ദോഹ: പൂർണമായും കോവിഡ് വാക്സീൻ സുരക്ഷയിൽ പറന്ന ലോകത്തിലെ പ്രഥമ വിമാനമെന്ന ബഹുമതി ഖത്തർ എയർവേയ്സിന് സ്വന്തം. ചൊവ്വാഴ്‌ച്ച രാവിലെ 11.00ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ക്യുആർ 6421 ഖത്തർ എയർവേയ്സ് വിമാനം പറന്നത് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ പൈലറ്റുമാർ, കാബിൻ ക്രൂ ജീവനക്കാർ, യാത്രക്കാർ എന്നിവരെ മാത്രം ഉൾപ്പെടുത്തിയാണ്.

ചെക്ക് ഇൻ കൗണ്ടറിലെ ജീവനക്കാരും കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവരായിരുന്നു. ദോഹ-ദോഹ സർവീസിൽ മൂന്നു മണിക്കൂറോളം ഗൾഫ് മേഖലയുടെ ആകാശത്ത് പറന്ന വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 2.00ന് തിരികെ ഹമദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.

ലോകത്തിലെ ആദ്യത്തെ സീറോ-ടച്ച് ഫ്ളൈറ്റ് എന്റർടെയ്ന്മെന്റ് സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള നൂതന സമ്പർക്ക രഹിത സംവിധാനങ്ങളിലാണ് ഖത്തർ എയർവേയ്സിന്റെ പ്രവർത്തനം. പ്രതിദിനം 1,000 ഡോസ് വാക്സീൻ ആണ് ഖത്തർ എയർവേയ്സ് ജീവനക്കാർക്കായി വിതരണം ചെയ്തു വരുന്നത്.