ദോഹ: ഉപഭോക്തൃ സുരക്ഷാ നിയമം പാലിക്കുന്നുണ്ടോയെന്ന ഉറപ്പ് വരുത്തുന്നതിനായി മന്ത്രാലയം മിന്നൽ പരിശോധനയുമായി രംഗത്ത്. വിലയിളവിൽ തട്ടിപ്പ് നടത്തിയും മററും ഉപഭോക്താക്കളെ തട്ടിക്കുന്ന വ്യാപാരസ്ഥാപനങ്ങളെ പിടികൂടാനാണ് മന്ത്രാലയത്തിന്റെ പദ്ധതി. പരിശോധനാ വിഭാഗം ദോഹയിലെയും പരിസരത്തെയും നൂറിലധികം വ്യാപാര കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാണ് വ്യത്യസ്ത നിയമലംഘനങ്ങൾ കണെ്ടത്തിയത്.

നിയമലംഘനങ്ങൾ പിടികൂടിയവിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും പ്രമോഷൻ ലൈസൻസ് സ്വീകരിക്കാതെ പ്രത്യേക ഓഫർ പ്രഖ്യാപിച്ച വക്‌റ ബർവ വില്ലേജിലെ ഇലക്രോണിക് ഷോപ്പും,  ഇടിച്ച വാഹനങ്ങൾ നന്നാക്കിയെടുത്തു പുതിയതെന്ന പേരിൽ വിറ്റ കാർ ഷോറൂമുകളും ഉണ്ട്

കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിൽ പ്രവർത്തിക്കുന്ന കോഫി ഷോപ്പിനെതിരെയും ലൈസൻസില്ലാതെ ഓഫർ വച്ചതിനു നടപടിയെടുത്തു.അതേസമയം, സെൻട്രൽ മാർക്കറ്റിലെ പച്ചക്കറി, പഴവർഗങ്ങൾ വിൽപ്പന നടത്തുന്ന പ്രമുഖ സ്ഥാപനം ദിനേന നടത്തുന്ന ലേല നിബന്ധന പാലിക്കാത്തത് പരിശോധനാ വിഭാഗം കണെ്ടത്തി. പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും വില പ്രഖ്യാപനവുമായി ബന്ധപ്പെട്ട നിയമം പാലിക്കാത്ത ഫരീജ് ബിൻ മഹ്മൂദിലെയും സിമൈസിമയിലെയും വ്യാപാര കേന്ദ്രങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.

നിയമ ലംഘനം നടത്തിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ തീരുമാന പ്രകാരം  5000 മുതൽ 6000 റിയാൽവരെ പിഴ ചുമത്തുമെന്നും സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.