ദോഹ: സഞ്ചാരികളെ ആകർഷിക്കാൻ ഓൺ അറൈവൽ വിസ സംവിധാനവുമായി ഖത്തർ. ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് എത്തുന്നവർക്കാണ് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ ലഭ്യമാക്കുമെന്ന് ഖത്തർ എയർവെയ്സ് അറിയിച്ചു. അധികം വൈകാതെ ഇത് നടപ്പാവും. രാജ്യത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വിസാ നടപടികൾ എളുപ്പത്തിലാക്കുന്നത്.

നിലവിൽ യുഎസ്, യുകെ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ 33 രാജ്യങ്ങളെ വീസ ഓൺ അറൈവൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിസിസിലെയും തുർക്കിയിലെയും പൗരന്മാർക്ക് ഖത്തറിൽ പ്രവേശിക്കാൻ വീസ ആവശ്യമില്ല. ജിസിസി രാജ്യങ്ങളിൽ റസിഡൻസ് വീസയുള്ള 201 വിഭാഗത്തിൽ പെടുന്ന പ്രഫഷണലുകൾക്കും വീസ ഓൺ അറൈവൽ അനുവദിക്കുന്നുണ്ട്. ഒരു മാസത്തേക്കാണ് വീസ കാലാവധി. ഇതേ രീതിയിൽ ഇന്ത്യക്കാർക്കും വീസ നടപടികൾ ലഘൂകരിക്കാനാണു നീക്കം. വീസ നടപടികൾ വേഗത്തിലും സുതാര്യവുമാക്കാൻ ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തും.

2030 ആവുമ്പോഴേക്കും 70 ലക്ഷം സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാനാണ് ഖത്തർ പദ്ധതിയിടുന്നത്. അടുത്ത വർഷം ആദ്യത്തിൽ പുതിയ ഓൺലൈൻ വിസ സംവിധാനം നിലവിൽ വരും. അപേക്ഷ നൽകി 48 മണിക്കൂറിനകം വിസ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 33 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ വന്നിറങ്ങുന്ന സമയത്ത് വിസ ലഭ്യമാക്കുന്നുണ്ട്.