ത്തറിലെ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഗുണകരമാകുന്ന പുതിയ വിസ നിയമം കൊണ്ടുവരുമെന്ന് റിപ്പോർട്ട്. പ്രവാസികൾക്ക് രക്ഷിതാക്കളടക്കം കുടുംബത്തെ കൊണ്ട് വരുന്നതിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള വിസാ ചട്ടങ്ങൾ കുടുംബ വിസക്ക് സമാനമാക്കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് അസി. ഡയറക്ടർ ബ്രിഗേഡിയർ നാസ്സർ ജാബിർ അൽ അത്തിയ പറഞ്ഞു.

ഖത്തറിലേക്കുള്ള പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പുതിയ തൊഴിൽ-കുടിയേറ്റ നിയമ പ്രകാരം രക്ഷിതാക്കൾക്കുള്ള വിസ വ്യവസ്ഥകൾ കുടുംബ വിസക്ക് സമാനമാക്കിയതായാണ് അധികൃതർ അറിയച്ചത്.

ഇതിനായി രക്ഷിതാക്കളുടെ ഏക ആശ്രയമാണ് അപേക്ഷകനെന്ന് തെളിയിക്കേണ്ടി വരും. മാത്രമല്ല രക്ഷിതാക്കൾക്ക് വിസ ലഭിക്കാൻ യോഗ്യതയുള്ള നിശ്ചിത വിഭാഗത്തിലാണോ ജോലി ചെയ്യുന്നതെന്നും ഉറപ്പാക്കണം. പ്രവാസികൾക്ക് അവരുടെ കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ ലഘൂകരിക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി ചില വ്യവസ്ഥകൾ മാറ്റുകയോ പരിഷ്‌കരിക്കുകയോ ആണ് ചെയ്തതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് അസി. ഡയറക്ടർ ബ്രിഗേഡിയർ നാസ്സർ ജാബിർ അൽ അത്തിയ പറഞ്ഞു.

അതേസമയം സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് കുടുംബ വിസ ലഭിക്കുന്നതിന് കുറഞ്ഞത് പ്രതിമാസം 7,000-10,000 റിയാൽ ശമ്പളം നിർബന്ധമാണ്. വിദേശത്ത് നിന്ന് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ പുതിയ നിയമത്തിൽ വ്യത്യാസങ്ങളുണ്ട്. എന്നാൽ കുടുംബ വിസയിലെ വ്യവസ്ഥകളിലോ ഭാര്യക്കും മക്കൾക്കുമുള്ള താമസാനുമതി രേഖയിലോ വ്യത്യാസം വരുത്തിയിട്ടില്ല.