ദോഹ: ഖത്തറിലെ പാർപ്പിട മേഖലകളിലെ  കടകൾ തുടങ്ങാൻ അവസരം ഒരുങ്ങുന്നു. പാർപ്പിട മേഖലകളിലെ വാണിജ്യസ്ഥാപനങ്ങൾക്കു ലൈസൻസ് നീട്ടി നൽകുന്നതിനുള്ള നിയമഭേദഗതിക്കു പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. സാമ്പത്തിക, വാണിജ്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച കരടു നിയമഭേദഗതി മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിച്ചത്. സാമ്പത്തിക വാണിജ്യമന്ത്രാലയത്തിന്റെ 2011ലെ 239 ാംഉത്തരവനുസരിച്ചാണു പാർപ്പിടമേഖലകളിൽ പൊതുകടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും താൽക്കാലിക ലൈസൻസ് അനുവദിച്ചിരുന്നത്.

ഈ ലൈസൻസുകളുടെ കാലാവധി 2019 ഡിസംബർ 31വരെ ദീർഘിപ്പിക്കുന്നതിനാണ് ഇപ്പോൾ നിയമഭേദഗതി കൊണ്ടുവന്നത്. 2011ലെ 239 ാം നിയമത്തിന്റെ ഒന്നാം അനുച്ഛേദമനുസരിച്ചു രാജ്യത്തെ പാർപ്പിടമേഖലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന എല്ലാ പൊതുകടകൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും മന്ത്രിസഭ ഇന്നലെ അംഗീകരിച്ച കരടുനിയമഭേദഗതി പ്രകാരം മൂന്നുവർഷത്തേക്കു ലൈസൻസ് നീട്ടിക്കിട്ടും.

എന്നാൽ ഓരോവർഷവും കടയുടമകൾ ലൈസൻസ് പുതുക്കിയെടുക്കേണ്ടതുണ്ട്. അടുത്ത സെപ്റ്റംബർ ആറു മുതൽ ഒൻപതു വരെ കസാഖിസ്ഥാനിലെ അസ്താനയിൽ നടക്കുന്ന എക്സ്പോ 2017ൽ പങ്കെടുക്കുന്നതിനു വാണിജ്യമന്ത്രാലയം മുന്നോട്ടുവച്ച ഉപധനാഭ്യർഥനയും മന്ത്രിസഭായോഗം അംഗീകരിച്ചു.