ദോഹ:എന്തിനും ഏതിനും ഓഫർ പ്രഖ്യാപിക്കുന്ന ഇക്കാലത്ത് ഇതാ ആകാശയാത്രകൾക്കും ഓഫറുകൾ വരുന്നു. തങ്ങളുടെ ഉപഭോക്താ ക്കൾക്കായി നിരക്ക് ഇളവ് പ്രഖ്യാപിക്കുന്ന ഖത്തർ എയർവേയ്‌സ് തന്നെയാണ് ഇത്തവണയും ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യൂ വൗച്ചർ എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഓഫറിൽ ദോഹയിൽ നിന്നും മറ്റു ജി.സി.സി രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ഉപഭോക്താക്കൾക്ക് ഒരോ വൗച്ചറിനും 15 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നു.

ദോഹയിൽ നിന്നും ദുബയിലെ അൽമക്തൂം ഇന്റർനാഷനൽ എയർപോർട്ട്, അബുദാബി, ബഹ്‌റയിൻ, കുവൈത്ത്, മസ്‌കത്ത്, ഷാർജ
തുടങ്ങിയിടങ്ങളിലേക്ക് യാത്ര തിരിക്കുന്നവർക്കാണ് ഓഫർ ലഭിക്കുക. 10 വൗച്ചറുകളടങ്ങിയ ഒരു ബുക്കാണ് ക്യു വൗച്ചർ.

800 റിയാൽ നൽകിയാൽ ഖത്തർ എയർവെയ്‌സിന്റെ സെയിൽസ് ഓഫിസ്, തിരഞ്ഞെടുക്കപ്പെട്ട  ട്രാവൽ ഏജൻസി എന്നിവിടങ്ങളിൽ വൗച്ചർ ലഭ്യമാണ്. അടുത്ത വർഷം ജനുവരി 21 വരെയാണ് ഓഫർ. 2015 ഒക്ടോബർ 21 ന് ഡിസ്‌കൗണ്ട് സാധുത ഇല്ലാതാവുമെന്ന് ഖത്തർ എയർവയ്‌സ് എസ്.വി.പി കൊമേഴ്‌സ്യൽ മേധാവി ഇഹാബ് അമിൻ പറഞ്ഞു.