സൗദി അറേബ്യയും യു.എ.ഇയും അടക്കമുള്ള അറബ് രാജ്യങ്ങൾ ഒരുമാസംമുമ്പ് ഉപരോധമേർപ്പെടുത്തുമ്പോൾ, ഖത്തർ ദിവസങ്ങൾക്കകം നിലംപൊത്തി അവരുടെ കാൽക്കലെത്തുമെന്നായിരുന്നു ഇവരുടെ ധാരണ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ നടപ്പാക്കിയ ഉപരോധം ഒരുമാസം പിന്നിടുമ്പോഴും ഖത്തറിൽ ജീവിതത്തിനൊരു മാറ്റവുമില്ല. സൗദി മുന്നോട്ടുവെച്ച ഉപാധികൾ ഖത്തർ തള്ളിയതും ഉപരോധമേർപ്പെടുത്തിയവർക്ക് തിരിച്ചടി.

കരമാർഗവും കടൽമാർഗവും വായുമാർഗവും ഖത്തറുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച അറബ് രാജ്യങ്ങൾക്ക് ഖത്തറിന് മറ്റു രാജ്യങ്ങളിൽനിന്ന് കിട്ടുന്ന പിന്തുണയെ ചെറുക്കാനായില്ല. ഭക്ഷ്യവസ്തുക്കളടക്കമുള്ളവയ്ക്ക് കടുത്ത ക്ഷാമവുമുണ്ടാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ഖത്തറിലെ ഷോപ്പിങ് മാളുകളിലും ആഡംബര ഹോട്ടലുകളിലും ജീവിതം മുൻപത്തെപ്പോലെ ആഘോഷപൂർവം നടക്കുകയാണ്.

യൂറോപ്യൻ രാജ്യങ്ങളിൽനിന്നും തുർക്കിയിൽനിന്നുമെത്തുന്ന ഭക്ഷ്യവസ്തുക്കളാണ് ഖത്തറിന് സുഗമമായ അതിജീവനമൊരുക്കിയത്. ഓസ്‌ട്രേലിയയിൽനിന്നും വൻതോതിൽ ഇറക്കുമതി നടക്കുന്നു. 2022-ൽ ലോകകപ്പ് നടക്കുന്ന ദോഹയിൽ അതിന്റെ തയ്യാറെടുപ്പുകൾക്കും യാതൊരു മുടക്കവുമില്ല. ജെറാർഡ് പിക്വെ, സെർജിയോ ബുസ്‌കെറ്റ്‌സ്, ജോർഡി ആൽബ തുടങ്ങിയ സ്പാനിഷ് താരങ്ങൾ കഴിഞ്ഞയാഴ്ച ദോഹയിലെത്തി ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ചു.

ജൂൺ ആദ്യമാണ് സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ, ഈജിപ്ത് തുടങ്ങിയ ഏഴ് രാജ്യങ്ങൾചേർന്ന് ഖത്തറിന് ഉപരോധമേർപ്പെടുത്തിയത്. ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ച ഈ രാജ്യങ്ങൾ ഖത്തറിലേക്കുള്ള എല്ലാവിധത്തിലുള്ള ഗതാഗതവും നിർത്തിവെച്ചു. ഇസ്ലാമിക തീവ്രവാദികൾക്ക് ഖത്തർ നൽകുന്ന പിന്തുണയാണ് ഉപരോധത്തിന് കാരണമായി ഈ രാജ്യങ്ങൾ പറഞ്ഞത്. ഖത്തർ ഇത് നിഷേധിച്ചെങ്കിലും ഉപരോധത്തിന് ഇളവുണ്ടായില്ല.

ഉപരോധം പ്രഖ്യാപിച്ച ദിവസങ്ങളിൽ മാളുകളിലും ഗ്രോസറി ഷോപ്പുകളിലും തിരക്കനുഭവപ്പെട്ടിരുന്നു. എന്നാൽ, ഏതാനും ദിവസങ്ങൾകൊണ്ട്തന്നെ ഖത്തർ സാധാരണ നില കൈവരിച്ചു. 37-കാരനായ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയോടുള്ള ജനങ്ങളുടെ വിശ്വസ്തതയും ഖത്തറിനെ ഒന്നിപ്പിച്ചുനിർത്തി.

വൻതോതിലുള്ള പണശേഖരമാണ് ഖത്തറിനെ താങ്ങിനിർത്തുന്ന പ്രധാന സ്രോതസ്. ഖത്തറിന്റെ ശേഖരത്തിൽ 340 ബില്യൺ ഡോളർ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 40 ബില്യൺ ഡോളർ പണമായും സ്വർണമായുമാണുള്ളത്. ശേഷിച്ച 300 ബില്യൺ ഡോളർ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റിയുടെ നിക്ഷേപങ്ങളാണ്. ന്യുയോർക്കും ലണ്ടനുമടക്കമുള്ള വൻനഗരങ്ങളിലെല്ലാം ഖത്തറിന് നിക്ഷേപമുണ്ട്.

പ്രകൃതിവാതകശേഖരവും ഖത്തറിനെ സമ്പന്നമാക്കുന്നു. ഊർജപ്രതിസന്ധിയില്ല എന്നത് ഉപരോധത്തെ സധൈര്യം നേരിടാൻ അവരെ പ്രാപ്തരാക്കുന്നു. ലോകത്തെ ഏറ്റവും വലിയ എൽ.പി.ജി ഉദ്പാദകരാണ് ഖത്തർ. ഒമാനും യു,എ.ഇയും ഖത്തറുമായുള്ള ബന്ധങ്ങൾ വിഥേദിച്ചെങ്കിലും ഇപ്പോഴും നിലനിൽക്കുന്നത് കടലിനടിയിലൂടെ ഖത്തറിൽനിന്നെത്തുന്ന പ്രകൃതിവാതകത്തെ ആശ്രയിച്ചാണ്. യഥാർഥത്തിൽ ഉപരോധം അവരെ സഹായിച്ചുവെന്നാണ് ഭൂരിപക്ഷം ഖത്തറുകാരും വിശ്വസിക്കുന്നത്. സ്വന്തം സമ്പദ്‌വ്യവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഖത്തർ ഇതിലൂടെ പഠിച്ചതായും അവർ വിശ്വസിക്കുന്നു.