10 വർഷത്തിനിടെ ആദ്യമായി ഖത്തറിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവിനെ തുടർന്നാണ് തീരുമാനം.

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 2.7 ശതമാനം കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട്. 2011 ൽ ശമ്പളം വർദ്ധിപ്പിച്ചപ്പോൾ സ്വദേശികൾക്ക് 60 ശതമാനത്തിന്റെ ലാഭമാണ് ഉണ്ടായിരുന്നത്. ഭരണപരമായ ചെലവുകൾക്കും ഗ്രാന്റും ബജറ്റിൽ വകയിരുത്തിയ തുക തന്നെ ചെലവഴിക്കും. അടുത്ത വർഷം രാജ്യത്തെ നഷ്ടം കുറയ്ക്കാനാണ് പദ്ധതിയിടുന്നത്. എണ്ണവിലയിലെ ഇടിവ് ഖത്തറിനെ വലിയ തോതിൽ തന്നെയാണ് ബാധിച്ചത്.

ഖത്തറിലെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചിരുന്നത്ര ഇത്തവണ ഉയർന്നില്ല. 7.3 ശതമാനമാണ് എക്കോണമി കൂടിയത്. 7.7 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് ഡിസംബറിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എണ്ണവിലയിലെ ഇടിവ് പ്രകൃതിവാതക വിലയേയും ബാധിച്ചു. ഖത്തറിലെ സർക്കാർ റവന്യൂവിന്റെ പകുതിയിലധികവും ഹൈഡ്രോകാർബൺ നികുതിയാണ്. എണ്ണവില ഇടിഞ്ഞതിനാൽ ഈ ഇനത്തിൽ സർക്കാരിന് ലഭിക്കുന്ന നികുതിയിൽ 15.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ഈ വർഷം റിയൽഎസ്റ്റേറ്റ്,ട്രാൻസ്‌പോർട്ടേഷൻ,ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ ധാരാളം ഉള്ളതിനാൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നത് ഇത്തവണ കൺസ്ട്രക്ഷൻ മേഖലയായിരിക്കും.