ദോഹ: രാജ്യത്ത് അപകടങ്ങളുടെ ഏറിയ പങ്കും ഡ്രൈവിങിനിടയിലെ മൊബൈൽ ഉപയോഗം മൂലമാണെന്ന ഗതാഗത വകുപ്പിന്റെ കണക്ക്. ഇത്തരത്തിലുള്ള അപകടം ഒഴിവാക്കാനായി വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗം കുറയ്ക്കാൻ പുറത്തിറക്കിയ സലാംടെക്ക് ആപ്ലിക്കേഷൻ ഇനി നിങ്ങൾക്ക്് ഫോണിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

ഖത്തർ മൊബിലിറ്റി ഇന്നവേഷൻസ് സെന്റർ (ക്യുഎംഐസി) പുറത്തിറക്കിയ സലാംടെക് എന്ന ഈ ആപ്പ് ഉപയോഗിക്കുന്നവരിൽ നിന്ന് മൂന്നു മാസത്തെ ഫലം നോക്കി ഉയർന്ന റാങ്ക് നേടിയ പത്തു പേർക്കായി 30,000 റിയാലിന്റെ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ സലാംടെക് ആപ്ലിക്കേഷനെക്കുറിച്ചു പ്രഖ്യാപനമുണ്ടായെങ്കിലും ഔദ്യോഗികമായി പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്. ആപ്പിന്റെ പ്രചാരണത്തിനും കൂടുതൽ പേരെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിനുമാണു സമ്മാനം പ്രഖ്യാപിച്ചത്.

ആൻഡ്രോയ്ഡ് ഫോണിൽ ഉപയോഗിക്കാൻ കഴിയുന്ന ആപ്പാണു പുറത്തിറക്കിയത്. ഗൂഗിൾ പ്ലേയിൽ നിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു വഴി ഡ്രൈവിങ്ങിലെ ശ്രദ്ധ പോകുന്നതു തടയുകയാണ് ലക്ഷ്യം. ഇതിനായുള്ള നിരന്തര ഗവേഷണത്തിലാണ് ക്യുഎംഐസി. ഡ്രവിങ് ബോധവൽക്കരണത്തിലൂടെ അപകടം കുറയ്ക്കാനുള്ള ദേശീയ പ്രചാരണത്തിന്റെ ഭാഗമാണിത്.വാഹനമോടിക്കുന്നയാൾ മൊബൈലിൽ സംസാരിക്കുന്നതും 

മെസേജ് ചെയ്യുന്നതും ബ്ലോക്ക് ചെയ്യാൻ ഈ ആപ്പിനു കഴിയും. വാഹനം നാൽപതു കിലോമീറ്റർ കൂടുതൽ വേഗത്തിലാണെങ്കിൽമൊബൈൽ സ്വയം ലോക്കാവുന്ന സംവിധാനമാണിത്. ഈ സമയം മൊബൈലിലേക്ക് വിളിക്കുന്നയാളിന് റെക്കോർഡ് ചെയ്ത മറുപടിയാവും ലഭിക്കുക. ഡ്രൈവിങ്ങിനെ കുറിച്ചുള്ള വിവരങ്ങളും റാങ്കിങ് സ്റ്റാറ്റസും ഇടയ്ക്കിടെ അറിയിക്കും.