ദോഹ: രാജ്യത്തെ വിദേശികൾക്ക് കരാർ കാലാവധി തീർന്ന ശേഷം ജോലി മാറണമെങ്കിൽ പുതിയ കമ്പനിയിൽ തൊഴിലാളിയുടെ രാജ്യം, പ്രഫഷൻ, ലിംഗം എന്നിവയ്ക്കു കൃത്യമായി ചേരുന്ന വീസ ഉണ്ടാകണമെന്ന് തൊഴിൽ സാമൂഹ്യകാര്യമന്ത്രാലയം വ്യക്തമാക്കി. 2015ലെ 21-ാം നമ്പർ നിയം ഡിസംബർ 13നു പ്രാബല്യത്തിലായതോടെയാണ് കരാർ കാലാവധി തീർന്ന തൊഴിലാളികൾക്കു രണ്ടുവർഷ വിലക്കില്ലാതെ കമ്പനി മാറാൻ അനുമതി ലഭിച്ചത്. എന്നാൽ കരാർ കാലാവധി തീർന്ന തൊഴിലാളിക്ക് പുതിയ കമ്പനികളിലേക്കുള്ള മാറ്റം അത്ര എളുപ്പമാവില്ലെന്നാണ് തൊഴിൽമന്ത്രാലയത്തിന്റെ വിശദീകരണത്തിൽ നിന്നു വ്യക്തമാകുന്നത്.

ഉദാഹരണമായി കരാർ കാലാവധി തീർന്ന ഒരു ഇന്ത്യൻ വനിതാ അക്കൗണ്ടന്റിനു ജോലി മാറണമെങ്കിൽ പുതിയ സ്ഥാപനത്തിനു വനിതാ ഇന്ത്യൻ അക്കൗണ്ടന്റിന്റെ വീസ ഉണ്ടാകണം. സ്വകാര്യമേഖലയിലെ തൊഴിൽ മാറ്റം, രാജ്യത്തിനുള്ളിലെ നിയന്ത്രണങ്ങൾ, തൊഴിലാളികളുടെ തിരിച്ചുപോക്ക് തുടങ്ങിയവ സംബന്ധിച്ച വിശദീകരണങ്ങൾ തൊഴിൽമന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി.

ഇതനുസരിച്ച് കമ്പനി മാറാൻ ആഗ്രഹിക്കുന്ന തൊഴിലാളി നിലവിലുള്ള കരാർ കാലാവധി തീരുന്നതിനു 30 ദിവസം മുമ്പ് തൊഴിൽമന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കണം. തുറന്ന തൊഴിൽകരാറിൽ(കൃത്യമായ കാലപരിധി വ്യക്തമാക്കാത്ത കരാറുകൾ) ജോലി മാറ്റം അനുവദിക്കണമെങ്കിൽ തൊഴിലാളി ഒരേ സ്ഥാപനത്തിൽ നാലുവർഷവും 11 മാസവും പൂർത്തിയാകുന്ന മുറയ്ക്ക് മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കണം. എന്നാൽ തൊഴിൽ കരാറിന്റെ കാലാവധി അഞ്ചുവർഷത്തിലധികമാണെങ്കിൽ നോട്ടീസ് കാലാവധി 60 ദിവസമായിരിക്കും.

കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ലാത്ത ഏതു കമ്പനിക്കും കൃത്യമായ വീസയുണ്ടെങ്കിൽ മറ്റുകമ്പനികളിൽ ജോലി ചെയ്തിരുന്നവരെ നിയമിക്കുന്നതിൽ യാതൊരു തടസവും ഉണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. തർക്കങ്ങളുയർന്നാൽ മന്ത്രാലയം അനുരഞ്ജന ചർച്ചയ്ക്കു അവസരമൊരുക്കും. ഈ ചർച്ചയിൽ ബന്ധപ്പെട്ട എല്ലാവരും ആവശ്യമായ ഔദ്യോഗികരേഖൾ ഹാജരാക്കണം. ഇക്കാര്യത്തിൽ അന്തിമതീരുമാനം മന്ത്രാലയത്തിന്റേതാവും.

തൊഴിൽ മാറ്റം സംബന്ധിച്ച എല്ലാ അപേക്ഷകളും അംഗീകാരങ്ങളും തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള ചട്ടങ്ങൾക്കു വിധേയമായിരിക്കണം. തൊഴിൽ മാറ്റം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിട്ടാൽ ഭരണവികസന, തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ ടെക്നിക്കൽ സപ്പോർട്ട് വിഭാഗത്തെ 40 28 88 88 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.