ദോഹ : പ്രവാസ ജീവിതത്തിനിടെ നാളേറെ കാത്തിരുന്ന് രാജ്യം വിടാൻ ഒരുങ്ങുന്നവർക്ക് തലവേദനയായിരുന്ന ഒന്നാണ് കമ്പനി ഉടമയുടെ എക്‌സിറ്റ് പെർമിറ്റ്. എന്നാൽ ഇത് വേണമെന്ന നിബന്ധനയിൽ നിന്നും ഖത്തറിലെ സ്വകാര്യ മേഖലയിലുള്ള 95 ശതമാനം തൊഴിലാളികളെ ഒഴിവാക്കാൻ തീരുമാനമായി. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഖത്തറിലെ തൊഴിൽ നിയമത്തിൽ ഇത് സംബന്ധിച്ച് ഭേദഗതി വരുത്തിയത്. എന്നാൽ ഖത്തറിൽ സർക്കാർ മേഖലയിലും അർധ സർക്കാർ മേഖലയിലും ജോലി ചെയ്യുന്നവർക്ക് ഈ ഭേദഗതി ബാധകമല്ല.

ഗാർഹിക തൊഴിലാളികൾക്കും ഇതേ അവസ്ഥയാണ്.സാധാരണ ഗതിയിൽ എക്‌സിറ്റ് പെർമിറ്റ് ആവശ്യമുള്ള അഞ്ചു ശതമാനം തൊഴിലാളികൾ ആരൊക്കെയാണെന്ന കാര്യം തീരുമാനിക്കാൻ കമ്പനിയുടെ ഉടമയ്ക്കാണ് പൂർണ അവകാശം. മാത്രമല്ല തൊഴിലുടമയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ജീവനക്കാർക്കും അവകാശമില്ല. നിയമത്തിൽ ഭേദഗതി വരുത്തിയതോടെ ഇന്ത്യക്കാർ ഉൾപ്പടെ ആയിരക്കണക്കിന് പ്രവാസികൾക്കാണ് ആശ്വാസമാകുന്നത്.

ഗൾഫ് മേഖലയുമായി ഇന്ത്യയ്ക്കുള്ള പരമ്പരാഗത സഹകരണം കുടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇന്ന് ദോഹയിലെത്തും. 30,31 തീയതികളിൽ സുഷമ കുവൈറ്റും സന്ദർശിക്കും.

 ഉന്നത തല പ്രതിനിധി സംഘവും മന്ത്രിയോടൊപ്പം ഖത്തർ സന്ദർശിക്കുന്നുണ്ട്.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഉപപ്രധാനമന്ത്രി കൂടിയായ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി എന്നിവരുമായി സുഷമ സ്വരാജ് ചർച്ച നടത്തും.