ദോഹ: പ്രവാസികൾ രാജ്യത്ത് നിന്ന് പുറത്തുപോകുന്നതിനുള്ള എക്‌സിറ്റ് പെർമിറ്റ് സൗജന്യമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യക്തിഗത സ്‌പോൺസർഷിപ്പിലുള്ളവർ രാജ്യം വിടുന്ന ഓരോ തവണയും കമ്പനി വിസയുള്ളവരും ഒറ്റത്തവണ ഉപയോഗിക്കാവുന്നതും ഏഴു ദിവസം മാത്രം കാലാവധിയുള്ളതുമായ എക്‌സിറ്റ് പെർമിറ്റിനും 10 റിയാൽ അടക്കണമായിരുന്നു. ഇതിനാണ് മാറ്റം വന്നിരിക്കുന്നത്.

ഇപ്പോൾ 10, 20, 30 ദിവസങ്ങൾ നീണ്ടുനിൽക്കുന്നതും ഒരു വർഷത്തേക്ക് താൽപ്പര്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന രീതിയിലും സംവിധാനം നിലവിൽ വന്നുകഴിഞ്ഞു. പെർമിറ്റുകൾ എല്ലാം തന്നെ സമയപരിധിക്കുള്ളിൽ ഒന്നിലധികം തവണ ഉപയോഗിക്കാൻ കഴിയും. പുതിയ കുടിയേറ്റ നിയമം നിലവിൽ വന്നശേഷമുള്ള നടപടി ക്രമങ്ങളിലെ മാറ്റമാണ് എക്‌സിറ്റ് പെർമിറ്റ് നടപടി ക്രമങ്ങളിലൂടെയും നടപ്പായിട്ടുള്ളത്.

എക്‌സിറ്റ് പെർമിറ്റ് നടപടി ക്രമങ്ങൾ പൂർണ്ണമായും ഓൺലൈൻ സംവിധാനം വഴിയാണ് നടപ്പാകുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനാൽ ഇനി പ്രിന്റൗട്ടും നൽകുന്നതായിരിക്കില്ല. എക്‌സിറ്റ് പെർമിറ്റിന് രേഖ ആവശ്യമില്‌ളെന്നും സൗജന്യമായാണ് അനുവദിക്കുക എന്നും അറിയിപ്പിൽ പറയുന്നു. മെത്രാഷ് രണ്ടു വഴിയോ മന്ത്രാലയത്തിന്റെയോ ഹുകൂമിയുടെയോ വെബ്‌സൈറ്റുകൾ വഴിയോ എക്‌സിറ്റ് പെർമിറ്റിന്റെ നടപടികൾ പൂർത്തിയാക്കാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. പ്രവാസികളുടെ യാത്ര ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ സംവിധാനങ്ങളിലേക്ക് മാറ്റപ്പെടുന്നത്.