ദോഹ: പൊതുമാപ്പ് നിലവിൽ വ്ന്ന് ആറ് ദിവസം പിന്നിട്ടപ്പോൾ ആയിരത്തോളം നിയമവിരുദ്ധ പ്രവാസികൾ രാജ്യം വിടാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട് ആയിരത്തോളം പേർക്ക് എക്സിറ്റ് അനുമതി ലഭിച്ചതായി ഖത്വർ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ്.

ഈ മാസം ഒന്നാം തീയതി മുതൽ ആറ് ദിവസത്തിനുള്ളിൽ 800 മുതൽ ആയിരം വരെ പേർക്ക് യാത്രാ രേഖകൾ നൽകിയതായി ആഭ്യന്തര മന്ത്രാലയത്തിലെ സെർച്ച് ആൻഡ് ഫോളോഅപ്പ് വകുപ്പിന്റെ ഇൻഫർമേഷൻ ഡെസ്‌ക് ഉദ്യോഗസ്ഥർ അറിയിച്ചു. നടപടിക്രമങ്ങൾ സുഗമവും സുതാര്യവുമായി നടക്കാനാണ് സെർച്ച് ആൻഡ് ഫോളോഅപ്പ് വകുപ്പിൽ സ്പെഷ്യൽ ഡെസ്‌ക് ആരംഭിച്ചത്.

താത്കാലിക ഓഫീസിൽ 300 അപേക്ഷകർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ക്യാപ്റ്റൻ റാങ്കിലുള്ള 20 ഉദ്യോഗസ്ഥരടക്കം ആഭ്യന്തര മന്ത്രാലയത്തിലെ 40 ഉദ്യോഗസ്ഥ സംഘം അപേക്ഷകരെ സഹായിക്കാനുണ്ട്. ഞായർ മുതൽ വ്യാഴം വരെ ഉച്ചക്ക് രണ്ട് മുതൽ രാത്രി എട്ട് വരെയാണ് ഓഫീസ് പ്രവർത്തിക്കുക.

നിയമവിരുദ്ധ താമസക്കാർ സമർപ്പിച്ച പാസ്പോർട്ട്, യാത്രാരേഖ അടക്കമുള്ള രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് ഓഫീസിലെ ആദ്യഘട്ട നടപടി. രേഖകൾ പരിശോധനക്ക് സമർപ്പിച്ച് സാധാരണ നാലാം ദിവസം ഓപൺ എയർ ടിക്കറ്റ് അടിസ്ഥാനമാക്കിയുള്ള എക്സിറ്റ് പെർമിറ്റ് നൽകും.

എന്നാൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരിൽ മലയാളികളുടെ എണ്ണം കുറവാണെന്നാണ് റിപ്പോർട്ട്. ഒരാഴ്ചക്കകം ആയിത്തോളം പേർ ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ സെർച്ച് ആൻഡ് ഫോളോഅപ് വിഭാഗത്തിൽ എത്തിയപ്പോൾ നൂറിൽതാഴെയാണ് മലയാളികളുടെ എണ്ണം. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനായി മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ദ്വിഭാഷികളേയും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.

നിയമക്കുരുക്കിൽ പെടാതെ രാജ്യം വിടാനുള്ള അവസരം എളുപ്പമാക്കാനായി ഖത്തർ ആഭ്യന്തര മന്ത്രാലയം അധികൃതർ നിരവധി സൗകര്യങ്ങൾ ചെയ്തു കൊടുക്കുമ്പോഴും ഔട്ട് പാസിനായി ഇന്ത്യൻ എംബസിയെ സമീപിക്കുന്നവരിൽ നിന്ന് 60 റിയാൽ ഈടാക്കുന്നുവെന്ന പരാതി ഉയരുന്നുണ്ട്.എംബസിയുടെ ഈ നടപടിക്കെതിരേ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.