കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ കുറ്റ്യാടി മേഖലയിലെ ഖത്തറിൽ പ്രവർത്തിക്കുന്ന 12 പ്രാദേശിക കൂട്ടായ്മകൾ കൂടി ചേർന്ന പൊതു വേദി, ഫ്രണ്ട്‌സ് അസോസിയേഷൻ ഫോർ ക്രിയേറ്റീവ് എൻ റിച്ച്‌മെന്റ്‌സ് ( രൂപീകരിച്ചു. ഓൾഡ് ഐഡിയൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വച്ച് 12 കൂട്ടായ്മകളുടെയും ഭാരവാഹികൾ ചേർന്ന് സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.

കരിയർ ഗൈഡൻസ്, നിയമപരമായ സഹായം, പ്രവാസികളുടെ സാമൂഹിക സാംസ്‌കാരിക കാലാ കായിക രംഗങ്ങളിലെ ഉന്നമനത്തനായി വിവിധ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കൽ, പ്രാദേശിക കൂട്ടായ്മകളുടെ പ്രവർത്തനങ്ങളുടെ ഏകീകരണം തുടങ്ങിയവയാണ് ഫെയ്‌സ് ഖത്തർ ലക്ഷ്യമിടുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഓപൺ ഫോറത്തിന് ഐ.സി.ബി.എഫ് ലീഗൽ സെൽ മേധാവി അഡ്വക്കറ്റ് ജാഫർ ഖാൻ നേതൃത്വം നൽകി. ഖത്തറിലെ പുതിയ തൊഴിൽ നിയമങ്ങൾ, സാമ്പത്തിക ഇടപാടുകളിൽ പുലർത്തേണ്ട സൂക്ഷമതകൾ, സോഷ്യൽ മീഡിയയുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിൽ സദസ്യരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഫെയ്‌സ് ഖത്തർ ചെയർമാൻ കെ.സി. കുഞ്ഞമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. തൻസീം കുറ്റ്യാടി ഫെയ്‌സ് ഖത്തറിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. മുഖ്യ പ്രായോജകരായ ഇന്ത്യൻ കോഫീ ഹൗസ് പ്രതിനിധി ജമാൽ കാപ്പുങ്കര അഡ്വ: ജാഫർഖാനു ഉപഹാരം സമർപ്പിച്ചു.

വിവിധ കൂട്ടായ്മകൾ അവതരിപ്പിച്ച ഒപ്പന, അറബിക് ഡാൻസ്, വട്ടപ്പാട്ട്, വെൽകം ഡാൻസ്, സംഘഗാനം, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി.

പരിപാടിയോടനുബന്ധിച്ച് സ്ത്രീകൾ ഒരുക്കിയ ക്രാഫ്റ്റ് എക്‌സ്‌പോയും തൊഴിലന്വേ ഷകർക്കായി ഒരുക്കിയ കരിയർ കോർണറും ശ്രദ്ധേയമായി. അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ചെക്കപ്പ് കൗണ്ടറും സ്‌കൂൾ കുട്ടികൾക്കായി കണ്ണ് പരിശോധനയും സജ്ജീകരിച്ചിരിന്നു. ഫോടോഗ്രഫി, കുട്ടികളുടെ ഡ്രോയിങ്ങ്, പെയിന്റിങ്ങ് തുടങ്ങിയ പ്രദർശനങ്ങളും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു.സമദ് മാണിക്കോത്ത്, ജലീൽ കുറ്റ്യാടി, ഉബൈദുല്ല കെ.പി, ഹമീദ് പാലേരി തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്വാഗത സംഘം ജനറൽ കൺവീനർ മജീദ് മൈലിശ്ശേരി സ്വാഗതവും കെ.എൻ. മുജീബ് നന്ദിയും പറഞ്ഞു.