കേരളത്തിൽ നിന്നും പ്രവാസി നാട്ടിലെത്തി കുടുംബവുമൊന്നിച്ച് താമസിക്കുന്ന വീട്ടമ്മമാർ ഒരുമിച്ച് ചേർന്ന് മരുഭൂമിയിലും കൃഷിചെയ്തപ്പോൾ വിളഞ്ഞത് നൂറുമേനി. ശഹാനിയ്യയിലെ അൽ ദൂസരി പാർക്കിൽ 'അടുക്കളത്തോട്ടം' ഫേസ്‌ബുക് കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട്ടമ്മമാർ ആരംഭിച്ച കൃഷി വിളവെടുത്തുതുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ മരുഭൂമിയിൽ വിത്തിറക്കിയ ഖത്തറിലെ വീട്ടമ്മമാർ ആണ് ഇപ്പോൾ കൃഷിയിൽ നൂറ് മേനി കൊയ്തത്. അടുക്കളത്തോട്ടം ദോഹ എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് വിളവെടുപ്പുൽസവം ആഘോഷമാക്കിയത്.

ഉൽസവാന്തരീക്ഷത്തിൽ നടന്ന വിളവെടുപ്പിൽ കൂട്ടായ്മയിലെ അൻപതോളം അംഗങ്ങൾ പങ്കെടുത്തു. സന്ദർശകരായി പാർക്കിലെത്തിയവരും ഒപ്പം ചേർന്നു. അടുക്കളത്തോട്ടം അംഗങ്ങൾക്കും കേട്ടറിഞ്ഞെത്തിയവർക്കും പാർക്കിലെ ജീവനക്കാർക്കുമായി പച്ചക്കറികൾ വീതിച്ചു. നെല്ല് ഉൾപ്പെടെ അറുപതിലേറെ ഇനങ്ങളാണ് അൽദോസരി പാർക്ക് ഉടമ സൗജന്യമായി അനുവദിച്ച ഭൂമിയിൽ കൃഷി ചെയ്തത്. ചിലതു കരിഞ്ഞു പോയെങ്കിലും നാൽപതിലേറെ പച്ചക്കറികൾ നന്നായി വളരുന്നുണ്ട്. മത്തൻ, കുമ്പളം, ചുരയ്ക്ക, വെള്ളരിക്ക, പാവൽ, പടവലം, പയർ, റാഡിഷ്, തക്കാളി, വഴുതന, കൂസ, മല്ലി, സാലഡ് വെള്ളരി തുടങ്ങിയവയാണ് ആദ്യഘട്ടമായി ഇന്നലെ വിളവെടുത്തത്.

കോളി ഫ്‌ളവർ, അമര വയലറ്റും വെള്ളയും, പാവക്ക, പടവലം, ചീര പച്ചയും ചുവപ്പും, പയർ, പീച്ചിങ്ങ, വഴുതനങ്ങ, ഗോതമ്പ്, കപ്പലണ്ടി, കടല, കാബേജ്, കാരറ്റ്, വെള്ളരി, റാഡിഷ്, ചുരക്ക, ചെറിയുള്ളി, സവാള, മൂന്നിനം ചേമ്പ്, ഷുഗർ ഫ്രീ കപ്പയും സാധാരണ കപ്പയും, കുമ്പളം, മത്തൻ, ഉലുവ തുടങ്ങിയവയെല്ലാം ഇവരുടെ കൃഷിയിടത്തിലുണ്ട്.

ഒക്ടോബർ 18ന് കൃഷിമന്ത്രി കെ.പി. മോഹനൻ നെൽവിത്ത് വിതച്ചാണ് കൃഷിക്ക് തുടക്കമിട്ടത്. എന്നാൽ, ഇത് നല്ല രീതിയിൽ മുളക്കാത്തതിനാൽ നാട്ടിൽ നിന്ന് വീണ്ടും ജ്യോതി വിത്തുകൾ കൊണ്ടുവന്ന് നട്ടു. ഇപ്പോഴിത് നല്ല രീതിയിൽ വളരുന്നുണ്ട്.കൂട്ടായ്മയുടെ നേതൃനിരയിലുള്ള അംബര പവിത്രൻ, മീന ഫിലിപ്, ജിഷ കൃഷ്ണ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ്. അമീർ കോയ, സലിം ബാബു, പ്രകാശ്, റംല സമദ്, മറിയാമ്മ തോമസ് തുടങ്ങിയ സജീവ അംഗങ്ങളും ഒപ്പം ചേർന്നു.

ദൂസരി പാർക്ക് ഉടമയായ മുഹമ്മദ് അൽ ദൂസരി സൗജന്യമായാണ് ഇവർക്ക് കൃഷി ചെയ്യാൻ സ്ഥലവും വെള്ളവും വളവുമെല്ലാം നൽകിയത്.