ദോഹ: ചുരുങ്ങിയ കാലത്തിനുള്ളിൽ യുവാക്കൾക്കിടയിൽ താരമായി മാറിയ ഹോവർ ബോർഡിന് വിമാനത്തിൽ വിലക്കേർപ്പെടുത്തി. സ്മാർട്ട് ബാലൻസ് വീൽ എന്നുകൂടി അറിയപ്പെടുന്ന ഹോവർ ബോർഡ് ചെക്ക് ഇൻ ബാഗേജ് ആയോ ഹാന്റ് കാരേജ് ആയോ വിമാനത്തിൽ കൊണ്ടുവരാൻ കഴിയില്ലെന്നാണ് ഖത്തർ എയർവേയ്‌സിന്റെ മുന്നറിയിപ്പ്. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ മുൻനിർത്തിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

കാലുകൊണ്ട് നിയന്ത്രിച്ച് രണ്ടു വീലുകളിൽ കുതിക്കുന്ന ഹോവർ ബോർഡ് ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. നിരോധനത്തിന്റെ അടിസ്ഥാനത്തിൽ സോളോ വീൽ, മിനി സെഗ്‌വേ, ബാലൻസ് വീൽ എന്നിവയ്ക്കും നിരോധനമുണ്ട്. ആയിരം റിയാൽ മുതലാണ് ഇവയുടെ വില.

അപകട സാധ്യത കണക്കിലെടുത്ത് മാളുകളിൽ ഇവയുടെ ഉപയോഗം നേരത്തെ തന്നെ നിരോധിച്ചതാണ്. അടുത്തകാലങ്ങളിൽ ഉണ്ടായ വാർത്തകളാണ് നിരോധനം ഏർപ്പെടുത്താനുള്ള കാരണം. നിലവാരം കുറഞ്ഞ ചില ഉൽപന്നങ്ങളുടെ ഉപയോഗം തീപിടുത്തത്തിന് കാരണമായിട്ടുണ്ട്. തുടർന്ന് ഓൺലൈൻ വ്യാപാരകേന്ദ്രങ്ങളായ ആമസോൺ ഉൾപ്പെടെയുള്ളവ ഇവയുടെ വ്യാപാരം നിർത്തുകയും ചെയ്തിരുന്നു. തീപിടുത്തത്തിനുണ്ടായ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.