂരാക്കി ചിത്രീകരിക്കുന്ന സംഗതി ട്രോൾ ആണെന്നും അതല്ല, സ്വാഭാവികമായ മണ്ടത്തരമാണെന്നും രണ്ടുപക്ഷമുണ്ട്. സൈബർ ലോകത്ത് ഇതു വലിയ ചർച്ചയാകുകയും ചെയ്തിട്ടുണ്ട്.

പിവൈ പോണ്ടിച്ചേരിയായ സ്ഥിതിക്ക് കെഎൽ കിളിമാനൂർ ആണെന്നും യുപി ഉപ്പളയാണെന്നും കെഎ കണ്ണൂരാണെന്നും എംപി മലപ്പുറമാണെന്നും പ്രഖ്യാപിച്ചേക്കാനും സോഷ്യൽ മീഡിയ പരിഹസിക്കുന്നുണ്ട്. പിവൈ പയ്യന്നൂരല്ല, പേയാടാണെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഇതു താൻ സുരേഷ് ഗോപിയെ കളിയാക്കിയതല്ലേടോ എന്നും സൈബർ ലോകം ചോദിക്കുന്നുണ്ട്.

സുരേഷ് ഗോപി സ്വന്തം വാഹനത്തിന് പോണ്ടിച്ചേരി രജിസ്‌ട്രേഷൻ നടത്തിയതു ടാക്‌സ് വെട്ടിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെ വിവിധ വാദപ്രതിവദങ്ങളും നടന്നു. ഈ പശ്ചാത്തലത്തിലാണു പോണ്ടിച്ചേരിയിലെ പിവൈ പയ്യന്നൂരാക്കിയുള്ള 'വിശദീകരണ'വും വരുന്നത്.