ദുബായ്: ലക്ഷക്കണക്കിന് മലയാളികൾ വസിക്കുന്ന രാജ്യമാണ് യുഎഇ. ഇവിടെ ജോലി ചെയ്യുന്നവർക്ക് നാട്ടിലെയും ലോകത്തിന് കീഴിലുള്ള എന്തൊക്കെ കാര്യങ്ങളുടെ പേരിലായാലും സോഷ്യൽ മീഡിയയിൽ സംവദിക്കുന്നവരാണ് മലയാളികൾ. ദുബായിലും അബുദാബിയിലും ഇരുത്ത് ഏതൊരു വിഷയത്തിലും അഭിപ്രായം പറയുന്ന പ്രവാസി മലയാളികൾ സൂക്ഷിക്കുക..! ഖത്തറുമായുള്ള നയതന്ത്രബന്ധം വഷളായതോടെ സോഷ്യൽ മീഡിയയിൽ യുഎഇ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതാണ് മലയാളികളെയും ബാധിക്കുന്ന വിഷയമായി മാറിയത്. ഖത്തറിന് അനുകൂലമായി ഫേസ്‌ബുക്കിലോ ട്വിറ്ററിലോ എഴുതിയാൽ അത് കുറ്റകരമായി മാറുമെന്ന അവസ്ഥയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന ആരോപണമുന്നയിച്ച് ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയ സൗദി ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ നിലപാട് കടുപ്പിക്കുന്നുവെന്ന് വ്യക്തമായ സൂചന വന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ വീണ്ടും വഷളാകുന്നത്. ഖത്തറിനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ നിരീക്ഷിക്കാനും അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാനും യുഎഇ അടക്കമുള്ള രാജ്യങ്ങൾ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങൾ കർശനമായി നിരീക്ഷിക്കാനും ഈ രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

ഖത്തറിനെ അനുകൂലിച്ച് ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്ന തദ്ദേശിയർക്കും പ്രവാസികൾക്കും കനത്ത ശിക്ഷ ലഭിക്കുമെന്നാണ് ഖത്തറിലെ ജനറൽ പ്രോസിക്യൂട്ടർ അറിയിച്ചിരിക്കുന്നത്. ഇത്തരം നടപടികൾ സൈബർ കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണെന്നും യുഎഇ മുന്നറിയിപ്പ് നൽകുന്നു.

ഖത്തറിനെ അനുകൂലിക്കുന്ന തരത്തിൽ പോസ്റ്റോ, കമന്റോ ഇട്ടാൽ മൂന്ന് മുതൽ 15 വർഷം വരെ തടവും അഞ്ചുലക്ഷം ദിർഹം വരെ പിഴയും ഈടാക്കും. യുഎഇയിലെ മലയാളികൾ അടക്കമുള്ളവർ അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ എംബസിയോട് അടുത്ത വൃത്തങ്ങളും സൂചിപ്പിച്ചു.

സൗദി അറേബ്യക്ക് പിന്നാലെ നിരവധി രാജ്യങ്ങളാണ് ഖത്തറിനെതിരെയുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്. ജോർദാനും മൗറിത്താനിയും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചു. സൗദിയിലുള്ള ഖത്തറിന്റെ ഓഫിസുകൾ അടച്ചുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥർക്ക് രാജ്യം വിടാൻ 48 മണിക്കൂർ സാവകാശമാണ് സൗദി നൽകിയിരിക്കുന്നത്. കൂടാതെ ഖത്തർ മണി എക്‌സ്‌ചേഞ്ചുമായുള്ള ഇടപാട് നിർത്തിവെക്കാനും സൗദി ഉൾപ്പെടെ മൂന്നു രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്.