കൈക്കൂലി വാങ്ങിയും തട്ടിപ്പ് നടത്തിയ കേസിൽ ഇന്ത്യക്കാരനുൾപ്പെടെ മൂന്ന് പേർക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ഹമദ് മെഡിക്കൽ കോർപറേഷനിലെ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് ശിക്ഷ വിധിച്ചത്. എച്ച്.എം.സിയിലെ ഇന്ത്യക്കാരനായ ജീവനക്കാരനും മരുന്ന് വിതരണ കമ്പനിയിലെ സെയിൽസ് റപ്രസെൻേററ്റീവ്‌സിനുമാണ് ശിക്ഷയെന്ന് പ്രാദേശിക അറബി പത്രം അൽ റായ റിപ്പോർട്ട് ചെയ്തു. ശിക്ഷ കാലാവധിക്കുശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

ഹമദ് മെഡിക്കൽ കോർപറേഷനിലെ സ്റ്റോറേജ് റൂം സെക്രട്ടറിക്ക് 8,700 റിയാൽ കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ട് ഈജിപ്ത് സ്വദേശിയായ സെയിൽസ് റപ്രസെൻേററ്റീവിന് പത്ത് വർഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. മരുന്ന് കമ്പനിയിൽ നിന്ന് 23 ദശലക്ഷം
റിയാലിന്റെ മരുന്ന് വാങ്ങിയതായി വ്യാജ രേഖ ഉണ്ടാക്കിയതിനാണ് ഇന്ത്യക്കാരനായ സെക്രട്ടറിയെ ഏഴ് വർഷത്തെ തടവിന് വിധിച്ചത്. 8.77 ലക്ഷം റിയാൽ പിഴ അടക്കണമെന്നും വിധിയിൽ പറയുന്നു. വ്യാജരേഖ ചമക്കാൻ കൂട്ടുനിന്നതിനാണ് മൂന്നാമത്തെയാൾ കേസിൽ പ്രതി ചേർക്കപ്പെട്ടത്.

ഹമദ് മെഡിക്കൽ കോർപറേഷനിൽ മരുന്ന് വാങ്ങാൻ ഉത്തരവാദപ്പെട്ടവരുടെ ഒപ്പുകൾ വ്യാജമായി ഇട്ട് രേഖ തയ്യാറാക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തുന ൽകിയെന്നതാണ് മൂന്നാമനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്വവും കടമയും നിറവേറ്റാതിരിക്കുകയും നിയമലംഘനം നടത്തുകയും രേഖകളിൽ കൃത്രിമം കാണിക്കുകയും തൊഴിലുടമക്ക് മനഃപൂർവം സാമ്പത്തിക നഷ്ടം വരുത്തിവെക്കുകയും ചെയ്തുവെന്നതാണ് ഹമദിലെ ജീവനക്കാരനായ ഇന്ത്യക്കാരനെതിരായ കുറ്റം. ഹമദ് മെഡിക്കൽ കോർപറേഷന് മരുന്ന് നൽകിയ വകയിൽ വൻതുക തിരിച്ച് കിട്ടാനുണ്ടെന്ന് മരുന്ന് വിതരണ കമ്പനി സാമ്പത്തിക വിഭാഗം കണ്ടത്തെിയതോടെയാണ് തട്ടിപ്പ് പുറം ലോകമറിഞ്ഞത്.

എച്ച്.എം.സിയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യാതെ തന്റെ സ്വകാര്യ നേട്ടത്തിനായി പുറത്ത് വിൽപ്പന നടത്തുകയായിരുന്നുവെന്ന് ഇയാൾ കോടതിയിൽ സമ്മതിച്ചു. ഇത്തരത്തിൽ 23 ദശലക്ഷം റിയാലിന്റെ മരുന്ന് ഒന്നാം പ്രതി കണക്കിൽ പെടുത്താതെ വിറ്റതായി അൽ റായ റിപ്പോർട്ട് ചെയ്തു. അതിനായി 200 രസീതുകളിൽ വ്യാജമായി നിർമ്മിച്ചു. രേഖകളും രസീതുകളും കൃത്രിമമായി ചമച്ചത് രണ്ടാം പ്രതിയുടെ സഹായത്തോടെയാണെന്നും ഇയാൾ സമ്മതിച്ചു. അവധി ദിനങ്ങളിൽ പോലും രസീത് നൽകിയതായാണ് രേഖ ഉണ്ടാക്കിയിരിക്കുന്നത്. രസീതിൽ ഒപ്പ് വെക്കാൻ അധികാരപ്പെട്ടയാൾ അവധിയിലിരിക്കുമ്പോഴും രസീതിൽ അദ്ദേഹം ഒപ്പിട്ടതായി രേഖയുണ്ടാക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു