ദോഹ: വാഹനാപകട വിവരം പൊലീസിൽ നിന്ന് മറച്ചുവച്ചാൽ പിഴ ഈടാക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം. അപകടം നടന്ന് 48 മണിക്കൂറിനകം ട്രാഫിക് പൊലീസിനെ വിവരം അറിയിക്കാത്ത ഡ്രൈവർമാർക്കാണ് പിഴ ചുമത്തുക. പിഴയായി ആയിരം റിയാൽ ഈടാക്കാനാണ് തീരുമാനം. ഗതാഗത നിയമം അനുസരിച്ച് വാഹനം ഓടിക്കുന്നതിനിടെ അപകടം ഉണ്ടായാലും മറ്റുള്ളവർ വാഹനത്തിന് കേടുവരുത്തിയാലും യഥാസമയം ട്രാഫിക് പൊലീസിനെ വിവരം അറിയിക്കേണ്ടതുണ്ട്.

ഇൻഷുറൻസ് കമ്പനിയുമായി ആഭ്യന്തര മന്ത്രാലയം ഉണ്ടാക്കിയ ഇലക്ട്രേണിക് റിപോർട്ടിങ് സംവിധാനത്തിലെ കരാറിൽ ഈ വ്യവസ്ഥ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കാറുകൾക്ക് കേടുപാടുണ്ടാവുന്ന എല്ലാ അപകടങ്ങളെക്കുറിച്ചുമുള്ള റിപോർട്ടുകൾ പൊലീസ് ഡിപാർട്ട്‌മെന്റിൽ നിന്ന് ഇൻഷുറൻസ് കമ്പനികളിലേക്ക് നേരിട്ട് അയക്കുന്നതിനാണ് സർക്കാർ കരാറിലെത്തിയത്. വാഹനമുടമ ട്രാഫിക് ഡിപാർട്ട്‌മെന്റിൽ നേരിട്ട് ചെന്ന് രേഖകൾ ശേഖരിക്കുന്നതിനുള്ള സമയ നഷ്ടം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.

റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരായ ശിക്ഷാ നടപടികളെക്കുറിച്ച് ട്രാഫിക് ഡിപാർട്ടമെന്റ് ജനങ്ങൾക്കിടയിൽ കാംപയ്ൻ നടത്തിവരുന്നുണ്ട്. നിയമലംഘനം നിരീക്ഷിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും പിഴ ശിക്ഷ കർശനമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്.

സമയത്ത് റിപോർട്ട് ചെയ്തില്ലെങ്കിലെന്ന പോലെ ചെറിയ അപകടങ്ങളിൽ വാഹനം സ്ഥലത്ത് നിന്ന് നീക്കിയില്ലെങ്കിലും 1000 റിയാൽ പിഴയാണ് ഈടാക്കുന്നത്. അപകടം നടന്നാൽ വാഹനം സംഭവ സ്ഥലത്ത് നിന്ന് നീക്കരുതെന്ന തെറ്റിദ്ധാരണ ഉണ്ടായിരുന്നു. എന്നാൽ, തൊട്ടടുത്ത പാർക്കിങ് സ്ഥലത്തേക്ക് നീക്കിയ ശേഷമാണ് പൊലീസിനെ അറിയിക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു.