ഖത്തറിൽ പ്രവാസികളായ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വീണ്ടും വെട്ടിച്ചുരുക്കാൻ നീക്കം. ഖത്തറിൽ ഉയർന്ന ശമ്പളം പറ്റുന്ന വിദേശികളായ ഗവൺമെന്റ് ജീവനക്കാർക്ക് സർക്കാർ സൗജന്യമായി പാർപ്പിട സൗകര്യം അനുവദിക്കുന്നത് നിർത്താനാണ് പുതിയ തീരുമാനം. പുതിയ നിയമഭേദഗതി പ്രകാരം ഉയർന്ന വേതനമുള്ള ഖത്തരികളല്ലാത്ത വിദേശതൊഴിലാളികൾക്ക് സർക്കാർ വക ഭവനങ്ങൾ താമസത്തിനായി നൽകില്ല.

എണ്ണവിലയിടിവിന്റെ സാഹചര്യത്തിൽ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് സർക്കാർ സ്ഥാപനങ്ങളിലും പ്രമുഖ കമ്പനികളിലും ജോലി ചെയ്യുന്നവർക്കുള്ള അലവൻസുകൾ വെട്ടിക്കുറക്കാൻ തീരുമാനിച്ചത്. ഇതിന്റെ തുടർച്ച തന്നെയാണ് സർക്കാർ സർവ്വീസുകളിൽ ഉയർന്ന വേതനം കൈപറ്റുന്ന വിദേശികൾക്കുള്ള സൗജന്യ പാർപ്പിട സൗകര്യം നിർത്തലാക്കുന്നത്. പുതിയ ഭേദഗതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ പാർപ്പിടകെട്ടിട വകുപ്പ് ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞതായി പ്രമുഖ അറബി പത്രം റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, മന്ത്രാലയവും ജീവനക്കാരും ഒപ്പുവച്ച തൊഴിൽ കരാറിൽ വ്യക്തമാക്കിയ ഹൗസിങ് അലവൻസുകൾ തുടർന്നും ലഭ്യമാകും.ജീവനക്കാർക്കായി നേരത്തെ നൽകിയ കരാറുകൾ പുനപരിശോധിക്കാനും പുതിയ നിയമഭേദഗതികൾ പ്രകാരം തിരുത്തലുകൾ വരുത്താനുമായി വിവിധ മന്ത്രാലയളോട് മന്ത്രിസഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള വേതന മാനദണ്ഡങ്ങൾ പ്രകാരം ഏഴാം ഗ്രേഡിലും അതിനുമുകളിലുമുള്ള ഖത്തരികളല്ലാത്ത ജീവനക്കാർക്ക് ഗവൺമെന്റ് വക പാർപ്പിടങ്ങളോ തത്തുല്യ വീട്ടുവാടക അലവൻസുകളോ നൽകും. എട്ടും ഒമ്പതും ഗ്രേഡിലുള്ളവർക്ക് വീട്ടുവാടക അലവൻസുകൾ മാത്രമാണ് നൽകുക. പത്താം ഗ്രേഡിലുള്ളവർക്ക് വീട്ടുവാടക അലവൻസോ അല്‌ളെങ്കിൽ കുടുംബമില്ലാതെ തനിച്ചു താമസിക്കുന്നവർക്ക് സൗജന്യമായി താമസ സൗകര്യമോ നൽകുകയാണ് രീതി. എണ്ണ വിലയിടിവിനത്തെുടർന്ന് രാജ്യത്തെ വിവിധ കമ്പനികളും ഗവൺമെന്റ് സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നത് തുടരുന്നുണ്ട്.