ദോഹ: നാട്ടിൽ അവധിക്ക് പോയി തിരികെ പോരുമ്പോൾ മരുന്ന് കൈയിൽ കരുതാത്ത പ്രവാസികൾ കുറവാണ്. എന്നാൽ ഇനി മുതൽ ഖത്തറിൽ വരുന്നവർ മരുന്ന് കൈവശം വയ്ക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.മരുന്നുകളുടെ കൃത്യമായ വിവരം രേഖപ്പെടുത്തിയ ഡോക്ടറുടെ കുറിപ്പടിയില്ലാത്തതിന്റെ പേരിൽ ഖത്തറിലെത്തിയ നിരവധി പ്രവാസികൾ പിടിയിലായതായാണ് വിവരം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മലയാളികളുൾപ്പെടെ നിരവധി പേരാണ് ഖത്തർ ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ പിടിയിലായത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയതാണ് മലയാളികൾ ഉൾപ്പെടെ നിരവധി പേർ പിടിയിലാകാൻ കാരണം.

ഇതു സംബന്ധിച്ച് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത്(ഇന്നത്തെ പൊതുജനാ രോഗ്യ മന്ത്രാലയം) 2014 നവംബർ പതിനെട്ടിന് പുറപ്പെടുവിച്ച സർക്കുലർ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പല മരുന്നുകളിലും ഉയർന്ന തോതിലുള്ള ലഹരിയുടെ അംശം അടങ്ങിയതാണ് മരുന്നുമായി വരുന്നവർ പിടിയിലാകാൻ കാരണമെന്നാണറിയുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മയക്ക് മരുന്ന് കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി കൾശനമായ പരിശോധനയാണ് കസ്റ്റംസ് അധികൃതർ നടത്തുന്നത്. ചെറിയ സംശയമുള്ളവരെ പോലും പരിശോധന നടത്തിയാണ് അധികൃതർ പുറത്തേക്ക് വിടുന്നത്.

1987 ൽ തയ്യാറാക്കിയ നിയമം അനുസരിച്ച് നിരോധിച്ച മരുന്ന് രാജ്യത്തുകൊണ്ടുവരാൻ പാടില്ല. അത്തരം മരുന്ന് കൊണ്ട് വരുന്നതിന് ഫാർമകോളജി ആൻഡ് ഡ്രഗ് കൺട്രോൾ വകുപ്പിന് അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കുന്ന വ്യക്തിയുടെ ഉപയോഗത്തിന് മാത്രം മരുന്ന് കൊണ്ടുവരുന്നതിനുള്ള അനുമതിയാണ് നൽകുക. അപേക്ഷയോടൊപ്പം ചികിത്സിക്കുന്ന ഡോക്ടർ അറ് മാസത്തിനുള്ളിൽ നൽകിയ മെഡിക്കൽ റിപ്പോർട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുണ്ടാകണം.

രോഗിയുടെ വ്യക്തിഗത വിവരം, പരിശോധനാ റിപ്പോർട്ട്, ചികിത്സാ കാലാവധി, മരുന്ന് കുറിപ്പ്, മരുന്നിന്റെ ശാസ്ത്രീയ നാമം, തരം, അളവ് എന്നിവയും അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തണം. രോഗിയുടെ പേരിൽ ആശുപത്രിയിൽ നിന്ന് സാക്ഷ്യപ്പെടുത്തിത്തരുന്ന കുറിപ്പും
ഒപ്പം ചേർക്കണം. ആ കുറിപ്പിൽ രോഗ പരിശോധന, മരുന്നിന്റെ ശാസ്ത്രീയ നാമം, തരം, അളവ്, ചികിത്സാ കാലാവധി, ആശുപത്രിയുടെ മുദ്ര എന്നിവ ഉണ്ടായിരിക്കണം. സ്വന്തം ഉത്തരവിദത്വ ത്തിൽ രോഗി മാത്രമേ മരുന്ന് ഉപയോഗിക്കുകയുള്ളൂവന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം.

രോഗിയുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും അപേക്ഷയോടൊപ്പം വെക്കണം. മരുന്നിന്റെ കാലാവധി അനുസരിച്ചാണ് അത് കൈവശം വെക്കുന്നതിനുള്ള അനുമതി നൽകുക. മരുന്ന് കഴിഞ്ഞാൽ അത് തുടരേണ്ടതുണ്ടോ എന്ന് രോഗി സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ ഉപദേശം തേടണം. അത് തുടരണമെങ്കിൽ ആശുപത്രിയുടെ സഹായത്തോടെ പുതിയ മെഡിക്കൽ ഫയൽ തയ്യാറാക്കണം. അത് ആശുപത്രി അധികൃതർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

പ്രദേശിക ഫാർമസികളിൽ നിന്ന് ആവശ്യത്തിനുള്ള മരുന്ന് ലഭിക്കുകയും ചെയ്യും. പ്രാദേശികമായി ലഭിക്കുന്നില്ലെങ്കിൽ വകുപ്പിന്റെ അംഗീകാരത്തോടെ ഫാർമസിയുമായി ചേർന്ന് എത്തിക്കാം. ഇഞ്ചക്ഷനുകൾ രോഗികൾക്കായി പ്രാദേശിക ആശുപത്രിയുടെ സഹായത്തോടെ എത്തിക്കാം. എന്നാൽ അക്കാര്യം ആശുപത്രി രേഖയിൽ വ്യക്തമാക്കിയിരിക്കണം. ഖത്തറിൽ നിന്ന്‌പോകുന്ന രോഗികൾ മരുന്ന് കൈവശം വെക്കുന്നതിനും ഈ മാനദണ്ഡം പാലിക്കണം.

30 ദിവസത്തെ മരുന്ന് കരുതാൻ മാത്രമേ അവരെ അനുവദിക്കു. രോഗികൾക്ക് ഒരു തവണ മരുന്ന് കൊണ്ടുവരാൻ അനുമതി ലഭിച്ചാൽ പിന്നീട് ഓരോതവണയും അത് ലഭിക്കും. അലോപ്പതി, ആയുർവേദ മരുന്നുകളുമായെത്തിയ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ നാടുകടത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡോക്ടർമാരുടെ കുറിപ്പടികളില്ലാതെയും കൂടിയ അളവിലും മരുന്നുമായെത്തിയവരാണ് നാടു കടത്തപ്പെട്ടവരിൽ അധികവും. ഇംഗ്ലീഷ് മരുന്നുകൾക്ക് പുറമെ ആയുർവേദ ഹോമിയോ മരുന്നുകളിലും വിലക്കപ്പെട്ടഘടകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ പിടിക്കപ്പെടും.