ഖത്തർ: ഈ വർഷത്തെ ദേശീയദിനാഘോഷപരിപാടികൾ റദ്ദാക്കിക്കൊണ്ട് ഖത്തർ അമീറിന്റെ ഉത്തരവ്. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയൻ നഗരം അലപ്പോയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ദേശീയദിനാഘോഷങ്ങൾ ഒഴിവാക്കിയത്.

ഡിസംബർ പതിനെട്ടിന് വിപുലമായ പരിപാടികളോടെ ദേശീയദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഖത്തർ. എന്നാൽ ഇന്ന് ദേശീയ വാർത്താ ഏജൻസിലൂടെ പുറത്തിവിട്ട പ്രസ്താവനയിൽ എല്ലാ ആഘോഷപരിപാടികളും റദ്ദാക്കുന്നതായി അമീർ ഷെയ്ഖ് തമീം
ബിൻ ഹമദ് അൽ താനി വ്യക്തമാക്കുകയായിരുന്നു. അലപ്പോയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കുള്ള ഐക്യദാർഢ്യം എന്ന നിലക്കാണ് ആഘോഷപരിപാടികൾ ഒഴിവാക്കുന്നത് എന്ന് അമീർ പ്രസ്താവനയിൽ പറഞ്ഞു.

ഞായറാഴ്‌ച്ച ദോഹ കോർണിഷിൽ ദേശിയദിന പരേഡും വിവിധ കലാപരിപാടികളും നടത്താനായിരുന്നു ഖത്തറിന്റെ പദ്ധതി. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കരിമരുന്ന് കലാപ്രകടനവും സംഘടിപ്പിച്ചിരുന്നു.എന്നാൽ അമീറിന്റെ പ്രഖ്യാപനത്തോടുകൂടി ഇതെല്ലാം റദ്ദാക്കപ്പെടും.എന്നാൽ ദേശീയദിനമായ 18ന് പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

വടക്കൻ ആലപ്പോയിലെ സാധാരണക്കാർക്ക് എതിരെ സിറിയൻ സേന നടത്തുന്ന ആക്രമണങ്ങൾക്ക് എതിരെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.സിറിയൻ പ്രതിപക്ഷവുമായി മികച്ച ബന്ധമാണ്ഖ ത്തറിനുണ്ടായിരുന്നത്. വിമതസംഘങ്ങൾക്ക് ആയുധങ്ങൾ നൽകിയും ഖത്തർ സഹായിച്ചിരുന്നു.സിറിയൻ പ്രതിപക്ഷത്തിന്റെ എംബസിയും ദോഹയിൽ പ്രവർത്തിച്ചിരുന്നു.