ദോഹ: വിസാ, പാസ്‌പോർട്ട്, മറ്റു കോൺസുലാർ സേവനങ്ങൾക്കായി ഇന്ത്യൻ എംബസി ഔട്ട്‌സോഴ്‌സിംഗിനായി ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് സ്വകാര്യ ഏജൻസികളിൽ നിന്ന് പ്രൊപ്പോസലുകൾ സ്വീകരിച്ചുകഴിഞ്ഞതായി എംബസി വെബ്‌സൈറ്റിൽ വിശദമാക്കിയിട്ടുണ്ട്. ഖത്തറിലാകമാനം മൂന്നു ലൊക്കേഷനുകളിൽ സ്വകാര്യ ഏജൻസികളിലൂടെ കോൺസുലാർ സർവീസുകൾക്ക് ഔട്ട്‌സോഴ്‌സിങ് ഏർപ്പെടുത്തുമെന്ന കാര്യം അടുത്തകാലത്ത് ഇന്ത്യൻ അംബാസഡർ പി കുമാരൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഔട്ട്‌സോഴ്‌സിങ് ഏർപ്പെടുത്തുക വഴി നിലവിൽ ലഭിക്കുന്നതിനെക്കാൾ മെച്ചപ്പെട്ട സേവനം ജനങ്ങൾക്ക് ലഭ്യമാകുമെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. ഒട്ടുമിക്ക കോൺസുലാർ സർവീസുകളും ഔട്ട്‌സോഴ്‌സിങ് നടത്തുമ്പോൾ ചില അറ്റസ്‌റ്റേഷൻ ജോലികൾ എംബസിയിൽ തന്നെ തുടരുമെന്ന് അംബാസഡർ വ്യക്തമാക്കുന്നു.

സിറ്റിയിൽ അൽ ഹിലാലിന് സമീപം, അൽഖോർ ടൗൺ, സൽവ റോഡ് എന്നിവിടങ്ങളിലായിരുന്നു പുതിയ കോൺസുലാർ സർവീസുകളുടെ ലൊക്കേഷനുകൾ എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.