കൊയ്‌റോ: ഈജ്പിതിലെ കൈറോയ്ക്കടുത്ത് നിന്നും കണ്ടെത്തിയ പിരമിഡിൽ അനേകം പൂച്ചകളുടെ അവശിഷ്ടങ്ങൾ മനുഷ്യരെ സംസ്‌കരിക്കുന്ന വിധത്തിൽ ആദരവോട് കൂടി സംസ്‌കരിച്ച നിലയിൽ കണ്ടെത്തി. 4500 വർഷങ്ങൾക്ക് മുമ്പുള്ള പിരമിഡിലാണ് ഈ അത്ഭുതം കണ്ടെത്തിയിരിക്കുന്നത്. അക്കാലത്ത് ഇവിടെ മനുഷ്യരെ പോലെ തന്നെ മരിക്കുന്ന മൃഗങ്ങളെയും ഇത്തരത്തിൽ ശവമടക്കിന് വിധേയമാക്കിയിരുന്നുവെന്നാണ് ചരിത്രകാരന്മാർ കണ്ടെത്തിയിരിക്കുന്നത്. കെയ്റോയിലെ പിരമിഡിന് അരികിലുള്ള പുരാതന ശ്മശാനഭൂമികയിലാണ് ഇവയെ മമ്മിഫൈയ്ഡ് ചെയ്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സൗത്ത് കെയ്റോയിലെ നെക്രോപോളിസ് കിങ് യൂസർകാഫ് കോംപ്ലക്സിലാണ് ഈ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

ഇനി വരാനിരിക്കുന്ന ആഴ്ചകളിൽ പ്രിസ്റ്റിനെ അഞ്ചാം ഡൈനാസ്റ്റിയുടെ ശവക്കല്ലറകളും ഗവേഷകർ തുറന്ന് പരിശോധിക്കാനിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസങ്ങൾക്കിടെ ഇവിടെ നടത്തിയ പരിശോധനകൾക്കിടയിൽ നിരവധി ജീവികളുടെ അവശിഷ്ടങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ശവക്കല്ലറകളിൽ നിന്നും മരം കൊണ്ടുള്ള പ്രതിമകളും മറ്റ് നിരവധി മൃഗങ്ങളുടെയും പക്ഷികളുടെയും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു ശവക്കല്ലറയുടെ കവാടം സീൽ ചെയ്ത നിലയിലാണുള്ളതെന്നാണ് ഈജിപ്തിലെ സൂപ്രീം കൗൺസിൽ ഓഫ് ആന്റിക്യുറ്റീസിന്റെ സെക്രട്ടറി ജനറലായ മോസ്തഫ വാസിരി വെളിപ്പെടുത്തുന്നത്.

ഈജിപ്ഷ്യൻ ആർക്കിയോളജിക്കൽ മിഷനിലെ ഗവേഷകരാണ് കണ്ടുപിടിത്തം നടത്തിയിരിക്കുന്നതെന്നാണ് ആന്റിക്യുറ്റീസ് മിനിസ്റ്ററായ ഖാലിദ് എൽ എനാനി പറയുന്നത്. ഈ ഖനനം ഇവിടെ ആരംഭിച്ചത് ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു. ഇവിടെ മൂന്ന് ശവക്കല്ലറകളായിരുന്നു പൂച്ചകളെ അടക്കാൻ ഉപയോഗിച്ചിരുന്നതെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. മറ്റ് നാല് ശവക്കല്ലറകളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. പഴയ രാജവംശത്തിലെ നാലാം തലമുറയുടെ കാലത്തുള്ള ശവക്കല്ലറകളാണിതെന്നാണ് കണക്കാക്കുന്നത്.

പുതിയ ചരിത്രപരമായ കണ്ടെത്തലിനെ ടൂറിസത്തിന്റെ വികസനത്തിന് പരമാധി ഉപയോഗിക്കാനാണ് ഈജിപ്ത് ലക്ഷ്യമിടുന്നത്. മതപരമായ ബലിക്കും പൂച്ചകളെ 5500 വർഷങ്ങൾക്ക് മുമ്പ് ഈജിപ്തിൽ ഉപയോഗിച്ചുവെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഇവിടെ പൂച്ചകൾ മൗ എന്നാണ് അറിയപ്പെടുന്നത്. ഈജിപ്ഷ്യൻ സൊസൈറ്റിയിൽ പൂച്ചകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഇവർ അനുഗ്രഹത്തിന്റെ പ്രതീകമായി പൂച്ചകളെ കാണുന്നു. ഇവിടെ രണ്ട് ദൈവങ്ങൾ പൂച്ചകളുടെ രൂപത്തിലാണ്. മാഫ്ഡെറ്റ്, ബാസ്ടെറ്റ് എന്നിവയാണിവ. ഇതിൽ ബാസ് ടെറ്റ് ദൈവത്തിന് സമർപ്പിച്ച് ബ്രോൺസ് കൊണ്ടുള്ള പ്രതിമയും കുഴിച്ചെടുത്തിരുന്നു.