ഡബ്ലിൻ: അടുത്ത വർഷം മുതൽ ഡബ്ലിനിൽ നിന്നും ദോഹയിലേയ്ക്ക് ഖത്തർ എയർവേയ്‌സ് സർവീസ് നടത്തിത്തുടങ്ങും. ഏറെക്കാലമായി ഖത്തർ എയർവേയ്‌സ് ഈ റൂട്ടിൽ സർവീസ് നടത്താൻ പദ്ധതിയിട്ടിരിക്കുകയായിരുന്നു. എയർ ലിംഗസ് ദോഹയിലേയ്ക്ക് സർവീസ് നടത്തുകയോ, ഖത്തർ എയർവേയ്‌സ് ഡബ്ലിനിലേയ്ക്ക് സർവീസ് നടത്തുകയോ ചെയ്യുമെന്ന കാര്യം എയർ ലിംഗസ് ചീഫ് എക്‌സിക്യുട്ടിവ് സ്റ്റീഫൻ കാവാനാഗ് ഈ വർഷമാദ്യം ഉറപ്പു നൽകിയിരുന്നു.

അടുത്ത മെയ് മാസത്തിൽ സർവീസുകൾ ആരംഭിക്കും എന്ന സൂചനയാണ് മുമ്പ് അദ്ദേഹം നൽകിയിരുന്നത്.എന്നാൽ പുതിയ സാഹചര്യത്തിൽ തിയതി പ്രഖ്യാപിച്ചിട്ടില്ല ബിസിനസ് പങ്കാളികൾ എന്ന നിലയിൽ എയർ ലിംഗസിന് ഖത്തറിലേക്ക് സർവീസ് നടത്താനും ആഗ്രഹമുണ്ട്.അതുകൊണ്ട് തന്നെ ഇരു കമ്പനികളും തീരുമാനിക്കുന്നതിന് അനുസരിച്ച് ഷോർട്ട് നോട്ടീസിലും സർവീസ് ആരംഭിക്കാനാവും.

മിഡിൽ ഈസ്റ്റിലേയ്ക്ക് കൂടുതൽ പേർക്ക് യാത്ര ചെയ്യാൻ ഇത് സൗകര്യമൊരുക്കുമെന്നും, ദോഹ വഴി കണക്ഷൻ ഫ്‌ളൈറ്റുകളിൽ യാത്ര ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയർലണ്ടിലെ ടൂറിസം വളരാനും ഇത് കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

സമ്മർ അവധിക്കായുള്ള ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിച്ചെങ്കിലും ഖത്തർ എയർവേയ്സ് കൂടി സർവീസ് ആരംഭിച്ചാൽ ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് കേരളത്തിലേയ്ക്കുള്ള യാത്രികർ.എന്നാൽ വിമാന സർവീസ് എന്ന് ആരംഭിക്കും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്