ദോഹ: പശ്ചിമേഷ്യ -വടക്കൻ ആഫ്രിക്ക മേഖലയിലെ ഏറ്റവും സമാധാനമുള്ള രാജ്യമെന്ന ഖ്യാതി ഖത്തറിന് ലഭിച്ചു. ആഗോള സമാധാന സൂചിക 2016 അനുസരിച്ചാണ് പശ്ചിമേഷ്യ -വടക്കൻ ആഫ്രിക്ക(മെന)യിലെ ഏറ്റവും സമാധാനം നിലനിൽക്കുന്ന രാജ്യമെന്ന സ്ഥാനം ഖത്തർ നേടിയത്. ഇതിൽ കുവൈത്ത്, യുഎഇ, ടുണീഷ്യ, ഒമാൻ എന്നിവരാണ് തൊട്ടുപിറകിൽ സ്ഥാനം പിടിച്ച രാജ്യങ്ങൾ.

ആഭ്യന്തര യുദ്ധങ്ങളും സംഘർഷങ്ങളുമാണ് പ്രതിസന്ധിയിലാക്കിയ മെന മേഖല ലോകത്തിലെ സമാധാനം കുറഞ്ഞ മേഖലയായാണ് പൊതുവെ അറിയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ സൂചികകൾ പുറത്തുവന്നത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ കുവൈത്ത് 51ഉം യുഎഇ 61 ഉം ഒമാൻ 74 ഉം സൗദി, ബഹ്റൈൻ എന്നിവ യഥാക്രമം 129, 132 സ്ഥാനത്തുമാണ് ഉള്ളത്.

ആഗോള തലത്തിൽ 1.716 പോയന്റോടുകൂടി 34-ാം സ്ഥാനമാണ് ഖത്തറിനുള്ളത്. 163 രാജ്യങ്ങൾ സൂചികയിൽ ഇടം പിടിച്ചതിൽ സിറിയയാണ് അവസാനം. ആഭ്യന്തര യുദ്ധവും കലാപങ്ങളുമാണ് സിറിയയെ ഏറ്റവും പിറകിലാക്കിയത്.

മുൻ വർഷങ്ങളിൽ 81 രാജ്യങ്ങളിൽ കൂടുതൽ സമാധാനം ഉറപ്പായപ്പോൾ 79 രാജ്യങ്ങളിൽ സമാധാനം നഷ്ടമായെന്ന് സൂചിക ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ വൻഭീഷണി നേരിടുന്നത് യൂറോപ്പാണ്. തുർക്കി, ഫ്രാൻസ്, ബെൽജിയം എന്നിവയും ഭീഷണി നേരിടുന്നുണ്ട്.