ദോഹ: ഖത്തരിലെ പ്രവാസികൾക്ക് ഹെൽത്ത് ഇൻഷ്വറൻസ് ആനൂകൂല്യം ഈ വർഷവും ലഭ്യമാകില്ല. ഈ വർഷം മധ്യം മുതൽ പ്രവാസികൾക്കും സേഹ സേവനം ലഭ്യമാവുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നതെങ്കിലും 2016 അവസാനത്തോടെ നടപ്പാക്കാനാണു പുതിയ തീരുമാനമെന്ന് നാഷനൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനി(എൻ.എച്ച്.ഐ.സി) സിഇഒ ഫാലിഹ് മുഹമ്മദ് ഹുസയ്ൻ അലി അറിയിച്ചു.

2013 ആഗസ്തിൽ ആരംഭിച്ച സേഹ ഘട്ടങ്ങളായാണു നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 12 വയസിനു മുകളിലുള്ള ഖത്തരി വനിതകൾക്കു മാത്രമായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ മുഴുവൻ ഖത്തരികൾക്കും സേവനം ലഭ്യമായിത്തുടങ്ങി. എല്ലാ വിഭാഗം പ്രവാസി തൊഴിലാളികളെയും ഈ വർഷം മധ്യം മുതൽ പദ്ധതിയിൽ ഉൾപ്പെടുത്താനാണു തീരുമാനിച്ചിരുന്നത്.

എന്നാൽ, പദ്ധതി നടത്തിപ്പിൽ ഉണ്ടായ ചില പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എൻ.എച്ച്.ഐ.സിക്ക് 18 മാസം കൂടി അനുവദിച്ചിരിക്കു കയാണ്.നേരത്തേ ഖത്തരികൾക്ക് ഏതാനും സർക്കാർ ആശുപത്രികളിലും പ്രാദേശിക ക്ലിനിക്കുകളിലും മാത്രമാണ് സൗജന്യ ആരോഗ്യ സേവനം ലഭിച്ചിരുന്നത്.

ഇപ്പോൾ സേഹയ്ക്കു കീഴിലുള്ള 190 സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ഒപ്ടീഷ്യന്മാർ എന്നിവിടങ്ങളിൽ സൗജന്യ ചികിൽസ ലഭ്യമാണ്. എന്നാൽ, സർക്കാർ ആശുപത്രികൾക്കു പകരം ആയിരക്കണക്കിന് രോഗികൾ സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിച്ചു തുടങ്ങിയതോടെ പല ആശുപത്രികളിലും അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടിരുന്നു. സേഹയുടെ സേവനം ഉപയോഗിക്കുന്ന ഖത്തരികളുടെ ചികിൽസാ ചെലവ് സർക്കാരാണു വഹിക്കുക. എന്നാൽ, പ്രവാസികൾക്കു സേവനം നടപ്പാക്കിത്തുടങ്ങിയാവൽ അവരുടെ ഹെൽത്ത് ഇൻഷുറൻസ് തുക കമ്പനി അടക്കേണ്ടി വരും. നിലവിൽ ഇതു നിർബന്ധമല്ല. ഹെൽത്ത് ഇൻഷുറൻസ് സുരക്ഷ ഇല്ലാത്ത പ്രവാസി തൊഴിലാളികൾ ഇപ്പോൾ സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.