വിദേശികൾക്ക് തിരച്ചടിയായി സ്വദേശിവത്കരണ നടപടികളുമായി ഖത്തർ രംഗത്തെത്തുന്നു. ഇതിന്റെ ഭാഗമായി 60 വയസ്സു തികഞ്ഞ വിദേശികൾക്ക് താമസ രേഖ പുതുക്കി നൽകേണ്ടതില്ലെന്ന തീരുമാനം ഉടൻ നിലവിൽ വരുമെന്നാണ് സൂചന.

എന്നാൽ പുതിയ ഏതൊക്കെ രാജ്യക്കാരാണ് നിയമത്തിന്റെ പരിധിയിൽ വരിക, ഏതൊക്കെ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ലഭിക്കും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിശദ വിവരങ്ങൾ തൊഴിൽ മന്ത്രാലയം ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.നിയമത്തിന്റെ കരട് തൊഴിൽ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.

രാജ്യത്ത് സ്വദേശികൾക്ക് മതിയായ തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ലെന്ന വർധിച്ച പരാതികളെ തുടർന്നാണ് 60 വയസു തികഞ്ഞ വിദേശികൾക്ക് താമസരേഖ പുതുക്കി നൽകേണ്ടെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ ഉത്തരവിറക്കിയത്. ഇത് നടപ്പിലായാൽ വിദേശികൾക്ക് രാജ്യം വിടാനുള്ള പരമാവധി പ്രായപരിധി 60 വയസ്സായിരിക്കും. ഇതിനായി തയാറാക്കിയ കരട് രേഖ പ്രകാരം ഒരു വിദേശിയുടെ പ്രായം 60 ആവുന്നതോടെ അദ്ദേഹത്തിന്റെ റെസിഡന്റ് പെർമിറ്റ് സ്വമേധയാ റദ്ദാവും. തുടർന്ന് തൊഴിലുടമയിൽ നിന്നും മറ്റും ലഭിക്കാനുള്ള മുഴുവൻ ആനുകൂല്യങ്ങളും കൈപ്പറ്റി എത്രയും വേഗം രാജ്യം വിടണമെന്നാണ് നിർദ്ദേശം.

സ്വദേശി വത്കരണത്തിന്റെ ഭാഗമായി തൊഴിലുടമകൾ മുൻഗണന നൽകേണ്ടത് ഖത്തരികൾക്കായിരിക്കണമെന്നും ഇതിനാവശ്യമായ പരിശീലനങ്ങൾ നൽകാൻ കമ്പനികൾ ബാധ്യസ്ഥരായിരിക്കുമെന്നും കരട് രേഖയിൽ നിർദേശമുണ്ട്. ഇതിനുപുറമെ രാജ്യത്തുള്ള വിദേശികളെ കുറിച്ചും അവ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ കുറിച്ചും വിശദമായ ഡാറ്റാബേസ് ആരംഭിക്കാനുള്ള ശ്രമവും സർക്കാർ ആരംഭിച്ചിട്ടുണ്ട്.